2022, മേയ് 1, ഞായറാഴ്‌ച

കരിയർ ഗൈഡൻസ് : എന്റെ അഭിരുചി എന്താണ്? എങ്ങനെ കണ്ടെത്തും?

 


ഉളളിന്റെ ഉളളിലേയ്ക്ക് സ്വയം ഇറങ്ങി ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാല്‍ അഭിരുചി അറിയാം. ഏതാനും  മാതൃകാ ചോദ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1 .  നിങ്ങള്‍ക്ക് ആരായിത്തീരാനാണ് ആഗ്രഹം?

2.   ആ ജോലിയില്‍ തിളങ്ങാനാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്താണ് കാരണം?

3.   ഏതു വിഷയം പഠിക്കുമ്പോഴാണ് നിങ്ങള്‍ക്ക് ഏറ്റവും സന്തോഷം?

4.   വീട്ടില്‍ ഏതു ജോലി ചെയ്യുമ്പോഴാണ് നിങ്ങള്‍ക്ക് ഏറ്റവും ആനന്ദം?

5.   ഒന്നു തീര്‍ന്നു കിട്ടിയിരുന്നെങ്കില്‍ എന്നു നിങ്ങള്‍ ആഗ്രഹിക്കുന്ന ക്ലാസ് ഏത് വിഷയത്തിന്റേതാണ്?

6.   നിങ്ങള്‍ ഏറ്റവും ആസ്വദിച്ചു ചെയ്ത പ്രോജക്ട് ഏതാണ്?7.നിങ്ങളുടെ ജോലി നിങ്ങള്‍ക്കൊരു ഭാരമായിത്തീരുമെന്നു      തോന്നുന്നുണ്ടോ?

8.   അപരിചിതരോട് ഇടപെടാന്‍ മടിയുണ്ടോ?

9.   നിങ്ങള്‍ക്ക് ആളുകളോടൊപ്പമായിരിക്കാന്‍ ഇഷ്ടമാണോ?10.  നിങ്ങളുടെ സ്വഭാവവും ചിന്താഗതിയുമില്ലാത്ത ആളുകളുമായി ഇടപെടാന്‍ ഇഷ്ടമുണ്ടോ?

11.   ഓഫീസ് ജോലി ഇഷ്ടമാണോ?

12.  പുതിയ അറിവുകള്‍ തേടി കണ്ടുപിടിച്ച് മനസിലാക്കാന്‍ ഇഷ്ടമാണോ?

13.  ഞാനിപ്പോള്‍ എങ്ങനെയുളള കുട്ടിയാണ്?

14.  എന്റെ ജോലിയില്‍ എനിക്ക് പ്രചോദനമാകുന്നതെന്താണ്?

15.  എന്താണ് എന്റെ കഴിവുകള്‍? ഇവ ഏത് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇതു പോലുളള ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം നല്കി അഭിരുചി കണ്ടുപിടിക്കാന്‍ സ്വയം ശ്രമിക്കാവുന്നതാണ്. 

മാതാപിതാക്കളുടെ പങ്ക്

ഇന്ന് മാതാപിതാക്കളെല്ലാം തന്റെ മക്കള്‍ ഡോക്ടറോ എഞ്ചിനീയറോ ആകാന്‍ ആഗ്രഹിക്കുന്നവരാണ്. കുട്ടികളുടെ ബുദ്ധിവൈഭവമോ വാസനാ വിശേഷമോ കഴിവുകളോ ഒന്നും ആരും കണക്കിലെടുക്കുന്നില്ല. ജന്മനാ ലഭിക്കുന്ന പല ഗുണങ്ങളും വാസനയും വളര്‍ന്നു വരുന്ന വീട്ടിലെ അന്തരീക്ഷവുമാണ് ഓരോ കുട്ടിയേയും ജീവിതത്തില്‍ വിജയിക്കുവാന്‍ സഹായിക്കുന്നത്. ജന്മനാ ലഭിച്ച ഗുണങ്ങള്‍ വര്‍ധിപ്പിക്കുവാനും ദോഷങ്ങള്‍ കുറയ്ക്കുവാനും അച്ഛനമ്മമാര്‍ക്ക് കഴിയും.

മക്കളുടെ കരിയര്‍ എന്തായിരിക്കണമെന്ന് മാതാപിതാക്കള്‍ക്കെല്ലാം ആകാംക്ഷയുണ്ട്. മക്കള്‍ ഏറ്റവും നല്ല നിലയിലെത്തണമെന്നാണ് അവരുടെയെല്ലാം ആഗ്രഹം. അത് സ്വാഭാവികമാണ്. കുട്ടികളുടെ കഴിവ് എത്രത്തോളമുണ്ടെന്നും പ്രത്യേകാഭിരുചി (Aptitude) എന്താണെന്നും മനോഭാവം (Attitude) എന്താണെന്നും അച്ഛനമ്മമാര്‍ക്ക് ചെറുപ്പത്തിലെ മനസിലാക്കുവാന്‍ കഴിയും.

സാക്ഷാത്ക്കരിക്കാതെ പോയ മോഹങ്ങള്‍ രക്ഷിതാക്കളുടെ മനസില്‍ ഉണ്ടായിരിക്കാം. തങ്ങള്‍ക്കു നേടാന്‍ കഴിയാത്തതു കുട്ടികള്‍ വഴിയെങ്കിലും നേടാമെന്നു കരുതി അവരെ നിര്‍ബന്ധിക്കാതിരിക്കുക. അവരുടെ ജന്മവാസനയ്ക്കും പഠന താല്‍പര്യങ്ങള്‍ക്കും മുന്‍തൂക്കം കൊടുക്കണം. കോഴ്‌സിന്റെ ഭാരം കുട്ടിക്ക് താങ്ങാനാവുമോ എന്നതു ശ്രദ്ധിക്കണം.

ബുദ്ധിശക്തിയുടെ കാര്യത്തില്‍ ഏവര്‍ക്കുമുണ്ട് പരിമിതി. കണക്കില്‍ വാസനയില്ലാത്ത കുട്ടിയെ നിര്‍ബന്ധിച്ച് എഞ്ചിനീയറിംഗിന് അയച്ചാല്‍ പഠിക്കാന്‍ കഷ്ടപ്പെടുമെന്ന് മാത്രമല്ല, മിനിമം മാര്‍ക്കില്‍ ഡിഗ്രി നേടിയാല്‍ തന്നെയും സ്വന്തം ജോലിയെ ശപിച്ച് ജീവിതം തളളിനീക്കേണ്ടിവരും. മറിച്ച്, ഇഷ്ടമുളള വിഷയം പഠിക്കാന്‍ കുട്ടിയെ അനുവദിച്ചാല്‍ ഉന്നത നിലയിലെത്തുകയും ചെയ്യും. മറ്റെല്ലാ ഘടകങ്ങളും ഒത്തുവന്നാലും ചില കോഴ്‌സുകള്‍ക്കുളള പണച്ചെലവ് ചില കുടുംബങ്ങള്‍ക്ക് താങ്ങാനാവാത്തതാവും. ബാങ്ക് വായ്പകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

കരിയര്‍ / കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍

പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് കുട്ടികളില്‍ തൊഴിലിനോടുളള ആഭിമുഖ്യമുണ്ടാകുന്നത്.

1. തങ്ങള്‍ ആഗ്രഹിക്കുന്ന എന്തും ചെയ്യാന്‍ കഴിയുമെന്ന് കരുതുന്ന ഈ ഘട്ടം 11 വയസുവരെയുളള പ്രായമാണ്. ഈ പ്രായത്തില്‍ കുട്ടികളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ആരാധനയുമാണ് തൊഴില്‍ മുന്‍ഗണനകളായി മനസ്സില്‍ രൂപപ്പെടുന്നത്. കുട്ടികളെ നിരീക്ഷിച്ച്, അവര്‍ സ്വമനസ്സാല്‍ താല്പര്യത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ മനസിലാക്കുകയാണ് മാതാപിതാക്കള്‍ ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്.

2. തൊഴില്‍ കണ്ടെത്തലിന്റെ സമയമായ 11 മുതല്‍ 17 വയസ്സുവരെയുളള കാലഘട്ടമാണിത്. ഇവിടെ കുട്ടിയുടെ താല്പര്യം, കഴിവ്, മൂല്യബോധം എന്നിവയാണ് തൊഴിലിനോടുളള ആഭിമുഖ്യത്തിന്റെ അളവുകോലാവുന്നത്.

3. തൊഴിലിനു വേണ്ടിയുളള തയാറെടുപ്പായ 17 വയസു മുതലുളള ഈ ഘട്ടത്തില്‍ കുട്ടിയുടെ വ്യക്തിപരമായ കഴിവുകളും വിദ്യാഭ്യാസ യോഗ്യതയുമാണ് പ്രധാനം.

രണ്ടും മൂന്നും ഘട്ടങ്ങളില്‍ തൊഴിലിനെക്കുറിച്ചും മക്കളുടെ താല്‍പര്യങ്ങളെക്കുറിച്ചും മാതാപിതാക്കള്‍ അവരുമായി ചര്‍ച്ച ചെയ്യണം. വിവിധങ്ങളായ തൊഴില്‍ മേഖലകളെപ്പറ്റിയുളള വിവരങ്ങള്‍ കിട്ടാവുന്നിടത്തു നിന്നെല്ലാം ശേഖരിച്ച് മക്കള്‍ക്ക് നല്‍കണം. സാമൂഹികമായ മുന്‍വിധികളെ ആധാരമാക്കിയുളള തീരുമാനങ്ങള്‍ ഒഴിവാക്കണം. തെരഞ്ഞടുക്കാന്‍ പോകുന്ന കോഴ്‌സിന്റെ ഭാവി സാധ്യതകള്‍ അനുബന്ധതൊഴില്‍ മേഖലകളുടെ വരും വര്‍ഷങ്ങളിലുളള വളര്‍ച്ച എന്നിവയെല്ലാം കണക്കിലെടുത്തു വേണം ഇവിടെ മാതാപിതാക്കള്‍ തീരുമാനമെടുക്കാന്‍.


0 comments: