2022, മാർച്ച് 9, ബുധനാഴ്‌ച

ഇന്ധന വില ; 12, 15 രൂപ വരെ ഉയര്‍ച്ച ഉണ്ടാകുമെന്നത് അഭ്യൂഹങ്ങളെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി

                                             


ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലേക്കുമുളള നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഇന്ധന വില കുത്തനെ കുതിക്കുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു.

യുക്രൈന്‍ -റഷ്യ യുദ്ധത്തിനിടയില്‍ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില വന്‍ തോതില്‍ വര്‍ധിച്ചിരുന്നു. അപ്പോഴും രാജ്യത്ത് ഇന്ധന വില ഉയര്‍ന്നിരുന്നില്ല. ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധന വിലയില്‍ കുതിപ്പുണ്ടാകുമെന്നുമായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി, ജനങ്ങളുടെ താല്‍പര്യമനുസരിച്ചായിരിക്കും ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുക എന്ന് വ്യക്തമാക്കി.

നിലവിൽ അന്താരാഷ്ട്ര വിപണിയെ അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിര്‍ണയിക്കുന്നത്. എന്നാൽ അവിടെ ഒരു യുദ്ധ സമാനമായ സാഹചര്യം നടന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം എണ്ണ കമ്ബനികള്‍ പരിഗണിക്കും. ജനങ്ങളുടെ താല്‍പര്യങ്ങളും പരിഗണിച്ചു കൊണ്ടായിരിക്കും കേന്ദ്രം തീരുമാനമെടുക്കുക. നിലവില്‍ ഇന്ധന വില വര്‍ധിപ്പിക്കാത്തത് രാജ്യത്തെ അഞ്ച് സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അല്ല. ഇത്തരത്തിൽ കഴിഞ്ഞ വര്‍ഷം പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 5 രൂപയും ഡീസലിന്റെ 10 രൂപയും കുറച്ചിരുന്നു. പക്ഷേ ഇത് രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണെന്നാണ് 'യുവനേതാവ്' പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് പിന്നാലെ വന്‍ കുതിപ്പ് ഇന്ധന വിലയില്‍ ഉണ്ടാകും, 12, 15 രൂപ വരെ ഇന്ധന വിലയില്‍ ഉയര്‍ച്ച ഉണ്ടാകും എന്നിങ്ങനെയാണ് റിപ്പോര്‍ട്ട്. ഇതിനെ സംബന്ധിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധി, പെട്രോള്‍ ടാങ്ക് ഉടന്‍ നിറയ്ക്കുക, മോദി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുന്നു' എന്ന് ട്വീറ്റ് ചെയ്തിരുന്നു. ശേഷമാണ് കേന്ദ്ര മന്ത്രി ഇന്ധന വിലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രതികരണവുമായി എത്തിയത്.

എന്നാൽ രാജ്യത്ത് എണ്ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയതിന് ശേഷം സര്‍ക്കാര്‍ വാറ്റ് നികുതി വെട്ടിക്കുറച്ചിരുന്നു. പിന്നീട് നാല് മാസത്തോളം രാജ്യത്തെ എണ്ണ വില മാറ്റമില്ലാതെ തുടരുകയാണ്. ഇതാദ്യമായാണ് 2017ന് ശേഷം ഇത്രയും ദിവസം ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. എങ്കിലും ഗോവ, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചതോടെ വീണ്ടും ഇന്ധനവിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാവുകയായിരുന്നു.


0 comments: