2022, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

കാർ ലോൺ എടുക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

 നമ്മുടെ സമൂഹത്തിലെ ഒരു ശരാശരി വ്യക്തിയുടെ ജീവിതകാലത്തെ സ്വപ്‌നങ്ങളില്‍ എന്നും നിറം പിടിച്ച രണ്ട് സ്വപ്‌നങ്ങളാണ് സ്വന്തം വീടും സ്വന്തം കാറും. ഇന്ന് കാറുകളോ മറ്റ് വാഹനങ്ങളോ സ്വന്തമാക്കാന്‍ നമ്മെ സഹായിക്കുന്ന വായ്പ്പാ സംവിധാനങ്ങളും സുലഭമാണ്. ഒറ്റത്തവണ പണമടച്ച് വാഹനം സ്വന്തമാക്കാനുള്ള ബുദ്ധിമുട്ടിൽ നിന്ന് ഉപഭോക്താവിനെ രക്ഷിക്കുന്ന മാര്‍ഗമാണ് വായ്പ്പാ വ്യവസ്ഥ.എന്നാല്‍ കൊക്കിലൊതുങ്ങാത്ത വാഹനം നോക്കി കടക്കെണിയിലാകരുത്. കാര്‍ വരുമാനവും ആവശ്യകതയും വിശകലനം ചെയ്ത് വാങ്ങാന്‍ ശ്രദ്ധിക്കാം. വാഹന വായ്പ എടുത്താണ് വാഹനം വാങ്ങുന്നതെങ്കിലും പല കാര്യങ്ങളും ശ്രദ്ധിച്ചിരിക്കണം.

കാര്‍ ലോണുകള്‍ക്ക് സാധാരണ 7 ശതമാനം മുതലാണ് പലിശ നിരക്ക്. വായ്പ നല്‍കുന്ന ബാങ്കിന് അനുസരിച്ച്അതിന്റെ പ്രൊസസിങ്ങ് ഫീ മാറിക്കൊണ്ടിരിക്കും. ചില ബാങ്കുകള്‍ പ്രൊസസിംഗ് ഫീ ഒഴിവാക്കാറുമുണ്ട്. സാധാരണ നിലയില്‍ ഒന്നു മുതല്‍ 8 വര്‍ഷം വരെയാണ് കാര്‍ വായ്പകളുടെ കാലാവധി.

വായ്പാ കാലാവധി തീരും മുന്‍പ് തന്നെ നിങ്ങള്‍ക്ക് പണം അടച്ചു തീര്‍ക്കാവുന്നതാണ്. ഇതിന്റെ മാനദണ്ഡങ്ങള്‍ ബാങ്കുകള്‍ക്ക് അനുസരിച്ച് മാറ്റം ഉണ്ടാകും. അത് പോലെ തന്നെ ചില ബാങ്കുകളില്‍ വായ്പ അനുവദിക്കുന്നതിനായി ജാമ്യക്കാരനെ ആവശ്യമായി വരാറുമുണ്ട്. ഇതിനും ബാങ്കുകള്‍ അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകും.

ബാങ്കുകള്‍ മാത്രമല്ല, വാഹനം വാങ്ങാന്‍ നിങ്ങളെ സഹായിക്കുന്ന പല ധനകാര്യ സ്ഥാനങ്ങളും ഇവിടെയുണ്ട്. എന്നാല്‍ഇവര്‍ വാഗ്ദാനം ചെയ്യുന്ന വായ്പാ നിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്ത് നോക്കുക എന്നതാണ് വാഹനം വാങ്ങാന്‍ തീരുമാനിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യം. വാഹനം വാങ്ങാനുള്ള യോഗ്യതകളും, യോഗ്യത   തെളിയിക്കാന്‍ ആവശ്യമാകുന്ന രേഖകളും എന്തെല്ലാമാണെന്ന് നോക്കാം.

 വാഹനം വാങ്ങാനുള്ള യോഗ്യത

  • വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രായം 18നും 75നും ഇടയിലായിരിക്കണം.
  • പ്രതിമാസം കുറഞ്ഞത് 20,000 രൂപയുടെ മിച്ച വരുമാനം ഉണ്ടായിരിക്കണം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ കീഴില് 1 വര്‍ഷമെങ്കിലും ജോലി ചെയ്യുന്നവരായിരിക്കണം.
  • ശമ്പള വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരോ, സ്വയം തൊഴില്‍ ചെയ്യുന്നവരോ ആയിരിക്കണം. അല്ലെങ്കില്‍ സര്‍ക്കാർ സ്ഥാപനത്തിലോ സ്വകാര്യ കമ്പനിയിലോ തൊഴില്‍ ചെയ്യുന്നവരായിരിക്കണം.

കാര്‍ വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആവശ്യമാകുന്ന രേഖകള്‍:

1. എപ്പോഴും നിരക്കുകള്‍ക്കൊപ്പം വിവിധ ബാങ്കുകളുടെ വായ്പാ മാനദണ്ഡങ്ങള്‍ കൂടി വിശദമായി പരിശോധിക്കുക. ഇവയില്‍ നിന്ന് നിങ്ങള്‍ക്ക് ലഭ്യമാകുന്ന ഏറ്റവും ഉയര്‍ന്ന വായ്പാ തുക കണ്ടെത്തുക. അവയില്‍ ഏതാണ് നിങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കുന്നതെന്നും കണ്ടെത്താന്‍ മറക്കരുത്.

2. നിങ്ങളുടെ വരുമാനത്തിന്റെ തെളിവ് നല്‍കേണ്ടി വരും. ഇത് നിങ്ങള്‍ക്ക് വായ്പ തിരികെ അടയ്ക്കാനുള്ള കഴിവുണ്ടോയെന്ന് വായ്പ നല്‍കുന്ന സ്ഥാപനത്തിന് തീര്‍ച്ചപ്പെടുത്താന്‍ വേണ്ടിയാണ്.

3. നിങ്ങളുടെ മേല്‍വിലാസവും വ്യക്തിത്വവും തെളിയിക്കുന്ന രേഖകള്‍ കൈമാറേണ്ടി വരും. ഇത്, സുരക്ഷാ കാരണങ്ങൾ മുന്‍ നിര്‍ത്തിയാണ്. നിങ്ങളുടെ ദേശീയത, വ്യക്തിത്വം, സ്ഥിര മേല്‍വിലാസം തുടങ്ങിയവ ഉറപ്പിക്കാനാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെടുന്നത്.

4. പാന്‍ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് അവര്‍ നിങ്ങളുടെ മുന്‍കാല ക്രെഡിറ്റ് റെക്കോര്‍ഡുകള്‍ നിജപ്പെടുത്തും. നിങ്ങള്‍ക്ക് വായ്പ അടച്ച് തീര്‍ക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായായാണിത്.

 5. നിങ്ങള്‍ വാഹനം വാങ്ങുന്ന ഷോറുമില്‍ നിന്നുള്ള രസീതുകള്‍ നല്‍കേണ്ടി വരും. ഇത് അവര്‍ നിങ്ങള്‍ക്ക് നല്‍കിയ പണം കൃത്യമായി തന്നെ വിനിയോഗിച്ചു എന്ന് ഉറപ്പു വരുത്തുന്നതിനാണ്.

6. വാഹനത്തിന്‍ മേലുള്ള ഇന്‍ഷ്വറന്‍സ് രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും. നിങ്ങള്‍ വാഹനം വാങ്ങിയപ്പോള്‍.എല്ലാ വിധ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കാനാണിത്.

കോപ്പി ആവശ്യമായ രേഖകള്‍

വ്യക്തിത്വം തെളിയിക്കാന്‍ ആവശ്യമാകുന്ന രേഖകള്‍ - ആധാര്‍, പാസ്സ്പോര്‍ട്ട്((നിര്‍ബന്ധമില്ല) ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്സ് ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ്.

മേല്‍വിലാസം തെളിയിക്കാനാവശ്യമുള്ള രേഖകള്‍ - ആധാര്‍, പാസ്സ്പോര്‍ട്ട്(നിര്‍ബന്ധമില്ല), ഡ്രൈവിംഗ് ലൈസസന്‍സ്, റേഷന്‍ കാര്‍ഡ്, വൈദ്യുത, ജല ബില്ലുകള്‍.

വരുമാനം തെളിയിക്കുന്ന രേഖകള്‍ - നികുതി രേഖയായ ഫോം 16, നിങ്ങള്‍ക്ക് മാസ വരുമാനമുണ്ടെങ്കില്‍ അതിന്റെ അതിന്റെ സാലറി സ്ലിപ്പ്, ആദായ നികുതി റിട്ടേണുകളുടെ ഏറ്റവും പുതിയ രേഖകള്‍, ആറു മാസത്തെ ബാങ്ക് സ്റ്റേറ്മെന്റുകള്‍.


0 comments: