വലിയ ഫയലുകൾ അയയ്ക്കാൻ കഴിയില്ലെന്നത് വാട്ട‍്‍സാപ്പിൻെറ വലിയ പരിമിതിയായിരുന്നു. സന്ദേശങ്ങളും ചിത്രങ്ങളും ഡോക്യുമെൻറുകളും വാട്ട‍്‍സാപ്പിലൂടെ അയക്കാൻ സാധിക്കും. എന്നാൽ കൂടുതൽ ജിബി ആവശ്യമായ വലിയ ഫയലുകളോ സിനിമയോ കൂടുതൽ ക്വാളിറ്റിയുള്ള ചിത്രങ്ങളോ വാട്ട‍്‍സാപ്പിലൂടെ അയക്കാൻ സാധിക്കാറില്ല. 100MBയിൽ കൂടുതൽ വലിപ്പമുള്ള ഫയലുകൾ വാട്ട‍്‍സാപ്പിലൂടെ അയക്കാനാവില്ല. ടെലഗ്രാമിനെയാണ് പലരും ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുള്ളത്. എന്നാൽ വാട്ട‍്‍സാപ്പ് ഇതിനൊരു പോംവഴി കണ്ടെത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വൈകാതെ തന്നെ വാട്ട‍്‍സാപ്പിലൂടെ വലിയ ഫയലുകൾ അയക്കാൻ സാധിച്ചേക്കും. പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
വാബീറ്റഇൻഫോ (WABetaInfo) പുറത്ത് വിട്ട വിവരങ്ങൾ പ്രകാരം 2 ജിബി വലിപ്പമുള്ള ഫയലുകൾ വരെ അയക്കാനുള്ള പുതിയ ഫീച്ചറാണ് വാട്ട‍്‍സാപ്പിൽ വരാൻ പോവുന്നത്. ദക്ഷിണ അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്കിടയിൽ പരീക്ഷണാർഥം ഇത് നടപ്പിലാക്കിയെന്നും റിപ്പോർട്ട് പറയുന്നു. ആപ്പിൻെറ ബീറ്റ വേർഷനിൽ ഈ ആഴ്ച ടെസ്റ്റിങ് നടക്കുകയാണ്.
ആൻഡ്രോയ‍്‍ഡ് പ്ലാറ്റ‍്‍ഫോമിലും ഐഒഎസ് പ്ലാറ്റ‍്‍ഫോമിലും ടെസ്റ്റിങ് പൂർത്തിയായിട്ടുണ്ട്. ഇങ്ങനെയാണെങ്കിലും 2ജിബി വരെയുള്ള ഫയലുകളുടെ കാര്യത്തിൽ ഇനിയും വെല്ലുവിളികൾ ബാക്കിയുണ്ട്. അതിനാൽ തന്നെ എല്ലാവർക്കും ഈ ഫീച്ചർ ലഭിക്കുമോയെന്ന കാര്യത്തിൽ ഉറപ്പ് പറയാറായിട്ടില്ല. പുതിയ ഫീച്ചറായതിനാൽ പരീക്ഷിച്ച് ഉറപ്പ് വരുത്താതെ ഉപഭോക്താക്കൾക്ക് ലഭ്യമാവുകയുമില്ല.
ലോകത്തെ ബില്യൺ കണക്കിന് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ നൽകാനായാൽ അത് വാട്ട‍്‍സാപ്പിനെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവെയ്പ്പാവും. വാട്ട‍്‍സാപ്പിനോട് മത്സരിക്കാൻ മറ്റ് പ്ലാറ്റ‍്‍ഫോമുകൾ അവരുടെ തന്ത്രങ്ങൾ മാറ്റി കൂടുതൽ ആകർഷകമായ ഫീച്ചറുകൾ കൊണ്ടുവരേണ്ടിവരും. മെസേജ് അയക്കുന്ന കാര്യത്തിൽ വാട്ട‍്‍സാപ്പിന് ഇതോടെ യാതൊരു പരിമിതിയും ഇല്ലാതെ വരും. വലിയ ഫയലുകൾ അയക്കാമെന്നതിനാൽ ടെലഗ്രാമിനെ ആശ്രയിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം കുറയാനുള്ള സാധ്യതയുമുണ്ട്. നിലവിൽ ടെലഗ്രാം ഗ്രൂപ്പുകളിലാണ് സിനിമകളും വലിയ വീഡിയോ ഫയലുകളും ഉപഭോക്താക്കൾ ഷെയർ ചെയ്യുന്നത്. പരിമിതിയില്ലാതെ വലിയ ഫയലുകൾ അയക്കാമെന്നത് ടെലഗ്രാമിൻെറ വലിയ പ്രത്യേകതയാണ്. ഈ ആധിപത്യം തകർക്കുകയെന്നത് കൂടിയാണ് വാട്ട‍്‍സാപ്പിൻെറ ലക്ഷ്യം.
വലിയ ഫയലുകൾ അയക്കാനായാൽ സിനിമകളും മറ്റും വാട്ട‍്‍സാപ്പിലൂടെ അനായാസം കൈമാറാൻ സാധിക്കും. ഹൈ എൻഡ് സ്മാർട്ട് ഫോണുകളിലെടുക്കുന്ന ഉയർന്ന ക്ലാളിറ്റിയുള്ള ചിത്രങ്ങളും വാട്ട‍്‍സാപ്പിലൂടെ പങ്കുവെക്കാൻ സാധിക്കും. ഇതോടെ വാട്ട‍്‍സാപ്പിന് വീട്രാൻസ‍്‍ഫറിൻെറ യഥാർഥ ബദലായി ഉയർന്നുവരാനും സാധിക്കും. ഏതായാലും വലിയ ഫയലുകൾ അയക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാനുള്ള വാട്ട‍്‍സാപ്പിൻെറ ശ്രമം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ‍്‍ഡേറ്റുകൾക്കായി കാത്തിരിക്കുക. വെറുമൊരു മെസേജിങ് ആപ്പ് എന്ന നിലയിൽ നിന്ന് ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഓരോ സെക്കൻറിനെയും സ്വാധീനിക്കാൻ കഴിയുന്ന തരത്തിലേക്ക് വാട്ട‍്‍സാപ്പ് വളർന്ന് കഴിഞ്ഞു. പുതിയ അപ്ഡേറ്റുകളും ഫീച്ചറുകളും ഏറ്റവും വേഗത്തിൽ അവതരിപ്പിച്ച് ഈ മേഖലയിൽ എതിരാളികളേക്കാൾ ഏറെ മുന്നിലെത്താനും അവർക്ക് സാധിച്ചിട്ടുണ്ട്.
0 comments: