2022, ഫെബ്രുവരി 15, ചൊവ്വാഴ്ച

'ഓപ്പറേഷന്‍ സൈലന്‍സി'ല്‍ ആദ്യദിനം രജിസ്റ്റര്‍ ചെയ്തത് 343 കേസുകള്‍; ഒരോ നിയമലംഘനങ്ങള്‍ക്കും പിഴ 5000 രൂപ വീതം; മത്സരയോട്ടങ്ങള്‍ക്കും ബൈക്ക് അഭ്യാസങ്ങള്‍ക്കും വേദിയാകുന്ന സ്ഥലങ്ങള്‍ നിരീക്ഷണത്തില്‍

 

മോട്ടോര്‍വാഹന വകുപ്പിന്റെ പ്രത്യേക പരിശോധനയായ 'ഓപ്പറേഷന്‍ സൈലന്‍സി'ല്‍ ആദ്യദിനം രജിസ്റ്റര്‍ ചെയ്തത് 343 കേസുകള്‍.51 പേരില്‍ നിന്ന് പരിശോധനയിലൂടെ ഈടാക്കിയത് 1,70,500 രൂപ. സൈലന്‍സറില്‍ മാറ്റംവരുത്തി അമിതശബ്ദമുണ്ടാക്കിയ വാഹനങ്ങള്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

നിലവില്‍ ഒരോ നിയമലംഘനങ്ങള്‍ക്കും 5000 രൂപവീതമാണ് പിഴ ഈടാക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും പരിശോധന. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ രണ്ടെണ്ണം കോടതിക്കു കൈമാറി. ബാക്കിയുള്ളവയ്ക്ക് 17,45,500 രൂപ പിഴചുമത്തി. ഇത് ഓഫീസുകള്‍ മുഖാന്തര ഈടാക്കും. തിങ്കളാഴ്ച ആരംഭിച്ച പരിശോധനയില്‍ സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റിലെയും ഓഫീസ് വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണുണ്ടായത്.

മത്സരയോട്ടങ്ങള്‍ക്കും ബൈക്ക് അഭ്യാസങ്ങള്‍ക്കും വേദിയാകുന്ന സ്ഥലങ്ങളില്‍ രാത്രിയുള്‍പ്പടെയാണ് പ്രത്യേക പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. സൈലന്‍സറില്‍ മാറ്റം വരുത്തുന്നതിനു പുറമേ, ഹെഡ് ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാന്‍ഡില്‍ ബാര്‍ മാറ്റം വരുത്തുക, അനധികൃത രൂപം മാറ്റല്‍ തുടങ്ങിയവയ്ക്കെതിരെയും നടപടി സ്വീകരിക്കുന്നുണ്ട്.

പരിശോധനയില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും, വാഹനങ്ങള്‍ പഴയ പടിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമാണ് ചെയ്യുന്നത്. ഇത് അനുസരിക്കാത്തവരുടെ രജിസ്ട്രേഷന്‍ റദ്ധാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറയുന്നണ്ട്. പരിസര, ശബ്ദ മലിനീകരണം എന്നിവ കൂടാതെ വാഹനങ്ങളില്‍ കേടുപാടുകള്‍ക്കും രൂപമാറ്റം കാരണമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനകളില്‍ നിന്ന് രക്ഷപ്പെടുന്നതിനു ബൈക്കിന്റെ നമ്ബര്‍ പ്ലേറ്റുകള്‍ അകത്തേക്ക് മടക്കിവച്ചാണ് ഫ്രീക്കന്മാര്‍ നിരത്തുകളില്‍ പായുന്നത്. ഇത്തരത്തിലുള്ള ബൈക്കുകളും ഇന്നലെ പിടിച്ചെടുത്തിട്ടുണ്ട്. ബൈക്കുകളില്‍ ലൈസന്‍സില്ലാതെ ചീറി പായുന്ന കുട്ടിഡ്രൈവര്‍മാരും ഏറെയാണ്.

പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ വാഹനം ഓടിക്കുന്നത് പരിശോധനയില്‍ കണ്ടെത്തിയാല്‍ കുട്ടിയുടെ രക്ഷകര്‍ത്താക്കളോ വാഹന ഉടമയോ രണ്ടു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയോ 25,000 രൂപ പിഴ അടയ്ക്കുകയോ ചെയ്യേണ്ടിവരും. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും കൂടാതെ വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ് വരെ ലൈസന്‍സ് എടുക്കുവാനുള്ള അവസരവും നിഷേധിക്കും.

0 comments: