2022, ഫെബ്രുവരി 28, തിങ്കളാഴ്‌ച

വാട്ട്‌സ്ആപ്പിലെ തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട ചില ഫീച്ചറുകൾ ഇതാ

 ജനപ്രിയ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിൽ ധാരാളം ഫീച്ചറുകളുണ്ട്. ആദ്യമായി ആപ്പ് ഉപയോഗിക്കുന്നവർക്കും ഇത്തരം ആപ്പുകൾ അധികം ഉപയോഗിച്ചു ശീലം ഇല്ലാത്തവർക്കും ഇതിൽ പലതും ആദ്യ കാഴ്ചയിൽ തന്നെ അറിയണമെന്നോ മനസിലാക്കണമെന്നോയില്ല. ഇവയിൽ പലതും ഒരു മെസ്സേജിൽ ലോങ്ങ് പ്രസ് ചെയ്യുമ്പോഴോ, അല്ലെങ്കിൽ ചാറ്റ് ബോക്സിന് ഉള്ളിലെ മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുമ്പോഴോ കാണുന്നവയാണ്.കാഴ്ചയിൽ മറഞ്ഞിരിക്കുന്ന, എന്നാൽ വളരെ ഉപകാരപ്രദമായേക്കാവുന്ന ചില വാട്സ്ആപ്പ് ഫീച്ചറുകൾ ഇതാ.

ചാറ്റ് ‘പിൻ’ ചെയ്യൽ

നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഹോംസ്‌ക്രീനിന്റെ മുകളിൽ പ്രധാനപ്പെട്ട ചാറ്റുകൾ പിൻ ചെയ്ത് വയ്ക്കാനുള്ള സൗകര്യം വാട്സ്ആപ്പ് നിങ്ങൾക്ക് നൽകുന്നുണ്ട്. ചാറ്റുകൾ പിൻ ചെയ്താൽ (വ്യക്തിഗത ചാറ്റുകളോ ഗ്രൂപ്പ് ചാറ്റുകളോ ആവാം) അവ എപ്പോഴും മുകളിൽ തന്നെ തുടരുകയും, നിരവധി പുതിയ സന്ദേശങ്ങൾ വന്നാലും താഴോട്ട് പോകാതെ ഇരിക്കുകയും ചെയ്യും.

ഒരു ചാറ്റ് പിൻ ചെയ്യാൻ, ആദ്യം നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഹോംസ്‌ക്രീനിലേക്ക് പോവുക അവിടെ ചാറ്റുകളിൽ നിന്ന് നിങ്ങൾ പിൻ ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് കണ്ടെത്തുക. ആ ചാറ്റിൽ കുറച്ചു നേരം അമർത്തുക. അപ്പോൾ മുകളിലായി ചില ഓപ്‌ഷനുകൾ കാണാനാകും അതിൽ പിൻ ആകൃതിയിൽ കാണുന്നതിൽ ക്ലിക്ക് ചെയ്ത് ആ ചാറ്റ് പിൻ ചെയ്യാം, നിങ്ങൾക്ക് മൂന്ന് ചാറ്റുകൾ വരെ പിൻ ചെയ്യാനാകും.

അൺറീഡ്’ ആയി അടയാളപ്പെടുത്തുക

തുറക്കാത്ത ചാറ്റുകളിൽ കാണുന്ന ഡോട്ട് നിങ്ങൾ ഇതുവരെ ആ ചാറ്റ് വായിച്ചിട്ടില്ലെന്ന് അറിയാൻ സഹായിക്കുന്നതാണ്. എന്നാൽ, ഇടക്ക് അത് വായിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിങ്ങൾ ചാറ്റ് തുറക്കുകയും പിന്നീട് വായിക്കാമെന്ന് കരുതുകയും ചെയ്യുകയാണെങ്കിൽ അതിന് സഹായിക്കുന്ന ഒന്നാണ് ഇത്. നിങ്ങൾക്ക് ഈ ചാറ്റ് വീണ്ടും തുറന്നിട്ടില്ല എന്ന രീതിയിൽ ‘അൺറീഡ്’ ചാറ്റായി അടയാളപ്പെടുത്താം. അപ്പോൾ നിങ്ങൾ അത് പിന്നീട് മറന്ന് പോകാതിരിക്കുകയും എടുത്ത് വായിക്കുകയും ചെയ്യാം.

ഇതിനായി, നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഹോംസ്‌ക്രീനിലെ ചാറ്റുകളിൽ നിന്ന് ആ ചാറ്റ് കണ്ടെത്തി അതിൽ ദീർഘനേരം അമർത്തുക. അപ്പോൾ മുകളിൽ വലതുവശത്ത് ദൃശ്യമാകുന്ന ഓപ്ഷനുകൾക്കൊപ്പം, വലതുവശത്ത് മൂന്ന്-ഡോട്ട് മെനു ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുക. ഇവിടെ, ‘മാർക്ക് ആസ് അൺറീഡ്’ (‘Mark as unread) ഓപ്ഷനിൽ ക്ലിക്കുചെയ്യുക. അതോടെ ആ ചാറ്റിന് വായിച്ചിട്ടില്ല അല്ലെങ്കിൽ തുറന്നിട്ടില്ല എന്ന് കാണിക്കുന്ന പച്ച ഡോട്ട് വരും.

ചാറ്റ് ‘മ്യൂട്ട്’ ചെയ്യുക

ഒരു വ്യക്തിഗത ചാറ്റിൽ നിന്നോ ഗ്രൂപ്പ് ചാറ്റിൽ നിന്നോ വളരെയധികം നോട്ടിഫിക്കേഷനുകൾ ലഭിക്കുകയും, അത് നിങ്ങൾക്ക് ഒരു ശല്യമായി തോന്നുകയും ചെയ്യുന്ന സന്ദർഭത്തിൽ ഈ ഓപ്‌ഷൻ സഹായകമാകും.

ഒരു ചാറ്റ് മ്യൂട്ടുചെയ്യാൻ, നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഹോംസ്‌ക്രീൻ തുറന്ന് ചാറ്റുകളിൽ നിന്ന്, നിങ്ങൾ ‘മ്യൂട്ട്’ ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് കണ്ടെത്തുക. അതിൽ ദീർഘനേരം അമർത്തുക, മുകളിൽ വലതുവശത്തുള്ള ഓപ്‌ഷനുകൾക്കിടയിൽ’മ്യൂട്ട്’ ബട്ടൺ (കുറുകെ ഒരു വരയുള്ള സ്പീക്കർ ഐക്കൺ) ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് ‘ഒരു മണിക്കൂർ, എട്ട് മണിക്കൂർ, ഒരാഴ്ച അല്ലെങ്കിൽ എപ്പോഴും’ എന്നിങ്ങനെ കാലാവധി തിരഞ്ഞെടുക്കാൻ ഓപ്‌ഷൻ കാണിക്കും അത് തിരഞ്ഞെടുത്ത് ‘മ്യൂട്ട്’ ചെയ്യാൻ സാധിക്കും.

ചാറ്റ് ‘ആർക്കൈവ്’ ചെയ്യാൻ

ഒരു ചാറ്റിൽ നിന്നുള്ള സന്ദേശങ്ങൾ മ്യൂട്ട് ചെയ്യുന്നതിനപ്പുറം അത്‌ കാണാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾക്കത് ആർക്കൈവ് ചെയ്യാം. അതായത് പുതിയ സന്ദേശങ്ങൾ വന്നാൽ ദൃശ്യമാകാതെ ഹോംസ്‌ക്രീനിൽ നിന്ന് ഒഴിവാക്കാം. ഇവ പിന്നീട് ഹോംസ്‌ക്രീനിലെ ആർക്കൈവിന് താഴെ നിങ്ങൾ അതിൽ നിന്ന് മാറ്റുന്നത് വരെ തുടരും.അതിൽ നിന്നുള്ള സന്ദേശങ്ങൾ എല്ലാം നിങ്ങൾക്ക് അത് തുറന്ന് നോക്കിയാൽ മാത്രം കാണാൻ സാധിക്കുന്ന നിലയിലാകും.

ഒരു ചാറ്റ് ആർക്കൈവ് ചെയ്യാൻ, പ്രധാന സ്‌ക്രീനിൽ ആ ചാറ്റ് എടുത്ത് അതിൽ ദീർഘനേരം അമർത്തുക, അതിനു ശേഷം മുകളിൽ വലതു വശത്തുള്ള ആർക്കൈവ് ഐക്കണിൽ ക്ലിക്കുചെയ്യുക (താഴേക്ക് അഭിമുഖീകരിക്കുന്ന അമ്പടയാളമുള്ള ചതുരാകൃതിയിലുള്ള ചിഹ്നം). ഈ ചാറ്റ് ആർക്കൈവ് ചെയ്യപ്പെടും. അവ തുറക്കാൻ ഹോംസ്‌ക്രീനിലെ ആർക്കൈവ് വിഭാഗത്തിൽ നോക്കിയാൽ മതി.

‘സ്റ്റാർ’ ചെയ്യൽ

വിലാസങ്ങൾ, നമ്പറുകൾ അല്ലെങ്കിൽ ലൊക്കേഷനുകൾ ഒരു ചാറ്റിനുള്ളിൽ വരുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ പിന്നീട് വേഗത്തിൽ എടുക്കുന്നതിനായി ‘സ്റ്റാർ’ ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ധാരാളം മെസ്സേജുകൾ പിന്നീട് വന്നാലും സ്ക്രോൾ ചെയ്ത് അവയ്ക്കായി തപ്പി സമയം കളയാതെ ഒരിടത്ത് നിന്ന് ഇവയെല്ലാം എടുക്കാൻ സാധിക്കും.

ഒരു സന്ദേശം സ്റ്റാർ ചെയ്യുന്നതിന്, ഏതെങ്കിലും ചാറ്റിനുള്ളിലെ സന്ദേശത്തിൽ (ടെക്‌സ്‌റ്റ്, ഇമേജ്, ലിങ്ക് അല്ലെങ്കിൽ ഓഡിയോ) ദീർഘനേരം അമർത്തുക, എന്നിട്ട് മുകളിൽ വലതുവശത്തുള്ള ഓപ്‌ഷനുകളിൽ നിന്ന് നക്ഷത്ര ചിഹ്നം കണ്ടെത്തി, അതിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ആ സന്ദേശങ്ങൾ പിന്നീട് കാണുന്നതിന് , വാട്ട്‌സ്ആപ്പ് ഹോംസ്‌ക്രീനിന്റെ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്ത ശേഷം വരുന്ന ഡ്രോപ്പ്-ഡൌൺ മെനുവിൽ നിന്ന് “സ്റ്റാർഡ് മെസ്സേജസ്” (Starred messages) എന്നത് തിരഞ്ഞെടുക്കുക, നിങ്ങൾ സ്റ്റാർ ചെയ്തവയെല്ലാം അവിടെ കാണും.

0 comments: