2022, മാർച്ച് 10, വ്യാഴാഴ്‌ച

ബാങ്ക് സ്ഥിരനിക്ഷേപങ്ങളേക്കാള്‍ മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മൂന്ന് പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകള്‍

 

പണം ശരിയായ നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിച്ചാല്‍ അത് വര്‍ധിക്കുകയും മികച്ച വരുമാനം നല്‍കുകയും ചെയ്യും.ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍  ഏറ്റവും ജനപ്രിയമായ നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ്. ഇത്തരം നിക്ഷേപങ്ങള്‍ക്ക് അപകടസാധ്യത കുറവായതിനാല്‍ ആളുകള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു നിക്ഷേപ ഓപ്ഷന്‍ കൂടിയാണിത്. എന്നാല്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കും മികച്ചതും ഉറപ്പുള്ളതുമായ വരുമാനം വാഗ്ദാനം ചെയ്യുന്നതുമായ മറ്റ് നിരവധി സ്‌കീമുകള്‍ നിലവിലുണ്ട്. അത്തരത്തിലുള്ള ഒരു ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകള്‍ 

സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച്‌ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ ഉപകരണങ്ങളാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ പിന്തുണ നല്‍കുമ്ബോള്‍ പലിശ നിരക്കും നികുതിയിലെ ആനുകൂല്യങ്ങളും  പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകളേക്കാള്‍ ഉയര്‍ന്നതല്ല.

5.5 ശതമാനത്തിനും 7.6 ശതമാനത്തിനും ഇടയില്‍ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ക്ക് സര്‍ക്കാര്‍ പിന്തുണയുണ്ട്. അത്തരം ആകര്‍ഷകമായ പലിശ നിരക്കുകള്‍ മാത്രമല്ല, പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകള്‍ നികുതി ബാധ്യതയും  കുറയ്ക്കുന്നു. ഫലപ്രദമായ നിക്ഷേപം ഉറപ്പാക്കാന്‍ കഴിയുന്ന മൂന്ന് മികച്ച പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ താഴെ പറയുന്നവയാണ്.

1. സുകന്യ സമൃദ്ധി യോജന (എസ്‌എസ്‌വൈ)

പേര് സൂചിപ്പിക്കുന്നത് പോലെ ഈ സ്‌കീം പെണ്‍കുട്ടികള്‍ക്ക് (girl child) വേണ്ടിയുള്ളതാണ്. 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി ഈ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കാവുന്നതാണ്. 7.6 ശതമാനം പലിശ നിരക്കാണ് സുകന്യ സമൃദ്ധി യോജനയ്ക്ക് ലഭിക്കുക. സുകന്യ സമൃദ്ധി യോജനയില്‍ ഒരു വര്‍ഷം 250 രൂപ മുതല്‍ പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപം നടത്താവുന്നതാണ്. സ്‌കീമിന് കീഴിലുള്ള അക്കൗണ്ട് ഉടമയ്ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80c പ്രകാരം നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. പദ്ധതിയ്ക്ക് കീഴില്‍ ലഭിക്കുന്ന പലിശ നികുതി രഹിതമാണ്.

2. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്‌എസ്)

ഈ പദ്ധതിക്ക് കീഴില്‍ അക്കൗണ്ട് ഉടമകള്‍ക്ക് പ്രതിവര്‍ഷം 7.4 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 60 വയസ്സിന് മുകളിലുള്ള വ്യക്തികള്‍ക്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ 1000 രൂപയുടെ ഗുണിതങ്ങളായിരിക്കണം. കൂടാതെ ഒരാളുടെ പരമാവധി നിക്ഷേപം 15 ലക്ഷം രൂപയില്‍ കൂടരുത്.

3. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

 ഒരു സാമ്ബത്തിക വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ്. നിലവില്‍ പ്രതിവര്‍ഷം 7.1 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. പിപിഎഫ് സ്‌കീമിന്റെ അക്കൗണ്ട് മെച്യൂരിറ്റി കാലയളവ് 15 വര്‍ഷമാണ്.

0 comments: