എന്നാൽ, മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. നിയമ ലംഘകരെ പിടിച്ചാൽ അപ്പോൾ തന്നെ ലൈസൻസും റദ്ദാക്കും. റോഡ് നിയമങ്ങൾ ലംഘിക്കുന്നവരുടെ ലൈസൻസ് ഉടനടി റദ്ദാക്കാൻ ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന ഉത്തരവ് ഗതാഗത കമ്മിഷണർ പുറത്തിറക്കി.
അതേസമയം, മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത്. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ജില്ലയിലെ വാഹന അപകടങ്ങൾ വലിയ തോതിൽ കുറയ്ക്കാൻ പുതിയ ഭേദഗതി വഴി വയ്ക്കും എന്ന പ്രതീക്ഷയിലാണ് എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ. ഏതു രീതിയിൽ ഇതു നടപ്പാക്കും എന്ന് വ്യക്തത വരണം എങ്കിൽ ഉത്തരവിന്റെ അനുബന്ധ നടപടി ക്രമങ്ങൾ കൂടി പുറത്തു വരണം എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ജില്ലയിൽ ആകെ നടക്കുന്ന വാഹനാപകട മരണങ്ങളിൽ 65% ഇരു ചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ടതാണെന്നു കഴിഞ്ഞ വർഷം നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.
ഇങ്ങനെ ഇതിൽ തന്നെ 99% പേരും ഹെൽമറ്റ് ധരിക്കാത്തവരോ ശരിയായ രീതിയിൽ ധരിക്കാത്തവരോ ആണ്. അപകട കാരണം വലിയ വാഹനങ്ങളുടെ പിഴവാണെങ്കിലും പലപ്പോഴും മരണം സംഭവിക്കുന്നത് ഇരുചക്ര വാഹന യാത്രക്കാർക്കാർക്കാണ്. പല രീതിയിൽ ബോധവൽക്കരണം നടത്തിയിട്ടും ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവരിൽ മലപ്പുറം ജില്ലക്കാർ മുന്നിൽ തന്നെയുണ്ട്.
അതേസമയം, കഴിഞ്ഞ വർഷം ജില്ലയിൽ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ വന്നതു ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനമോടിച്ചതിനാണ്. 10,302 പേർക്കെതിരെയാണു കേസെടുത്തത്. ഇവരിൽ നിന്നായി 51.51 ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്തു. നിലവാരമില്ലാത്ത ഹെൽമറ്റ് ഉപയോഗിച്ചതിനു 21 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനമോടിച്ചതിനു പിടിക്കപ്പെട്ടവർ രണ്ടായിരം മാത്രമാണ്. എന്നാൽ, റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണു ഗതാഗത കമ്മിഷണറുടെ ഉത്തരവ്. നിലവിൽ പരിശോധനയ്ക്കിടെ പിടികൂടുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കുക മാത്രമാണു എൻഫോഴ്സ്മെന്റ് വിഭാഗം ചെയ്യുന്നത്.
ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ അതാത് ആർടിഒകളാണു ചെയ്യുന്നത്. നിയമ ലംഘനത്തിനു പിടിക്കപ്പെട്ടാലും വിശദീകരണം ചോദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ പാലിച്ചാണു നിലവിൽ ലൈസൻസ് റദ്ദാക്കിയിരുന്നത്. പുതിയ ഉത്തരവോടെ, നിയമലംഘനം പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥന് പിഴ ഈടാക്കുന്നതിനൊപ്പം ലൈസൻസ് റദ്ദാക്കാനും അധികാരമുണ്ടാകും.
അമിത വേഗം, അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്, മദ്യപിച്ചു വാഹനമോടിക്കുക, അനുമതിയില്ലാതെ റേസിങ് നടത്തുക, സുരക്ഷിതമല്ലാത്ത വാഹനമോടിക്കൽ, ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കൽ, ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾക്കു വഴി മാറിക്കൊടുക്കാതിരിക്കൽ എന്നിവ തത്സമയം ലൈസൻസ് റദ്ദാക്കപ്പെടാനുള്ള കാരണങ്ങളാണ്. അതേസമയം, ഇടുക്കിയിലെ വാഹനപരിശോധനയിൽ ഒരാഴ്ചയ്ക്കിടെ റജിസ്റ്റർ ചെയ്തത് 831 കേസുകൾ. വിവിധ കേസുകളിലായി ആകെ 15,55,750 രൂപ പിഴ ചുമത്തി. ജില്ലയിൽ വാഹനാപകടങ്ങളും മരണനിരക്കും വർധിച്ച സാഹചര്യത്തിലാണ് വാഹന പരിശോധന ഉൾപ്പെടെ നടപടികൾ കർശനമാക്കിയത്.
ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചത്, ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ചത്, പിൻസീറ്റ് യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തത്, ഹെൽമറ്റ് സ്ട്രാപ് ശരിയായ വിധം ധരിക്കാത്തത്, ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഉപയോഗിച്ചത്, റജിസ്ട്രേഷൻ നമ്പർ വ്യക്തമായി പ്രദർശിപ്പിക്കാത്തത്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള ഡ്രൈവിങ്, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം എന്നിങ്ങനെയുള്ള വിവിധ നിയമ ലംഘനങ്ങളാണ് പിടികൂടിയത്. തൊടുപുഴയിലാണ് ഏറ്റവും കൂടുതൽ കേസുകൾ.
0 comments: