2022, മാർച്ച് 20, ഞായറാഴ്‌ച

എല്‍പിജി സിലിന്‍ഡര്‍ സബ്‌സിഡിയുടെ കാര്യത്തില്‍ കേന്ദ്രസര്‍കാര്‍ പ്രധാന തീരുമാനമെടുക്കുന്നു? ആര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കുമെന്നു നോക്കാം

 

എല്‍പിജി സിലിന്‍ഡറിന്റെ സബ്‌സിഡിയുമായി ബന്ധപ്പെട്ട ഒരു വലിയ വാര്‍ത്ത ഉടന്‍ പുറത്ത് വന്നേക്കും.അതോടൊപ്പം തന്നെ വിലയിലും വര്‍ധനയുണ്ടായേക്കുമെന്നാണ് റിപോര്‍ടുകള്‍. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇതോടെ ഗാര്‍ഹിക ഗ്യാസ് സിലിന്‍ഡറിന്റെ വില ആയിരം രൂപയിലെത്തുമെന്നും വിവരമുണ്ട് .

എല്‍പിജി സിലിന്‍ഡറുകളുടെ വിലക്കയറ്റം സംബന്ധിച്ച വസ്തുതകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ സര്‍കാരിന്റെ ആഭ്യന്തര വിലയിരുത്തലില്‍ ഉപഭോക്താവ് ഒരു സിലിന്‍ഡറിന് ആയിരം രൂപ നല്‍കേണ്ടി വന്നേക്കുമെന്നാണ് കരുതുന്നത്. ഇതോടെ ഗാര്‍ഹിക സിലിന്‍ഡറുകളുടെ കാര്യത്തില്‍ സര്‍കാരിന് രണ്ട് നിലപാട് എടുക്കാമെന്നും ചര്‍ചയുണ്ട്. ഇതില്‍ ഒന്നുകില്‍ സബ്‌സിഡി ഇല്ലാതെ സിലിന്‍ഡറുകള്‍ വിതരണം ചെയ്യണം അല്ലെങ്കില്‍ ചില ഉപഭോക്താക്കള്‍ക്ക് മാത്രം സബ്‌സിഡിയുടെ ആനുകൂല്യം നല്‍കണം.

സബ്‌സിഡി ഇനി ആര്‍ക്ക് ലഭിക്കും?

സബ്‌സിഡി സംബന്ധിച്ച്‌ സര്‍കാര്‍ ഇതുവരെ വ്യക്തമായ സൂചന നല്‍കിയിട്ടില്ല. എന്നാല്‍ ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്‌, 10 ലക്ഷം രൂപ വരുമാന നിയമം പ്രാബല്യത്തില്‍ നിലനിര്‍ത്തുകയും ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സബ്‌സിഡിയുടെ പ്രയോജനം ലഭിക്കുകയും ചെയ്യും. മറ്റ് ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡികള്‍ അവസാനിച്ചേക്കാമെന്നാണ് അറിയുന്നത്. ദാരിദ്ര്യ രേഖക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍ പി ജി കണക്ഷന്‍ നല്‍കുവാന്‍ ഉദ്ദേശിച്ചു തുടങ്ങിവച്ച പദ്ധതിയാണ് പ്രധാന മന്ത്രി ഉജ്വല യോജന.

2015 ജനുവരിയിലാണ് സബ്‌സിഡി തുടങ്ങിയത്

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി എല്‍പിജി സബ്‌സിഡി സര്‍കാര്‍ നല്‍കി വരുന്നുണ്ട്. 2021 സാമ്ബത്തിക വര്‍ഷത്തില്‍ 3559 കോടി രൂപയാണ് സബ്‌സിഡിക്കായി സര്‍കാരിന്റെ ചെലവ്. 2020 സാമ്ബത്തിക വര്‍ഷത്തില്‍ ഈ ചെലവ് 24,468 കോടി രൂപയായിരുന്നു. ഇത് 2015 ജനുവരിയില്‍ ആരംഭിച്ച ഡിബിടി സ്കീമിന് കീഴിലാണ്. ഇതില്‍ ഗാര്‍ഹിക സിലിന്‍ഡറിന്റെ മുഴുവന്‍ തുകയും ഉപഭോക്താക്കള്‍ നല്‍കണം. സബ്‌സിഡി തുക സര്‍കാര്‍ ഉപഭോക്താവിന്റെ ബാങ്ക് അകൗണ്ടിലേക്ക് തിരികെ നല്‍കുകയാണ് ചെയ്തുവരുന്നത്.


0 comments: