2022, ഫെബ്രുവരി 6, ഞായറാഴ്‌ച

സിവിൽ സർവീസ്: ഏതു പ്രായത്തിൽ പരിശീലനം തുടങ്ങണം?ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ സിവിൽ  സർവീസുകളിൽ ഒന്നിലെ ജോലി ലക്ഷക്കണക്കിന് യുവതീയുവാക്കളുടെ സ്വപ്നമാണ്. എന്നാൽ ഏതു പ്രായത്തിൽ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പ് തുടങ്ങണം എന്ന കാര്യത്തിൽ മിക്കവർക്കും ശരിയായ ധാരണയില്ല; പ്രത്യേകിച്ച് മലയാളികൾക്ക്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അഥവാ യു പി എസ് സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷ പാസാകുന്ന ഉദ്യോഗാർഥി കൾക്കാണ് ഐ എഎസ്, ഐപിഎസ്പോലുള്ള 24 സിവിൽ സർവീസ് വിഭാഗങ്ങളിൽ നിയമനം ലഭിക്കുന്നത്. 21 വയസ്സാണ് പരീക്ഷ എഴുതാനുള്ള കുറഞ്ഞ പ്രായപരിധി. ഉയർന്ന പ്രായപരിധി ജനറൽ വിഭാഗത്തിന് 32, മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 35, SC/ST വിഭാഗഗക്കാർക്ക് 37 എന്നിങ്ങനെയാണ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് സിവിൽസർവീസ് പരീക്ഷയ്ക്കുള്ള അടിസ്ഥാനയോഗ്യത.

ഇരുപത്തിയൊന്നാമത്തെ വയസ്സിൽ പരീക്ഷ വിജയിച്ചാൽ ചെറുപ്പത്തിൽ തന്നെ കേന്ദ്ര ഗവൺമെൻറ് സർവീസിൽ എത്താമെന്ന് യുപിഎസ് സി പറയുന്നു. ചെറുപ്പത്തിലേ കേന്ദ്ര ഗവൺമെൻറ് സർവീസിൽ എത്തുന്നവർക്ക് കരിയർ സാധ്യതകൾ വളരെ വലുതാണ്. ക്യാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി, ഡിജിപി, അംബാസിഡർ തുടങ്ങിയ ഉയർന്ന പദവികളിൽ എത്താൻ ഇരുപതുകളുടെ തുടക്കത്തിൽ തന്നെ സിവിൽ സർവീസിൽ എത്തേണ്ടതുണ്ട്.എന്നാൽ നമ്മുടെ നാട്ടിലെ മാതാപിതാക്കൾക്കോ കുട്ടികൾക്കോ മെഡിസിനോ എൻജിനീയറിങ്ങോ അല്ലാത്ത മറ്റു കരിയറുകളെ പറ്റി വലിയ ധാരണയൊന്നുമില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ വിലപ്പെട്ട വർഷങ്ങൾ പലതും പാഴാക്കി വളരെ വൈകിയാണ് പലർക്കും സിവിൽ സർവീസ് ഒന്നു ശ്രമിക്കാം എന്ന് തോന്നുന്നത്.

തയാറെടുപ്പ് 18 വയസ്സിൽ എങ്കിലും തുടങ്ങേണ്ടേ? 

ഇരുപത്തിയൊന്നാമത്തെ വയസ്സിൽ തന്നെ സിവിൽ സർവീസിൽ എത്തണമെന്ന് താൽപര്യമുള്ളവർ അതിനുള്ള തയാറെടുപ്പ് 18 വയസ്സിൽ എങ്കിലും തുടങ്ങണം. ചരിത്രം, ഭൂമിശാസ്ത്രം, ഇന്ത്യൻ ഭരണഘടന, സാമ്പത്തികശാസ്ത്രം, പാരിസ്ഥിതിക ശാസ്ത്രം, ശാസ്‌ത്ര സാങ്കേതിക വിദ്യ ,സാമൂഹ്യശാസ്‌ത്രം, നീതിശാസ്‌ത്രം, വര്‍ത്തമാനകാല സാമൂഹ്യ രാഷ്‌ട്രീയ സംഭവങ്ങള്‍ തുടങ്ങി പതിനഞ്ചോളം വിഷയങ്ങൾ പഠിക്കേണ്ടതായിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് ഒന്ന് രണ്ടു വർഷത്തെ മുൻകൂർ തയാറെടുപ്പ് തീർച്ചയായും വേണം. എന്നിരുന്നാൽ പോലും ആദ്യ ശ്രമത്തിൽ തന്നെ പരീക്ഷ വിജയിക്കണമെന്നില്ല. പല മിടുക്കരും നാലാമത്തെയോ അഞ്ചാമത്തെയോ പരിശ്രമത്തിലാണ് പലപ്പോഴും വിജയിക്കുന്നത്. കാരണം ഇന്ത്യയിലെ തന്നെ സമർഥരായ പത്തുലക്ഷത്തിലധികം ഉദ്യോഗാർഥികളോടാണ് ഈ മത്സരം. എല്ലാ സർവീസിലേക്കും കൂടെയുള്ള ഒഴിവുകൾ ആകട്ടെ ആയിരത്തിൽ താഴെയും. ഒരു ശതമാനത്തിൽ താഴെയാണ് ആണ് തിരിഞ്ഞെടുക്കപ്പെടുന്നവരുടെ അനുപാതം!

സ്കൂൾ തലംമുതൽ തുടങ്ങാം 

 സ്കൂൾതലം മുതൽക്കു തന്നെ കുട്ടികൾ സിവിൽ സർവീസിന് ഒരുങ്ങണം എന്നു  കരുതുന്ന വിഭാഗവും അതല്ല കുട്ടികൾക്ക് ഇത് ഒരു അമിതഭാരം ആവും എന്ന് കരുതുന്ന മറ്റൊരു വിഭാഗവും ഉണ്ട്. കുട്ടികൾക്ക് അമിതഭാരം ആവാതെ ഹൈസ്കൂൾ തലം തൊട്ട് എങ്കിലും സിവിൽ സർവീസ് ലക്ഷ്യംവച്ചുകൊണ്ടുള്ള ചില തയാറെടുപ്പുകൾ തുടങ്ങാം എന്നതാണ് സത്യം. ഇതിനായി സ്കൂൾ സിലബസിലുള്ള പാഠപുസ്തകങ്ങൾ തന്നെയാണ് ആദ്യം പഠിക്കേണ്ടത്. പ്രത്യേകിച്ച് മാനവിക വിഷയങ്ങൾ. എൻ സി ആർ ടി യുടെ 6 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഇത് സ്കൂൾ പരീക്ഷയ്ക്കും ഉയർന്ന മാർക്ക് ലഭിക്കാനിടയാകും. പാഠ്യപദ്ധതിയുടെ പുറത്ത് ഉപന്യാസരചന, പ്രസംഗമത്സരം പോലുള്ള കാര്യങ്ങളിൽ ഏർപ്പെടുന്നതും ഒരു ദിനപത്രം കൃത്യമായി വായിക്കുന്നതും വളരെ ഗുണം ചെയ്യും.

കോളേജ് കാലം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം? 

ഗൗരവത്തിൽ ഉള്ള പരിശീലനം കോളേജ് കാലംതൊട്ട് തുടങ്ങണം. സിവിൽ സർവീസ് പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള കൃത്യമായ പഠനരീതി 18 വയസോടുകൂടി ആരംഭിക്കണം. എൻ സി ആർ ടി ടെക്സ്റ്റ് ബുക്കുകൾക്കു പുറമേ നിരവധി സ്റ്റാൻഡേർഡ് റഫറൻസ് ഗ്രന്ഥങ്ങൾ ഉണ്ട്. ഇവ ഓൺലൈനായി വാങ്ങി വായിക്കാവുന്നതാണ്. പ്രിലിമിനറി പരീക്ഷയുടെയും മെയിൻ പരീക്ഷയുടെയും മാതൃകാ ചോദ്യപേപ്പറുകൾ സമയബന്ധിതമായി പരിശീലിക്കുന്നത് അത്യാവശ്യമാണ്. സിവിൽ സർവീസ് പരീക്ഷയ്ക്ക് മികച്ച രീതിയിൽ കുട്ടികളെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളിൽ (ഓൺലൈൻ/ ഓഫ്‌ലൈൻ) തയാറെടുപ്പ് നടത്തുന്നതും പരിഗണിക്കാവുന്നതാണ്. 

താമസിച്ചു പോയോ? വിഷമിക്കേണ്ട! 

എത്രയും നേരത്തെ സിവിൽ സർവീസ് പരിശീലനം ആരംഭിക്കുന്നതാണ് നല്ലതെങ്കിലും എല്ലാവരെയും കൊണ്ട് ഇത് സാധിക്കണമെന്നില്ല. ഉയർന്ന പ്രായ പരിധി കഴിഞ്ഞിട്ടില്ലെങ്കിൽ എപ്പോൾ അവസരം കിട്ടുന്നോ അപ്പോൾ പരിശീലനം തുടങ്ങണം. പ്രായം ജോലി കിട്ടാൻ ഒരു ഒരു തടസ്സമല്ല. നേരത്തെ തുടങ്ങിയോ എന്നുള്ളതിനേക്കാൾ വിജയിക്കാൻ സാധ്യതയുള്ള മാർഗ്ഗത്തിലൂടെയാണോ നിങ്ങൾ സഞ്ചരിക്കുന്നത് എന്നുള്ളതാണ് പ്രധാനം. വൈകിയാണെങ്കിലും എത്തിപ്പെട്ടാൽ തക്കതായ മൂല്യമുള്ള ഒന്നാണ് സിവിൽ സർവീസ്. ഇന്ന് നിരവധി മലയാളികൾ സിവിൽ സർവീസിലേക്ക് എത്തുന്നുണ്ട്. കുറെക്കൂടി അവബോധം ഉണ്ടെങ്കിൽ ചെറുപ്പത്തിൽ തന്നെ കേന്ദ്ര സർവീസിൽ എത്തുന്ന മലയാളികളുടെ എണ്ണം ഇനിയും കൂട്ടാൻ സാധിക്കും. മറ്റൊന്നു കൂടി പറഞ്ഞുകൊള്ളട്ടെ: സിവിൽ സർവീസ് പരീക്ഷ വിജയിച്ചാലും ശരി ഇല്ലെങ്കിലും ശരി ജീവിതത്തിൽ വിജയിക്കുക എന്നുള്ളതാണ്  പരമപ്രധാനം. ഈ പരീക്ഷയെ ഗൗരവമായി സമീപിച്ചവർ ജീവിതത്തിൽ വിജയിക്കും എന്നുള്ളതിൽ സംശയമില്ല!...

0 comments: