2022, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

സര്‍ക്കാര്‍ രേഖകള്‍ ചുമന്ന് മടുത്തോ? വരുന്നുണ്ട്, ഒരൊറ്റ ഐഡന്റിറ്റി

 പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങി രാജ്യത്തെ ജനങ്ങളുടെ ഒന്നിലധികം ഡിജിറ്റല്‍ ഐഡന്റിറ്റികള്‍ ഏകീകരിച്ച് ഒരൊറ്റ ഐഡിയിലേക്ക് മാറ്റുന്നതാണ് ഏകീകൃത ഡിജിറ്റല്‍ ഐഡന്റിറ്റി സിസ്റ്റം. ഇന്ത്യ ഡിജിറ്റല്‍ എക്കോസിസ്റ്റം ആര്‍ക്കിടെക്ച്വര്‍ 2.0 യുടെ കരട് രേഖ 2022 ജനുവരി 29 ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ജനങ്ങളുടെ അഭിപ്രായങ്ങള്‍ ആരായുന്നതിന് വേണ്ടിയായിരുന്നു കേന്ദ്ര ഐ.ടി മന്ത്രാലയം കരട് രേഖ പ്രസിദ്ധീകരിച്ചത്. 2022 ഫെബ്രുവരി 27 വരെ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. ഏകീകൃത ഡിജിറ്റല്‍ ഐഡന്റിറ്റി സിസ്റ്റത്തിലൂടെ ഡിജിറ്റല്‍ രേഖകളെല്ലാം ഏകീകരിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

എല്ലാം ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഐഡി കാര്‍ഡ് (ഫെഡറേറ്റഡ് ഡിജിറ്റല്‍ ഐഡന്റിറ്റീസ്) നടപ്പിലാക്കാനാണ് ഐടി മന്ത്രാലയത്തിന്റെ ശ്രമം. മറ്റു ഐഡികളുമായി ബന്ധമുള്ള യുണീക് ഐഡി കാര്‍ഡ് ആയിരിക്കുമിത്. ഒരു വ്യക്തിയുടെ ഡിജിറ്റല്‍ രേഖകളെല്ലാം ഒരു കുടക്കീഴില്‍ വരുന്നതുമൂലം ഏത് ആവശ്യങ്ങള്‍ക്കും ഒരൊറ്റ കാര്‍ഡ് മാത്രം ഇനി ഉപയോഗിച്ചാല്‍ മാതിയാകും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ സുതാര്യത കാത്തു സംരക്ഷിക്കുന്നതിനായി 2017 ലാണ് ഇന്ത്യ എന്റര്‍പ്രൈസ് ആര്‍ക്കിടെക്ച്വര്‍ പദ്ധതി വിഭാവനം ചെയ്തത്. ഇതാണ് കേന്ദ്ര ഐ.ടി മന്ത്രാലയം ഇപ്പോള്‍ ഏതാനും ചില മാറ്റങ്ങളോടെ അവതരിപ്പിച്ചിരിക്കുന്നത്. 

വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണമായും ലഭിക്കാന്‍ ആധാര്‍ ഫലപ്രദമല്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാര്‍. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടിംഗിന് നിലവില്‍ ആധാര്‍ ഫലപ്രദമാണ്. എന്നാല്‍, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, അധ്യാപകര്‍, ഭൂഉടമകള്‍, വ്യവസായികള്‍, ബാങ്കിംഗ് ഉപഭോക്താക്കള്‍, ഡ്രൈവര്‍മാര്‍, വാഹന ഉടമകള്‍, പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്കായി വ്യത്യസ്തങ്ങളായ ഐഡന്റിറ്റികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കേണ്ടതായി വരുന്നുണ്ട്. 

ഡിജിറ്റല്‍ ഐഡന്റിറ്റികളുടെ എണ്ണം പരിമിതപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കരട് രേഖ പുറത്തിറക്കിയിരിക്കുന്നത്. ഐഡന്റിറ്റികള്‍ ഏകോപിപ്പിക്കുമ്പോള്‍, ഉപഭോക്താവിന് ആവശ്യങ്ങള്‍ക്കനുസരിച്ച് കാര്‍ഡ് പ്രയോജനപ്പെടുത്താം. ഇത് ഓരോ പൗരന്റെയും സ്വാകാര്യ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.  

ഡിജിറ്റല്‍ രേഖകള്‍, വസ്തു വകകളെ സംബന്ധിക്കുന്ന രേഖകള്‍, ബാങ്കിംഗ് ഇടപാടുകളെ സംബന്ധിക്കുന്ന രേഖകള്‍ എന്നിങ്ങനെ മൂന്ന് രീതിയില്‍ ഡിജിറ്റല്‍ രജിസ്റ്റര്‍ ഇതിനോടനുബന്ധിച്ച് കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. പൊതുജനങ്ങളുടെ സര്‍ക്കാര്‍ സംബന്ധമായ ആവശ്യങ്ങള്‍ ഐഡന്റിറ്റി ഏകീകരണത്തിലൂടെ ഇനി എളുപ്പമാകും. വ്യാജരേഖകള്‍ ഉണ്ടാക്കുന്നത് തടയാനും ഏകീകൃത ഡിജിറ്റല്‍ ഐഡന്റിറ്റി സിസ്റ്റം ഉപയോഗപ്രദമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 

ആസ്ത്രേലിയ, കാനഡ, ജര്‍മനി, യുകെ, നെതര്‍ലാന്‍ഡ്സ്, ശ്രീലങ്ക, യുക്രൈന്‍, സാംബിയ, ഡെന്‍മാര്‍ക്ക് തുടങ്ങി ലോകത്തെ വിവിധ രാഷ്ട്രങ്ങളില്‍ ഡിജിറ്റല്‍ ഐഡികള്‍ നിലവിലുണ്ട്. ഇന്ത്യന്‍ ജനസംഖ്യയുടെ 99 ശതമാനം പേര്‍ക്കും ബയോമെട്രിക് തിരിച്ചറിയല്‍ രേഖയായ ആധാര്‍ നല്‍കിയിട്ടുണ്ട്. വിര്‍ച്വല്‍ ഐഡി കാര്‍ഡ് എന്ന നിലയിലും ആധാര്‍ ഉപയോഗിക്കാനാകുന്നുണ്ട്.

എല്ലാ വിവരങ്ങളും അടങ്ങിയ കാര്‍ഡ് (മള്‍ട്ടി പര്‍പസ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡ്) എന്ന നിര്‍ദേശം 2001 മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുമ്പിലുണ്ട്. വാജ്പേയി ഭരണകാലത്ത് മന്ത്രിതല സമിതി സമര്‍പ്പിച്ച 'റിഫോമിങ് ദ നാഷണല്‍ സെക്യൂരിറ്റി സിസ്റ്റം' റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുണ്ടായിരുന്നത്. കാര്‍ഗില്‍ സംഘര്‍ഷത്തിന് ശേഷം രൂപവത്കൃതമായ സമിതിയായിരുന്നു ഇത്. അനധികൃത കുടിയേറ്റത്തിന് തടയിടുക എന്നതായിരുന്നു കാര്‍ഡിന്റെ പ്രധാന ലക്ഷ്യം.

0 comments: