SSLC, Plus Two Exam 2022: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷൾ തുടങ്ങാറായി, മറ്റ് പരീക്ഷകളും തുടങ്ങി കഴിഞ്ഞു. പരീക്ഷാ സമയത്ത് പഠിക്കേണ്ടത് എങ്ങനെയെന്ന് ശാന്തിനികേതൻ സ്കൂൾ പ്രിൻസിപ്പലും ചൈൽഡ് സൈക്കോളജിസ്റ്റുമായ ഡോ.എ.നിർമ്മല പറയുന്നു.
SSLC, Plus Two Exam 2022: ഇന്ന് എല്ലാ ക്ലാസുകളിലും എല്ലാ സിലബസിലും ഉള്ള പരീക്ഷ കാലമാണ്. ഇപ്പോൾ കോവിഡ് മൂന്നാം തരംഗവും കഴിഞ്ഞ് സ്കൂളുകളൊക്കെ തുറന്നു തുടങ്ങിയ ഉടനെ ആണ് പരീക്ഷ എത്തുന്നത്. 2020 പരീക്ഷാക്കാലത്താണ് സ്കൂളടച്ചത്. ശേഷം കൂട്ടുകാരെയും അധ്യാപകരെയും ഒക്കെ കണ്ടത് ഇപ്പോഴാണ്. അതിനിടയിലാവട്ടെ പരീക്ഷയും ഇങ്ങെത്തി. കുട്ടികൾ പാഠഭാഗങ്ങൾ കൂടുതലും പഠിച്ചത് ഓൺലൈനിലാണ്. എസ്എസ്എൽസിക്കും പ്ലസ്ടുവിനും പൊതുപരീക്ഷയും ആണ് ഉള്ളത്. പത്തും പന്ത്രണ്ടും ക്ലാസുകളിലെ കുട്ടികൾക്ക് മറ്റ് കുട്ടികളേക്കാൾ കൂടുതൽ ഗൗരവമായി പരീക്ഷയെ കാണണെന്നും, വിദ്യാർത്ഥികൾ മാത്രമല്ല അവരുടെ രക്ഷിതാക്കളും അധ്യാപകരും ഒക്കെ കരുതുന്നുമുണ്ട്. എന്നാലാവട്ടെ പരീക്ഷയെ കുറിച്ച് ആലോചിച്ച് ടെൻഷനും വേണ്ട, പേടിയും വേണ്ട. സുഖമായും സുഗമമായും പരീക്ഷ എഴുതാനുള്ള ചില വഴികളുണ്ട്.
ഇപ്പോൾ പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികളെല്ലാം പഠന തിരക്കിലാണ്. വിദ്യാർത്ഥികൾ പരീക്ഷാ സമയത്ത് പഠിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ഏതൊക്കെ പാഠഭാഗങ്ങളാണ് പ്രധാനമായും പഠിക്കേണ്ടത് ഓരോ വിഷയത്തിനും പഠിക്കാൻ എത്ര സമയം നീക്കി വയ്ക്കണം, എത്ര ദിവസം കൊണ്ടാണ് പഠിച്ചു തീർക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് ഒരു ടൈംടേബിൾ ഉണ്ടാക്കണം. നിങ്ങൾ പരീക്ഷയെ പേടിയോടെ ഒരിക്കലും സമീപിക്കുകയോ അമിതമായി പ്രാധാന്യം കൊടുക്കുകയോ ചെയ്യരുത്. ഇങ്ങനെ വിദ്യാർത്ഥികൾ പരീക്ഷാ സമയത്ത് പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് വിശദീകരിക്കുകയാണ് ശാന്തിനികേതൻ സ്കൂൾ പ്രിൻസിപ്പലും ചൈൽഡ് സൈക്കോളജിസ്റ്റുമായ ഡോ. എ. നിർമ്മല.
നിങ്ങളുടെ പരീക്ഷാ ടൈംടേബിൾ കലണ്ടറിൽ മാർക്ക് ചെയ്യുക.
വിദ്യാർത്ഥികൾ ആദ്യം ചെയ്യേണ്ടത് പരീക്ഷയുടെ ടൈംടേബിൾ കലണ്ടറിൽ മാർക്ക് ചെയ്യുകയാണ്. നിങ്ങൾക്ക് ഓരോ വിഷയത്തിനും എത്ര ദിവസമാണ് കിട്ടുക എന്നത് കണക്കുകൂട്ടി വേണം ടൈംടേബിൾ മാർക്ക് ചെയ്യേണ്ടത്. ഇനി വളരെ കുറച്ച് ദിവസങ്ങളേ ഉള്ളൂ. അതായത് ഇങ്ങനെ മാർക്ക് ചെയ്യുന്നതിലൂടെ ഒരു വിഷയത്തിന് ഇത്ര ദിവസമേ കിട്ടൂവെന്നത് സംബന്ധിച്ച ഏകദേശ ധാരണ കിട്ടും. ഇങ്ങനെ കണക്കാക്കി പാഠഭാഗങ്ങൾ പഠിച്ചു തീർക്കാൻ സാധിക്കും.
നിങ്ങൾ ഒറ്റയിരുപ്പിന് മണിക്കൂറുകളോളം ഇരുന്ന് പഠിക്കരുത്.
ഒരിക്കലും പഠിക്കാൻ ഒരുപാട് ഉണ്ടല്ലോ എന്നു ചിന്തിച്ച് മണിക്കൂറുകളോളം ഒറ്റയിരുപ്പിന് ഇരുന്ന് പഠിക്കരുത്. ഇങ്ങനെ ചെയ്യുന്നത് നിങ്ങൾ പഠിച്ചത് കൂടി മറക്കാൻ ഇടവരുത്തും. അരമണിക്കൂറോ ഒരു മണിക്കൂറോ പഠിച്ചശേഷം നിങ്ങൾ10 മിനിറ്റ് നേരം വിശ്രമിക്കുക. അപ്പോൾ മനസിന് ശാന്തതയേകുന്ന കാര്യങ്ങൾ വേണമെങ്കിൽ ചെയ്യാം. അല്ലെങ്കിൽ നിങ്ങൾക്ക് വീടിനകത്തോ പുറത്തുകൂടിയോ ഒന്നു നടക്കാം. പിന്നീട് വീണ്ടും പഠിക്കാനിരിക്കുക. അപ്പോൾ ശരീരത്തിന് ഒരു ഉണർവ്വ് തോന്നും. ഇങ്ങനെ പഠിക്കുന്നത് പെട്ടെന്ന് ഓർമ്മയിൽ പതിയും.
പഴയ ചോദ്യപേപ്പറുകൾ നോക്കുക
പഴയ ചോദ്യപേപ്പറുകൾ നോക്കുന്നത് നിങ്ങൾക്ക് ചോദ്യങ്ങളെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണ കിട്ടുന്നതിന് സഹായിക്കും. കൂടാതെ ഇതിലൂടെ ഏതൊക്കെ ചാപ്റ്ററിൽ നിന്നാണ് കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകുകയെന്നത് സംബന്ധിച്ച ധാരണ കിട്ടും. അത് മാത്രമല്ല, ചോദ്യങ്ങൾ വരുമെന്ന് കുട്ടികൾ പ്രതീക്ഷിക്കാത്ത പാഠഭാഗങ്ങളും ഇതിലൂടെ കണ്ടെത്തി പഠിക്കാനാകും.
പരീക്ഷാ പേടി വേണ്ട
പരീക്ഷയെ ഒരിക്കലും പേടിയോടെ കാണരുത്. നിങ്ങൾ പരീക്ഷയെ പേടിക്കേണ്ട കാര്യമില്ല. പേടി തോന്നിയാൽ നിങ്ങൾ പഠിച്ചതെല്ലാം മറന്നുപോകും. ഓരോ പാഠഭാഗങ്ങളും മനസിരുത്തി പഠിക്കുക. ഇങ്ങനെ പഠിച്ച ഭാഗങ്ങൾ പിറ്റേ ദിവസവും വീണ്ടും പഠിക്കുക. ആവർത്തിച്ച് പഠിക്കുന്നത് ഓർമ്മയിൽ തങ്ങിനിൽക്കാൻ സഹായിക്കും. കൂടാതെ പരീക്ഷയ്ക്ക് ഞാൻ തയ്യാറെടുത്തുവെന്ന് സ്വയം മനസിനെ പറഞ്ഞു പഠിപ്പിക്കുക. ഇത് നിങ്ങളുടെ പരീക്ഷാ പേടി മറികടക്കാൻ സഹായിക്കും. മനസ്സിൽ ശുഭാപ്തി വിശ്വാസം വേണം. നിങ്ങൾക്ക് ഞാനൊന്നും പഠിച്ചില്ലല്ലോ എന്ന ചിന്ത വേണ്ട. ഈ ചിന്ത ഒഴിവാക്കി, ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷ എഴുതുക.
സമയബന്ധിതമായി പരീക്ഷ എഴുതണം
പരീക്ഷ എഴുതി കഴിയുമ്പോൾ മിക്ക കുട്ടികളും പരാതിപ്പെടുന്ന ഒരു കാര്യമുണ്ട്. എനിക്ക് ഉത്തരമെല്ലാം അറിയാമായിരുന്നു, പക്ഷേ എഴുതാൻ സമയം കിട്ടിയില്ല എന്നൊക്കെ. നിങ്ങൾ ഈ പരാതി പറയാൻ ഇടവരുത്താതിരിക്കുക. ഇതിനായി ഓരോ ചോദ്യത്തിനും ഉത്തരം എഴുതാൻ എത്ര സമയമാണ് വേണ്ടതെന്ന മുൻധാരണ ഉണ്ടായിരിക്കണം. ഉദാഹരണത്തിന് നിങ്ങൾക്ക് മൂന്നു മണിക്കൂർ പരീക്ഷയാണെങ്കിൽ അര മണിക്കൂറിനുള്ളിൽ ഇത്ര ചോദ്യത്തിന് ഉത്തരം എഴുതി തീർക്കണം എന്നത് നേരത്തെ തീരുമാനിക്കണം. കൂടാതെ ചോദ്യങ്ങളുടെ മാർക്കിന് അനുസരിച്ചായിരിക്കണം സമയം കണക്കുകൂട്ടേണ്ടത്. അതായത് ഒരു മാർക്കിന്റെ ചോദ്യമാണെങ്കിൽ ഉത്തരമെഴുതാൻ ഇത്ര സമയം അഞ്ചു മാർക്കിന്റേതാണെങ്കിൽ ഇത്ര സമയം എന്ന രീതിയിലാവണം കണക്കു കൂട്ടേണ്ടത്. നിങ്ങൾക്ക് ചില ചോദ്യങ്ങൾ അറിയാവുന്നതായിരിക്കും, അതിന് വളരെ കുറച്ച് സമയം മതിയാകും. എന്നാൽ മറ്റു ചില ചോദ്യങ്ങൾക്ക് കുറച്ചുനേരം ചിന്തിക്കേണ്ടതായി വരും. അതിന് നിങ്ങൾക്ക് കുറച്ചു കൂടുതൽ സമയമെടുക്കും. ഇതും കൂടി കണക്കുകൂട്ടിവേണം സമയം കണക്കുകൂട്ടാൻ. ഇങ്ങനെ ചെയ്യുന്നതിലൂടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം സമയബന്ധിതമായി എഴുതി തീർക്കാൻ നിങ്ങൾക്ക് സാധിക്കും.
0 comments: