ഇന്റര്‍നെറ്റില്‍ ഉപഭോക്തൃ സേവനങ്ങള്‍ക്ക് (Customer Care) ടോള്‍ ഫ്രീ നമ്പര്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയുപ്പുമായി പൊലീസ്. വ്യാജ ടോള്‍ ഫ്രീ നമ്പര്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരേ മുന്‍കരുതല്‍ സ്വീകരിക്കാനായി ആര്‍ബിഐ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം തട്ടിപ്പുകാര്‍ വീണ്ടും രംഗത്തിറങ്ങിയ പശ്ചാത്തലത്തിലാണ് പൊലീസ് മുന്നറിയിപ്പ്.
ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും മൊബൈല്‍ സര്‍വീസ് ദാതാക്കളുടെയും കസ്റ്റമര്‍ കെയര്‍ എന്ന പേരില്‍ വ്യാജ ടോള്‍ ഫ്രീ നമ്പര്‍ നിര്‍മിച്ച് ഈ നമ്പറുകള്‍ നിരവധി വെബ് സൈറ്റുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ എന്ന പേരില്‍ പോസ്റ്റ് ചെയ്യുകയുമാണ് ഇവരുടെ രീതി. ഗൂഗിളിലും മറ്റും സെര്‍ച്ച് ചെയ്യുമ്പോള്‍ ഇത്തരം വ്യാജ ടോള്‍ ഫ്രീ നമ്പറുകളാകും ചിലപ്പോള്‍ നമുക്ക് ലഭിക്കുക.
കെവൈസി അപ്‌ഡേഷന്റെ പേരുപറഞ്ഞ് ബാങ്കിന്റെയും മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെയും പേരില്‍ തട്ടിപ്പുകാര്‍ എസ്എംഎസ് അയയ്ക്കുന്നുണ്ട്. ഇതില്‍ കാണുന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുന്ന ആളുകള്‍ക്ക് പണവും നഷ്ടമാകുന്നുണ്ട്.
ട്രൂ കോളറിലടക്കം യഥാര്‍ത്ഥ സ്ഥാപനത്തിന്റെ ടോള്‍ ഫ്രീ നമ്പറെന്ന പേരിലാകും തട്ടിപ്പുകാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുക. സാധാരണ കോള്‍ സെന്ററിലെ പോലെ തന്നെ പ്രശ്‌നപരിഹാരങ്ങള്‍ക്ക് സഹായം തേടി വിളിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അതുപോലെ തന്നെ അനുകരിച്ച് മറുപടി നല്‍കും. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി ഒടിപി നമ്പര്‍ ചോദിച്ച് പണം തട്ടുന്നതാണ് ഇവരുടെ രീതി. ഉപഭോക്തൃ സേവനങ്ങള്‍ക്ക് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ടോള്‍ ഫ്രീ നമ്പരില്‍ മാത്രം ബന്ധപ്പെടുക.
0 comments: