2022, മാർച്ച് 1, ചൊവ്വാഴ്ച

ശ്രദ്ധിക്കുക! മാര്‍ച്ച് 31-ന് മുമ്പ് ചെയ്തുതീര്‍ക്കേണ്ട ആറ് കാര്യങ്ങള്‍

 


സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കേ നികുതിദായകരും നിക്ഷേപകരും പാലിക്കേണ്ട പല കാര്യങ്ങളുടെയും സമയപരിധി അവസാനിക്കുകയാണ്. മാര്‍ച്ച് മാസം തന്നെ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളാണിവ. അവസാന തീയതി കഴിഞ്ഞാല്‍ ഇവയിൽ പലതും പിന്നെ പൂർത്തീകരിക്കുക ബുദ്ധിമുട്ടാകും. പിഴ നൽകുന്നതിനൊപ്പം കടുത്ത വെല്ലുവിളികൾ നേരിടേണ്ട കാര്യങ്ങളും ഇവയിൽ ഉൾപ്പെടുന്നു. അത്തരം ചിലകാര്യങ്ങളെ കുറിച്ചാണ് ഓര്‍മപ്പെടുത്തുന്നത്. 

നിക്ഷേപിക്കാനും നികുതി ലാഭിക്കാനുമുള്ള അവസാന മാസം

നിലവിലെ സാമ്പത്തിക വര്‍ഷമായ 2021-22, മാര്‍ച്ച് 31ഓടെ അവസാനിക്കും. നിരവധി വിഭാഗങ്ങള്‍ക്ക് കീഴില്‍ പരമാവധി നികുതി ആനുകൂല്യം ലഭിക്കാനുള്ള അവസാന അവസരമാണിത്. ഈ സമയപരിധിയെ കുറിച്ച് ബോധവാന്മാരിയിരുന്നിട്ടും പല നിക്ഷേപകരും തങ്ങളുടെ ആദായനികുതി അവസാന നിമിഷത്തേക്ക് മാറ്റിവെക്കുകയാണ് പതിവ്.ടാക്‌സ് സേവിങ്‌സ് നിക്ഷേപങ്ങള്‍ ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ചെയ്യുക. എന്നാല്‍ നിക്ഷേപിക്കുമ്പോള്‍ പൊതുവായി സംഭവിക്കുന്ന അബദ്ധം ഒഴിവാക്കാം. നികുതി ലാഭിക്കാനായി അനാവശ്യമായി ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ വാങ്ങരുത്. നികുതി ആസൂത്രണം ചെയ്യുന്നത് എപ്പോഴും സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമാണ്. നികുതി ലാഭിക്കാനായി തെരഞ്ഞെടുക്കുന്ന നിക്ഷേപ പദ്ധതികളും നിങ്ങളുടെ ലക്ഷ്യങ്ങളും തമ്മില്‍ യോജിക്കേണ്ടതുണ്ട്.

വൈകിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ചെയ്യുക

2020-21 സാമ്പത്തിക വര്‍ഷത്തിലുള്ള ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാനതീയതി ഡിസംബര്‍ 31 ആയിരുന്നു. എന്നാല്‍ ഈ തീയതി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. ആദായനികുതി നിയമങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ള നിശ്ചിത തീയതിക്ക് ശേഷം ഫയല്‍ ചെയ്യുന്ന റിട്ടേണാണ് വൈകിയുള്ള റിട്ടേണ്‍. മാര്‍ച്ച് 31-ന് മുമ്പ് നിങ്ങള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക, ഈ സമയപരിധി നഷ്ടപ്പെടുത്തരുത്. കാരണം മാര്‍ച്ച് അവസാനിച്ചാല്‍ നികുതിദായകന് സ്വമേധയാ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കില്ല.

നികുതി വകുപ്പില്‍ നിന്നുള്ള നോട്ടീസിന് മറുപടിയായി മാത്രമേ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. സാമ്പത്തിക വര്‍ഷത്തിലെ മൊത്തം നികുതി അടയ്‌ക്കേണ്ട വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയുന്നില്ലെങ്കില്‍ വൈകി ഫയല്‍ ചെയ്യുന്നതിനുള്ള ഫീസ് ആയി ആയിരം രൂപ നല്‍കണം. അല്ലാത്തപക്ഷം 5000 രൂപയാണ് നല്‍കേണ്ടി വരിക.

പാന്‍- ആധാര്‍ ലിങ്കേജ്

ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2022 മാര്‍ച്ച് 31 വരെയാണ്. സമയപരിധി അവസാനിച്ച ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാന്‍കാര്‍ഡുകളും പ്രവര്‍ത്തനരഹിതമായി പ്രഖ്യാപിക്കും. ഇത്തരം പാന്‍കാര്‍ഡുകള്‍ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടക്കില്ല.

ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കിലും മ്യൂച്ചല്‍ഫണ്ടുകളോ ഓഹരികളോ നിക്ഷേപം ആരംഭിക്കണമെങ്കിലും അരലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയുടെ ഇടപാടിനും പാന്‍കാര്‍ഡ് ആവശ്യമാണ്. ധനകാര്യ സ്ഥാപനങ്ങള്‍ കെ.വൈ.സി. ആവശ്യത്തിനായി കാലാകാലങ്ങളില്‍ നിലവിലുള്ള ഉപഭോക്താക്കളില്‍ നിന്ന് പാന്‍ ആവശ്യപ്പെടുന്നു. പാൻ നിഷ്‌ക്രിയമാണെങ്കില്‍, അക്കൗണ്ടിനെ ബാധിച്ചേക്കാം.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരം 10,000 രൂപ പിഴ ഈടാക്കും. സമയപരിധിക്കുള്ളില്‍ രണ്ട് രേഖകളും ലിങ്ക് ചെയ്യുന്നതില്‍ പരാജയപ്പെടുകയും നിങ്ങളുടെ പാന്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്താല്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ പാന്‍ നമ്പര്‍ നല്‍കിയിട്ടില്ലെന്ന് അനുമാനിക്കാം.

ലിങ്ക് ചെയ്യുന്നവിധം

 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയച്ച് UIDPAN എന്ന് ടൈപ്പ് ചെയ്ത് ഇ- ഫയലിംഗ് വെബ്സൈറ്റ് വഴി തന്നെ ലിങ്ക് ചെയ്യാം. അല്ലെങ്കില്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെയും UTIITSL-ന്റെയും പാൻ സേവന കേന്ദ്രങ്ങളിലൂടെ ഓഫ്ലൈനായി ചെയ്യാന്‍ സാധിക്കും.

ബാങ്ക് അക്കൗണ്ടുകളില്‍ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യുക

ബാങ്ക് അക്കൗണ്ടുകളില്‍ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാനായി ആര്‍.ബി.ഐ അനുവദിച്ചിരിക്കുന്ന സമയം മാര്‍ച്ച് 31ന് അവസാനിക്കും. നേരത്തെ 2021 ഡിസംബര്‍ 31 ആയിരുന്നു. ഇത് നീട്ടി നല്‍കിയതാണ്. അക്കൗണ്ട് ഉടമകള്‍ക്കായി ഇടയ്ക്കിടെ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യണമെന്ന് ബാങ്കുകള്‍ നിര്‍ബന്ധിക്കുന്നു. ഉപഭോക്താക്കള്‍ തിരിച്ചറിയല്‍ രേഖയും വിലാസസവും തെളിയിക്കുന്ന രേഖകള്‍ സഹിതം ബാങ്കിന്റെ ബ്രാഞ്ചിനെ സമീപിക്കുക.

ഉപഭോക്താക്കളുടെ കെ.വൈ.സി. അപ്ഡേറ്റ് ചെയ്യുന്നതിന് ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗിക്കാന്‍ ആര്‍.ബി.ഐ അനുമതി നല്‍കിയിട്ടുണ്ട്. വീഡിയോ- കെ.വൈ.സിയും ഡിജിലോക്കര്‍ വഴി ഇലക്ട്രോണിക് ഡോക്യുമെന്റുകളായി ധനകാര്യസ്ഥാപനങ്ങളിലൂടെ സമര്‍പ്പിക്കുകയും ചെയ്യാം. എസ്ബിഐ പോലുള്ള പ്രമുഖ ബാങ്കുകള്‍ രേഖകള്‍ ഇ-മെയിലോ ,പോസ്‌റ്റോ വഴി സമര്‍പ്പിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യം ഒരുക്കുന്നുണ്ട്. കെ.വൈ.സി അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

അഡ്വാന്‍സ് ടാക്‌സ് ഇന്‍സ്റ്റാള്‍മെന്റ് അടക്കുക

ഈ സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ വാര്‍ഷിക എസ്റ്റിമേറ്റ് ആദായനികുതി കുറഞ്ഞത് 10,000 രൂപയാണെങ്കില്‍, നിങ്ങള്‍ വര്‍ഷം മുഴുവനും നാല് തവണകളായി മുന്‍കൂര്‍ ആദായനികുതി അടയ്ക്കണമെന്നാണ് നിബന്ധന. 2021-22ല്‍ നേടിയ വരുമാനത്തിനായുള്ള നിങ്ങളുടെ അവസാന ഗഡുവിനുള്ള അന്തിമ തീയതി മാര്‍ച്ച് 15 ആണ്. ഇത് എല്ലാ നികുതിദായകര്‍ക്കും, ശമ്പളക്കാര്‍ക്കും, ഫ്രീലാന്‍സര്‍മാര്‍ക്കും, ബിസിനസുകള്‍ക്കും ബാധകമാണ്.

എന്നാൽ, ഒരു റസിഡന്റ് സീനിയര്‍ സിറ്റിസണ്‍ (60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഒരു വ്യക്തി), ബിസിനസില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനമില്ലാത്തവര്‍ക്ക് മുന്‍കൂര്‍ നികുതി അടയ്ക്കാന്‍ ബാധ്യസ്ഥനല്ല. ശമ്പളമല്ലാതെ മറ്റൊരു വരുമാനവും ഇല്ലാത്ത ഒരു ശമ്പളക്കാരന്‍, മുന്‍കൂര്‍ നികുതി തവണകള്‍ അടയ്ക്കേണ്ടതില്ല, കാരണം തൊഴിലുടമകള്‍ പ്രതിമാസ ശമ്പളത്തില്‍ നിന്ന് ബാധകമായ നികുതി അടയ്‌ക്കേണ്ടതുണ്ട്. കൃത്യസമയത്ത് മുന്‍കൂര്‍ നികുതി അടച്ചിട്ടില്ലെങ്കില്‍ പിഴ പലിശ നല്‍കേണ്ടി വരും.

പി.എം.എ.വൈ പദ്ധതിയുടെ സബ്‌സിഡി അവസാനിക്കുന്നു

സാമ്പത്തികമായി ദുര്‍ബലരായ വിഭാഗത്തിന് (ഇ.ഡബ്ല്യു.എസ്) / ലോ ഇന്‍കം ഗ്രൂപ്പ് (എല്‍.ഐ.ജി) വിഭാഗത്തിന് താങ്ങാനാവുന്ന ഭവനങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാന്‍ മന്ത്രി ആവാസ് യോജന . 2015നാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. ഈ സ്‌കീമിന്റെ പലിശ നിരക്ക് 6.50 ശതമാനത്തില്‍ നിന്നാണ് തുടങ്ങുന്നത്. 20 വര്‍ഷം വരെയാണ് കാലാവധി. ഈ പദ്ധതിയുടെ സബ്‌സിഡി ആനുകൂല്യം ലഭിക്കാനുള്ള അവസാന തീയതി 2022 മാര്‍ച്ച് 31ആണ്.


0 comments: