2022, ഫെബ്രുവരി 14, തിങ്കളാഴ്‌ച

കൈറ്റ് വിക്ടേഴ്സ് ക്ലാസുകള്‍ക്ക് പുതിയ സമയക്രമം; പത്താം ക്ലാസ് റിവിഷന്‍ ക്ലാസുകള്‍ തിങ്കള്‍ മുതല്‍

തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍  കൈറ്റ് വിക്ടേഴ്സ് വഴിയുള്ള 'ഫസ്റ്റ്ബെല്‍ 2.0’  ഡിജിറ്റല്‍ ക്ലാസുകളുടെ സമയക്രമം പഴയതുപോലെയാക്കി. 

എസ്.എസ്.എല്‍.സി

ഇന്ന് (തിങ്കള്‍) മുതല്‍ വൈകുന്നേരം 05.30 മുതല്‍ 07.00 മണി വരെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് പ്രയോജനപ്പെടുന്നവിധം ഒരു വിഷയം മൂന്നു ക്ലാസുകളിലായി അവതരിപ്പിക്കുന്ന റിവിഷന്‍ ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സില്‍ ലഭ്യമാക്കും.പിറ്റേന്ന് രാവിലെ 06.00 മണി മുതല്‍ 07.30 വരെ കൈറ്റ് വിക്ടേഴ്സിലും 08.00 മണി മുതല്‍ 09.30 വരെ കൈറ്റ് വിക്ടേഴ്സ് പ്ലസിലും റിവിഷന്‍ ക്ലാസുകളുടെ പുനഃസംപ്രേഷണം ഉണ്ടാകും. രണ്ടാഴ്ചകൊണ്ട് റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് ആദ്യം മുതല്‍ ലൈവ് ഫോണ്‍-ഇന്‍ വഴി സംശയ നിവാരണ പരിപാടികള്‍ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പത്താം ക്ലാസുകള്‍ക്കുള്ള ഓഡിയോ ബുക്കുകള്‍ ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.

ഹയര്‍ സെക്കണ്ടറി

പ്ലസ് വണ്ണിന് രാവിലെ 07.30 മുതല്‍ 09.00 മണിവരെ മൂന്നു ക്ലാസുകളായിരിക്കും കൈറ്റ് വിക്ടേഴ്സില്‍. ഇതിന്റെ പുനഃ സംപ്രേഷണം അടുത്ത ദിവസം 03.30 മുതല്‍ 05.00 മണി വരെ കൈറ്റ് വിക്ടേഴ്സ് പ്ലസിലും. പൊതുപരീക്ഷ ഉള്ള പ്ലസ്‍ടു ക്ലാസുകള്‍ അടുത്ത ആഴ്ചയോടെ പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് ക്രമീകരണം. ഫെബ്രുവരി 21 ന് റിവിഷന്‍ ക്ലാസുകളും ഓഡിയോ ബുക്കുകളും പ്ലസ്‍ടു ക്ലാസുകാര്‍ക്ക് തയ്യാറാക്കും.തിങ്കളാഴ്ച മുതല്‍ രാവിലെ 09.00 മണി മുതല്‍ 11.00 മണി വരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 01.30 വരെയുമായി ആറ് ക്ലാസുകളാണ് പ്ലസ്‍ടു വിഭാഗത്തിന്. ഇതിന്റെ പുനഃസംപ്രേഷണം രാത്രി 08.30 മുതല്‍ 11.30 വരെയും കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം വൈകുന്നേരം 05.00 മണി മുതല്‍ 08.00 മണിവരെയും ഇതേ ക്രമത്തിലുണ്ടാകും. മാര്‍ച്ച് രണ്ടാം വാരത്തോടെ പ്ലസ്‍ടു കുട്ടികള്‍ക്കുള്ള ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.

ഒന്‍പതുവരെ ക്ലാസുകള്‍

പ്രീ-പ്രൈമറി ക്ലാസുകള്‍ രാവിലെ 11.00മണിയ്ക്കും ഒന്‍പതാം ക്ലാസ് രാവിലെ 11.30 മുതല്‍ 12.30 വരെയും ആയിരിക്കും. ഒന്‍പതിനുള്ള രണ്ട് ക്ലാസുകളും കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 01.00 മുതല്‍ 02.00 മണി വരെ പുനഃസംപ്രേഷണം ചെയ്യും. എട്ടാം ക്ലാസ് ഉച്ചയ്ക്ക് 01.30 നാണ്. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ ഉച്ചയ്ക്ക് 02.00, 02.30, 03.00, 03.30, 04.00, 04.30, 05.00 എന്നീ ക്രമത്തിലാണ് കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം രാവിലെ 09.30 മുതല്‍ 01.00 മണി വരെ ഈ ക്ലാസുകള്‍ ഇതേ ക്രമത്തില്‍ പുനഃസംപ്രേഷണം ചെയ്യും. മുഴുവന്‍ ക്ലാസുകളും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കും.


0 comments: