2022, മാർച്ച് 28, തിങ്കളാഴ്‌ച

കേന്ദ്ര സര്‍വകലാശാലകളിൽ ബിരുദ പ്രവേശനത്തിന് പൊതു പരീക്ഷ നിർബന്ധിതമാക്കിയത് എന്തിന്? പരീക്ഷാക്രമം എങ്ങനെ?

 

രാജ്യത്തെ 45 കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET) നിർബന്ധിതമാക്കുന്നതായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്.

എന്തിനാണ് ഒരു പൊതു പ്രവേശന പരീക്ഷ?

ഉന്നതവിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന കുട്ടികളുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന് ഒന്നിലധികം പ്രവേശന പരീക്ഷകള്‍ക്ക് പകരം ഒരൊറ്റ പരീക്ഷ നടത്താനുള്ള ശ്രമങ്ങള്‍ പല സര്‍ക്കാരുകളും വര്‍ഷങ്ങളായി നടത്തിയിട്ടുണ്ട്. വാസ്തവത്തില്‍ CUET പോലും പുതിയതല്ല. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കീഴില്‍ 2010ല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CUCET) ആയി ഇത് ആരംഭിച്ചിരുന്നു, എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ 14 കേന്ദ്ര സര്‍വ്വകലാശാലകള്‍ക്ക് മാത്രമേ ഇത് ബാധകമായിരുന്നുള്ളൂ. CUCETന്റെ നവീകരിച്ച പതിപ്പാണ് CUET. ഇപ്പോള്‍ 45 കേന്ദ്ര സര്‍വ്വകലാശാലകള്‍ക്കും ഇത് നിര്‍ബന്ധമാണ്. യൂണിവേഴ്‌സിറ്റി പ്രവേശനത്തിന് ഒരു പ്രവേശന പരീക്ഷയുടെ ആവശ്യകത ഉണ്ടെന്ന് വാദിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

ഒരു വിദ്യാര്‍ത്ഥിയുടെ ബോര്‍ഡ് മാര്‍ക്കുകള്‍ക്ക് കോളേജിലേക്കോ ബിരുദ കോഴ്‌സിലേക്കോ പ്രവേശനം നിശ്ചയിക്കുന്നതില്‍ ഒരു പങ്കുമുണ്ടാകില്ല. പ്രവേശനം CUET സ്‌കോറിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഡല്‍ഹി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളേജുകള്‍ക്കോ അല്ലെങ്കില്‍ ഏതെങ്കിലും കേന്ദ്ര സര്‍വ്വകലാശാലയ്‌ക്കോ പ്രവേശന പരീക്ഷയ്ക്കുള്ള യോഗ്യതാ മാനദണ്ഡമായി ബോര്‍ഡ് മാര്‍ക്ക് ഉപയോഗിക്കാം.

സംഗീതം, പെയിന്റിംഗ്, ശില്‍പകല, നാടകം തുടങ്ങിയ കോഴ്സുകളിൽ CUETയ്ക്കൊപ്പം പ്രായോഗിക പരീക്ഷകളോ അഭിമുഖങ്ങളോ നടത്താന്‍ സര്‍വകലാശാലകളെ അനുവദിക്കും. എഞ്ചിനീയറിംഗ്, എംബിബിഎസ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലകള്‍ യഥാക്രമം ജെഇഇ (മെയിന്‍), നീറ്റ് എന്നീ പ്രവേശന പരീക്ഷകളിലൂടെ പ്രവേശനം നടത്തും.

വിവിധ ബോര്‍ഡുകള്‍ സ്വീകരിക്കുന്ന മൂല്യനിര്‍ണ്ണയ രീതികളിലെ വൈവിദ്ധ്യം കാരണമാണ് ബിരുദ പ്രവേശനത്തിന് ബോര്‍ഡ് മാര്‍ക്ക് ഉപയോഗിക്കുന്നതിനെ സര്‍ക്കാര്‍ എതിർക്കുന്നത്. ചില ബോര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉദാരമായി മാര്‍ക്ക് നല്‍കുന്നുണ്ട്. ഇത് ചില വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കാൻ കാരണമാകുന്നതായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആരാണ് CUET പരീക്ഷ നടത്തുക? എപ്പോള്‍?

JEE (മെയിന്‍), UGC-NET തുടങ്ങിയ പ്രവേശന പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) എല്ലാ കേന്ദ്ര സര്‍വകലാശാലകള്‍ക്കുമായി ജൂലൈ ആദ്യവാരം CUET നടത്തും. രണ്ട് ഷിഫ്റ്റുകളിലായി നടക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണിത്. ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഉറുദു, ആസാമീസ്, ബംഗാളി, പഞ്ചാബി, ഒഡിയ, ഇംഗ്ലീഷ് എന്നീ 13 ഭാഷകളില്‍ പരീക്ഷ എഴുതാം. എന്നിരുന്നാലും, പരീക്ഷ ഒന്നിലധികം ദിവസങ്ങളിലായാണോ നടത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല.

പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങൾ ഏപ്രില്‍ ആദ്യവാരം ആരംഭിക്കും. എന്നാല്‍ JEE (മെയിന്‍) പോലെ CUET സ്‌കോറിനെ അടിസ്ഥാനമാക്കി കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിന് പൊതു കൗണ്‍സലിംഗ് ഉണ്ടാകില്ല. എന്‍ടിഎ തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കി ഓരോ സര്‍വകലാശാലയ്ക്കും പ്രവേശനം നൽകാൻ സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും, ഭാവിയില്‍ ജോയിന്റ് കൗണ്‍സിലിംഗ് ഉണ്ടാകില്ലെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ പറഞ്ഞു.

CUETയിൽ എന്തെല്ലാം വിഷയങ്ങൾ ഉള്‍പ്പെടുത്തും?

മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്ന് യുജിസി ചെയര്‍മാന്‍ അറിയിച്ചു. പ്രധാനമായും മൂന്ന് ഭാഗങ്ങളായിട്ടാകും പരീക്ഷ നടത്തുക.

ആദ്യ ഭാഗത്തിൽ പരീക്ഷാര്‍ത്ഥികൾ തിരഞ്ഞെടുത്ത ഭാഷയിലുള്ള ചോദ്യങ്ങളാകും ഉണ്ടാവുക. ഇതില്‍ റീഡിങ് കോമ്പ്രഹെൻഷൻ, പദാവലി, പര്യായങ്ങള്‍, വിപരീത പദങ്ങള്‍ എന്നിവ ഉള്‍പ്പെടും. 13 ഭാഷകളില്‍ നിന്ന് ഇഷ്ടമുള്ളത് പരീക്ഷാർത്ഥിയ്ക്ക് തിരഞ്ഞെടുക്കാം. ഒരു പ്രത്യേക ഭാഷയിലുള്ള പരീക്ഷയ്ക്ക് ഹാജരാകുന്നതിന് പുറമേ ഒരു പരീക്ഷാര്‍ത്ഥിക്ക് മറ്റു 19 ഭാഷകളില്‍ നിന്ന് ഒരു അധിക ഭാഷയും മറ്റൊരു പരീക്ഷ എഴുതാനായി തിരഞ്ഞെടുക്കാം. ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, നേപ്പാളി, പേര്‍ഷ്യന്‍, ഇറ്റാലിയന്‍, അറബിക്, സിന്ധി, കശ്മീരി, കൊങ്കണി, ബോഡോ, ഡോഗ്രി, മൈഥിലി, മണിപ്പൂരി, സന്താലി, ടിബറ്റന്‍, ജാപ്പനീസ്, റഷ്യന്‍, ചൈനീസ് മുതലായവയാണ് 19 ഭാഷകള്‍.

CUETയുടെ രണ്ടാം ഭാഗത്തില്‍ പരീക്ഷാര്‍ത്ഥി തെരഞ്ഞെടുക്കുന്ന വിഷയങ്ങളെ സംബന്ധിച്ച ചോദ്യങ്ങളാണ് ഉൾപ്പെടുത്തുക. ഈ വിഭാഗത്തില്‍ ആകെ 27 വിഷയങ്ങളാണ് ഉള്ളത്. കൂടാതെ ഒരാള്‍ക്ക് ആറ് വിഷയം വരെ തിരഞ്ഞെടുക്കാം. ഓരോ കേന്ദ്ര സര്‍വ്വകലാശാലയും അതാത് കോഴ്‌സിനായി തെരഞ്ഞെടുക്കേണ്ട വിഷയം ഏതെന്ന് വ്യക്തമാക്കും.

CUETയുടെ രണ്ടാം ഭാഗത്തില്‍ അക്കൗണ്ടന്‍സി/ ബുക്ക് കീപ്പിംഗ്, ബയോളജി/ ബയോളജിക്കല്‍ സ്റ്റഡീസ്/ ബയോടെക്നോളജി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫോര്‍മാറ്റിക്സ് പ്രാക്ടീസ്, ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്, എഞ്ചിനീയറിംഗ് ഗ്രാഫിക്സ്, എന്റര്‍പ്രണര്‍ഷിപ്പ്, ഹിസ്റ്ററി, ഹോം സയന്‍സ്, ലീഗല്‍ സ്റ്റഡീസ്, കൊമേര്‍ഷ്യല്‍ ആര്‍ട്‌സ്, ഗണിതം, ഫിസിക്കല്‍ എജ്യുക്കേഷന്‍/ എന്‍സിസി, ഫിസിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, സോഷ്യോളജി, ടീച്ചിംഗ് ആപ്റ്റിറ്റിയൂഡ്, അഗ്രികള്‍ച്ചര്‍, മാസ് മീഡിയ/ മാസ് കമ്മ്യൂണിക്കേഷന്‍, ആന്ത്രോപോളജി, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിംഗ് ആര്‍ട്‌സ്, സംസ്‌കൃതം എന്നിങ്ങനെ 27 വിഷയങ്ങളാണ് ഉള്ളത്.

പ്രവേശന പരീക്ഷയുടെ മൂന്നാം ഭാഗം പൊതുവിജ്ഞാനം, സമകാലിക അറിവുകൾ, ന്യൂമറിക്കല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിങ്, ലോജിക്കല്‍ ആന്‍ഡ് അനലറ്റിക്കല്‍ റീസണിങ് എനിവയെ കുറിച്ചുള്ള ചോദ്യങ്ങൾ അടങ്ങിയ ഒരു പൊതു പരീക്ഷയായിരിക്കും. നിര്‍ബന്ധിത ഭാഷാ പരീക്ഷയ്ക്ക് പുറമെ മറ്റ് പരീക്ഷകളെ സംബന്ധിച്ച് ഓരോ കോഴ്‌സിന്റേയും ആവശ്യകത അനുസരിച്ച് സര്‍വകലാശാലകള്‍ക്ക് തീരുമാനമെടുക്കാനാകും. അതായത് ഒരു സര്‍വകലാശാലയ്ക്ക് ഒരു കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഭാഷാ പരീക്ഷയും പൊതുവിജ്ഞാനം സംബന്ധിച്ച പരീക്ഷയും മാത്രം നടത്താനുള്ള വിവേചനാധികാരമുണ്ട്.

എന്തുകൊണ്ടാണ് CUET കേന്ദ്ര സര്‍വ്വകലാശാലകളില്‍ മാത്രം പരിമിതപ്പെടുന്നത്?

നിലവില്‍ കേന്ദ്ര സര്‍വ്വകലാശാലകള്‍ക്ക് CUET നിര്‍ബന്ധമാണ്. എന്നാല്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളിലും പരീക്ഷ നടത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാണ്.

0 comments: