2022, ഏപ്രിൽ 2, ശനിയാഴ്‌ച

ഗതാഗത നിയമ ലംഘനം; റോഡിലെ ക്യാമറ ഒന്നു മിന്നിയാൽ പിഴ ഇങ്ങനെ; കോടതിയിൽ എത്തിയാൽ ഇരട്ടിത്തുക...

                                         


കോട്ടയം: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴ ഇടുന്നതിനു വേണ്ടി മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകൾ നഗരത്തിൽ പ്രവർത്തിച്ചു തുടങ്ങി. നിലവിൽ എംസി റോഡ്, കെകെ റോഡ്, കോട്ടയം – കുമരകം റോഡ് എന്നിവടങ്ങളിലായി 8 ക്യാമറകൾ ആണ് സ്ഥാപിച്ചത്. പ്രധാനമായും നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലാണ് എല്ലാ ക്യാമറകളും സ്ഥാപിച്ചിട്ടുള്ളത്. ഇന്നലെ മുതൽ തന്നെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ചു തുടങ്ങി. ഇനി അടുത്ത ആഴ്ച മുതൽ നിയമ ലംഘനങ്ങൾക്കു പിഴ ചിത്രങ്ങൾ ഉൾപ്പെടെ വാഹന ഉടമകളുടെ പേരിൽ നോട്ടിസ് ആയി ലഭിക്കും. 

ആദ്യം കോടിമത 4 വരി പാതയിൽ മാത്രമായിരുന്നു നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനു മോട്ടർ വാഹന വകുപ്പിന് ക്യാമറകൾ സ്ഥാപിച്ചിരുന്നത്. ഇങ്ങനെ ജില്ലയിൽ വിവിധ റോഡുകളിലായി 44 ക്യാമറകളാണ് മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചത്.

ജില്ലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് പ്രോഗ്രാം ചെയ്തിട്ടുള്ള നിയമ ലംഘനങ്ങൾ കണ്ടാൽ ചിത്രം പകർത്തും. കൂടാതെ രാത്രിയിലും പകലും ഒരുപോലെ പ്രവർത്തിക്കും. ഇത് നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങൾ പകർത്തി അപ്പോൾത്തന്നെ തിരുവനന്തപുരത്തെ സംസ്ഥാന കൺട്രോൾ റൂമിലേക്ക് അയയ്ക്കും. ഇങ്ങനെ നിയമലംഘനം നടത്തിയ വാഹനത്തിന്റെ ചിത്രവും പിഴയും ഉൾപ്പെടുന്ന നോട്ടിസ് അവിടെ നിന്ന് മോട്ടർ വാഹന വകുപ്പിന്റെ കോട്ടയം തെള്ളകത്ത് പ്രവർത്തിക്കുന്ന ജില്ലാ ഓഫിസിലേക്ക് അയയ്ക്കും. അവിടെ നിന്നും തപാൽ വഴി നോട്ടിസ് വാഹന ഉടമകൾക്ക് ലഭിക്കും. പിഴ നിങ്ങൾ ഓൺലൈൻ വഴി അടയ്ക്കണം. അക്ഷയ കേന്ദ്രങ്ങൾ വഴിയും പിഴ അടയ്ക്കാം. 

ഇവ സൗരോർജം കൊണ്ട് പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി പ്രശ്നങ്ങൾ ക്യാമറയുടെ പ്രവർത്തനത്തെ ബാധിക്കില്ല. ഇങ്ങനെ ക്യാമറ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും സ്ഥലത്ത് നിയമലംഘനങ്ങൾ കുറഞ്ഞതായും ക്യാമറ സ്ഥാപിക്കാത്ത മറ്റൊരു സ്ഥലത്ത് നിയമലംഘനങ്ങൾ വർധിച്ചതായും ബോധ്യപ്പെട്ടാൽ ഈ ക്യാമറ മാറ്റി സ്ഥാപിക്കാം. ഇതുപോലെ കേബിളോ മറ്റ് ലൈനുകളോ ഇല്ലാതെ സിം കാർഡ് ഉപയോഗിച്ചാണ് ക്യാമറകൾ ഇന്റർനെറ്റ് വഴി ദൃശ്യങ്ങൾ അയയ്ക്കുന്നത്.

ക്യാമറയുടെ വില 30 ലക്ഷം രൂപ വരെ

നിയമ ലംഘനങ്ങൾ കണ്ടെത്തി തിരിച്ചറിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾക്ക് ഓരോന്നിനും 30 ലക്ഷം രൂപ വരെയാണ് വില. ഈ ക്യാമറകളെല്ലാം കെൽട്രോൺ നേരിട്ട് സ്ഥാപിച്ചതാണ്. ഇതിന്റെ 8 വർഷത്തെ അറ്റകുറ്റപ്പണികൾ കെൽട്രോൺ ആണ് നിർവഹിക്കുന്നത്. കൂടാതെ പിഴയായി ലഭിക്കുന്ന പണം നിശ്ചിത വർഷം കെൽട്രോണിന് ലഭിക്കും. മാത്രമല്ല ജീവനക്കാരെ നിയമിക്കുന്നതും കെൽട്രോൺ ആണ്.

പിഴക്കണക്ക് ഇങ്ങനെ

• ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ – 500 രൂപ വരെ. 

• ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താൽ –500 രൂപ വരെ. 

• 3 പേർ ബൈക്കിൽ യാത്ര ചെയ്താൽ – 1000 രൂപ വരെ ( 4 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും)

• വാഹന യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ – 2000 രൂപ വരെ.

• സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചാൽ – 500 രൂപ വരെ. 

• നിയമവിധേയമല്ലാതെ ക്രാഷ് ഗാർഡ്, എക്സ്ട്രാ ഫിറ്റിങ്സ് എന്നിവ കണ്ടെത്തിയാൽ – 5000 രൂപ വരെ.

• അപകടകരമായ വിധം വാഹനത്തിനു പുറത്തേക്ക് ലോ‍ഡ് തള്ളി നിൽക്കുന്ന വിധം കയറ്റിയാൽ – 20000 രൂപ വരെ. 

അതുപോലെ ഈ പിഴ 30 ദിവസത്തിനകം അടച്ചില്ലെങ്കിൽ മോട്ടർ വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. അപ്പോൾ നിങ്ങൾ കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി തുക കോടതിയിൽ അടയ്ക്കേണ്ടി വരും. നിലവിൽ കേന്ദ്ര മോട്ടർ വാഹന വകുപ്പ് നിയമത്തിലെ പിഴ സംസ്ഥാന സർക്കാർ ഇളവു ചെയ്താണ് മോട്ടർ വാഹന വകുപ്പ് പിഴ ഈടാക്കുന്നത്. അതിനാൽ കേസ് കോടതിയിൽ എത്തുമ്പോൾ കേന്ദ്ര നിയമത്തിലെ പിഴ അടയ്ക്കേണ്ടിവരും. 

0 comments: