2022, മാർച്ച് 12, ശനിയാഴ്‌ച

തെരുവുനായ് കുറുകെ ചാടിയാല്‍ നഷ്ടപരിഹാരം ലക്ഷങ്ങള്‍



 തെരുവുനായ് കുറുകെ ചാടി സ്കൂട്ടര്‍ മറിഞ്ഞു മരിച്ച ഒറ്റപ്പാലത്തെ വ്യാപാരിയുടെ കുടുംബത്തിനു നഗരസഭ നഷ്ടപരിഹാരം നല്‍കിയത് 24.11 ലക്ഷം രൂപയാണ്. മരിച്ചവരുടെ കുടുംബത്തിനു മാത്രമല്ല തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്കും തദ്ദേശസ്ഥാപനങ്ങളില്‍നിന്നു നഷ്ടപരിഹാരം ലഭിക്കും.സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം 2016 മുതല്‍ ജസ്റ്റിസ് എസ്.സിരിജഗന്‍ അധ്യക്ഷനായി ഇത്തരമൊരു സമിതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇക്കാര്യം അറിയില്ല.

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കമ്മിഷന്‍ സംബന്ധിച്ച വിവരവും അപേക്ഷ നല്‍കേണ്ട വിലാസവും എഴുതിച്ചേര്‍ത്ത ബോര്‍ഡ് സ്ഥാപിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണു തദ്ദേശസ്വയംഭരണ വകുപ്പ്. പ്രചാരണം വ്യാപകമായി നടത്തുമ്പോഴും  കമ്മിഷന്റെ പ്രവര്‍ത്തനത്തിന് വേണ്ട പിന്തുണ സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പ്രവര്‍ത്തനഫണ്ടു പോലും നല്‍കുന്നില്ല.

കടിയേറ്റവര്‍ ലക്ഷങ്ങള്‍, അപേക്ഷിച്ചവര്‍ 3985

ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ആളുകളെ തെരുവുനായ്ക്കള്‍ കടിക്കുന്നുണ്ടെങ്കിലും 2016 മുതല്‍ കമ്മിഷനു മുന്നില്‍ ലഭിച്ച അപേക്ഷകള്‍ 3985 മാത്രമാണ്. കമ്മിഷന്‍ രൂപീകരിച്ച ആദ്യവര്‍ഷം ആകെ ലഭിച്ച പരാതികള്‍ 391 എണ്ണമായിരുന്നു. കഴിഞ്ഞ വര്‍ഷത്തിലാകട്ടെ 307 പരാതികള്‍ മാത്രമാണ് കിട്ടിയത്. കേരളത്തില്‍ ഓരോ വര്‍ഷവും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണു സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നു 2016 ല്‍ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചത്.

ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് സമിതിയില്‍ ഉള്ളത്. വളര്‍ത്തുനായ്ക്കള്‍ മൂലമുള്ള കടിയേല്‍ക്കല്‍ കമ്മിഷന്റെ പരിധിയില്‍ വരില്ല. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്നതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതും അവര്‍ തന്നെയാണ്. കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം, ചികിത്സാ സൗകര്യം, തെരുവുനായ് വന്ധ്യംകരണത്തിലെ പുരോഗതി എന്നിവയാണ് കമ്മിഷന്റെ പരിധിയില്‍ വരുന്നത്.

വെള്ളക്കടലാസില്‍ പരാതി അയയ്ക്കാം

അപേക്ഷ നല്‍കല്‍ എളുപ്പമാണ്. വെള്ളക്കടലാസില്‍ നല്‍കിയാല്‍ മതി. ചികിത്സാ സംബന്ധിച്ച രേഖകളും അയയ്ക്കണം. നായ്ക്കള്‍ കുറുകെ ചാടി വാഹനത്തിന് തകരാര്‍ വന്നിട്ടുണ്ടെങ്കില്‍ റിപ്പയര്‍ ചെയ്ത വിവരങ്ങളും ബില്ലും കൈമാറണം. എന്നാല്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് കമ്ബനി വഴി നഷ്ടപരിഹാരം ലഭിച്ചെങ്കില്‍ ഇവിടെനിന്നു കിട്ടില്ല. നായയുടെ കടിയേറ്റ വ്യക്തിയില്‍നിന്ന് പരാതികള്‍ ലഭിച്ചാല്‍ സംഭവത്തില്‍ തദ്ദേശസ്ഥാപനങ്ങളോട് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടും. ഒപ്പംതന്നെ സര്‍ക്കാരിനെയും അറിയിക്കും.

കടിയുടെ ഗൗരവം, ചികിത്സ ഉള്‍പ്പെടെ പരിഗണിച്ചാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. അതിനുശേഷം തദ്ദേശസ്ഥാപന പ്രതിനിധിയെയും നായ്കടിച്ച വ്യക്തിയെയും ഹിയറിങ്ങിന് വിളിക്കും. ഇരുവരുടെയും ഭാഗം കേട്ട ശേഷം നഷ്ടപരിഹാരം എത്ര നല്‍കണമെന്നതു സംബന്ധിച്ച്‌ സുപ്രീം കോടതിക്കു റിപ്പോര്‍ട്ട് കൈമാറും. സുപ്രീം കോടതി സംസ്ഥാന സര്‍ക്കാര്‍ വഴിയാണ് തദ്ദേശസ്ഥാപനങ്ങളോട് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം നല്‍കുക.

അപേക്ഷ നല്‍കേണ്ട വിലാസം 

ജസ്റ്റിസ് (റിട്ട) എസ്.സിരിജഗന്‍ കമ്മിറ്റി

യുപിഎഡി ഓഫിസ് ബില്‍ഡിങ് 

പരമാറ റോഡ്, കൊച്ചി, എറണാകുളം- 682018

കമ്മിഷനോട് അവഗണന

സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാണെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ സഹായം ഇല്ലെങ്കില്‍ കമ്മിഷന്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. കൊച്ചി കോര്‍പറേഷനില്‍ അനുവദിച്ച ഓഫിസ് മുറിയില്‍ ഒന്നോ രണ്ടോ ജീവനക്കാരെയും വച്ചാണ് മുന്നോട്ടുപോകുന്നത്. പ്രവര്‍ത്തന ഫണ്ട് അനുവദിക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നോട്ടിസ് അയയ്ക്കല്‍ ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് വേണ്ടത്ര പണം കൈമാറുന്നതില്‍ വിമുഖതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ അപേക്ഷകളുടെ എണ്ണം വര്‍ധിച്ചാല്‍ കൈകാര്യം ചെയ്യല്‍ പ്രയാസമാകും. തദ്ദേശ സ്ഥാപനങ്ങളില്‍ ബോര്‍ഡ് വയ്ക്കുന്നതിനൊപ്പം മതിയായ സൗകര്യങ്ങളും കമ്മിഷന് ഒരുക്കണമെന്നാണ് ആവശ്യം.

അധികഭാരമെന്ന് തദ്ദേശസ്ഥാപനങ്ങള്‍

നായയുടെ കടിയേറ്റു മരിച്ച കേസുകളില്‍ ലക്ഷങ്ങളായിരിക്കും തദ്ദേശസ്ഥാപനങ്ങള്‍ നഷ്ടപരിഹാരമായി നല്‍കേണ്ടി വരിക. കമ്മിഷന്‍ ഉത്തരവ് അന്തിമമാണെന്നതിനാല്‍ തുക കൈമാറാതെ കഴിയില്ല. വൈകിയാല്‍ പലിശയും കൊടുക്കണം. പാലക്കാട് കുളപ്പുള്ളി പാതയില്‍, പാലപ്പുറം എന്‍എസ്‌എസ് കോളജിനു സമീപം നടന്ന അപകടത്തില്‍ വസ്ത്ര വ്യാപാരി ഈസ്റ്റ് ഒറ്റപ്പാലം കുന്നത്ത് സെയ്തലവിയുടെ കുടുംബത്തിന് 18.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കമ്മിഷന്‍ ഉത്തരവ്. എന്നാല്‍ വൈകിയതോടെ പലിശ ഉള്‍പ്പെടെ 24.11 ലക്ഷം രൂപ കൈമാറേണ്ടിവന്നു.

സമിതി നഷ്ടപരിഹാരം നിശ്ചയിച്ചു കഴിഞ്ഞാല്‍ സര്‍‍ക്കാര്‍ അതു നല്‍കണമെന്നും ഉത്തരവാദിത്തം വച്ചൊഴിയാന്‍ പാടില്ലെന്നും 2018 ല്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നു. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലെ വീഴ്ചയ്ക്ക് പലപ്പോഴും സുപ്രീം കോടതിയുടെ കടുത്ത ശാസനയും താക്കീതും സംസ്ഥാന സര്‍ക്കാരിനു കിട്ടിയിട്ടുണ്ട്.

എബിസി പദ്ധതി പാളുന്നു

തങ്ങള്‍ മാത്രം വിചാരിച്ചാല്‍ തെരുവുനായ് ശല്യം പരിഹരിക്കാന്‍ കഴിയില്ലെന്നും നഷ്പരിഹാരം അധിക ബാധ്യതയാകുന്നുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കൂടുതല്‍ സഹകരണം വേണമെന്നും തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നു. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി (എബിസി) അനുസരിച്ച്‌ നായ്ക്കള്‍ പെറ്റുപെരുകല്‍ തടയാനുള്ള പദ്ധതി പല തദ്ദേശസ്ഥാപനങ്ങളിലും പാളുകയാണ്. 2019ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം 2,89,985 ആണ്. ഇപ്പോള്‍ അതിലുമെത്രയോ ഇരട്ടിയായി.

തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച്‌ നടത്തിയിരുന്ന എബിസി പദ്ധതി പല ജില്ലകളിലും നിലച്ച മട്ടാണ്. കുടുംബശ്രീ വഴി മാതൃകാപരമായി മുന്നോട്ടുപോയിരുന്ന സമയത്താണ് എബിസി പദ്ധതിക്കു തടസ്സം വന്നത്. അനുമതിയില്ലാതെ ഇത്തരം ഏജന്‍സികളെ പ്രവര്‍ത്തനം ഏല്‍പ്പിക്കരുതെന്നു കാണിച്ച്‌ കേന്ദ്ര മൃഗക്ഷേമ ബോർഡ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു. ഇതോടെ നിലവിലെ ഏജന്‍സികള്‍ക്കു തുടരാനാകാതെ വന്നു.

എബിസി നടപ്പാക്കുന്ന സമയത്ത് പലയിടത്തും ജനങ്ങളുടെ സഹകരണമില്ലായ്മ തിരിച്ചടിയായിരുന്നു. ഒരു പ്രദേശത്തുനിന്ന് പിടിക്കുന്ന നായ്ക്കളെ വന്ധ്യംകരിച്ച ശേഷം അതേ സ്ഥലത്തുതന്നെ തുറന്നുവിടുന്നത് ജനങ്ങളുടെ എതിര്‍പ്പ് ഉയര്‍ത്തി. എബിസി പദ്ധതിക്കു വേണ്ടി കേന്ദ്രങ്ങള്‍ ആരംഭിക്കുമ്ബോഴും പരിസരവാസികള്‍ എതിര്‍പ്പുമായെത്തും. നായ്ക്കളെ കൊന്നൊടുക്കണമെന്നാണ് ആവശ്യമെന്നും എന്നാല്‍ നിലവിലെ നിയമപ്രകാരം അത് ശിക്ഷാര്‍ഹമാണെന്നും മൃഗസംരക്ഷണ വകുപ്പ് പറയുന്നു

0 comments: