2022, ഫെബ്രുവരി 12, ശനിയാഴ്‌ച

സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ ഉച്ച വരെ മാത്രം

 സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ക്ലാസുകൾ ഉച്ച വരെ മാത്രമായിരിക്കുമെന്ന് അറിയിപ്പ്. സ്കൂൾ തുറക്കൽ മുൻ മാർഗ്ഗരേഖ പ്രകാരമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ക്ലാസ് സമയം വൈകുന്നേരം വരെ നീട്ടുന്ന കാര്യം കൂടുതൽ ആലോചനകൾക്ക് ശേഷമേ തീരുമാനിക്കൂവെന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചർച്ച നടത്തും. തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമാകും മുഴുവൻ കുട്ടികളെയും സ്കൂളിൽ എത്തിക്കുക. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെ യോഗം ഉണ്ട്. പതിനാലാം തീയതി ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങും. ഓൺലൈൻ ക്ലാസുകൾ ശക്തിപ്പെടുത്താനും കൂടുതൽ പേരിലേക്ക് എത്തിക്കാനും ആണ് ആലോചനയെന്നും മന്ത്രി അറിയിച്ചു.

ഫെബ്രുവരി 14 മുതൽ 1 മുതൽ 9 വരെ ക്ലാസുകൾ വീണ്ടും ആരംഭിക്കുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എസ്എസ്എൽസിയിൽ ഏതാണ്ട് 90 ശതമാനവും ഹയർ സെക്കൻഡറിയിൽ 75 ശതമാനവും നിശ്ചയിച്ച പാഠഭാഗങ്ങൾ പഠിപ്പിച്ചതായി ഉദ്യോഗസ്ഥർ കഴിഞ്ഞ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകി പാഠങ്ങൾ പഠിപ്പിച്ചു തീർക്കണം. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താനുള്ള നടപടികൾ കൈക്കൊള്ളും. ബിആർസി റിസോഴ്സ് അധ്യാപകരുടെയും എസ്എസ്‍കെ, ഡയറ്റ് അധ്യാപകരുടെയും സേവനം മലയോര - പിന്നാക്ക മേഖലകളിൽ വിദ്യാർഥികൾക്ക് പഠന സഹായത്തിനായി ലഭ്യമാക്കും.

അധ്യാപകരിലെ കോവിഡ് ബാധ മൂലം പഠനം തടസ്സപ്പെടുന്നുണ്ടെങ്കിൽ ദിവസവേതന നിരക്കിൽ താൽക്കാലിക അധ്യാപകരെ വയ്ക്കാം. ആഴ്ചയിലൊരിക്കൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളിലും ജില്ലകൾ അത് ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും റിപ്പോർട്ട് നൽകണം. സാധാരണ രീതിക്കൊപ്പംതന്നെ ഓൺലൈൻ ക്ലാസുകളും ഉണ്ടാകും.

0 comments: