2022, മേയ് 5, വ്യാഴാഴ്‌ച

പ്ലസ്‌ടുവിന് ശേഷം ഏത് കോഴ്സിന് ചേരണം?


പ്ലസ്‌ടുവിന് ശേഷം ഏത് കോഴ്സിന് ചേരണം? എന്നത് വിദ്യാർഥിയുടെ താൽപര്യം, അഭിരുചി, മനോഭാവം എന്നിവ വിലയിരുത്തിയാകണം.      ഉപരിപഠന മേഖല കണ്ടെത്തിയാൽ കോഴ്സ് പൂർത്തിയാക്കിയ ഉപരിപഠന, തൊഴിൽ സാധ്യതകളെ കുറിച്ച് അറിയാൻ ശ്രമിക്കണം.  ഒരിക്കലും മറ്റുള്ളവരുടെ നിർബന്ധപ്രകാരം കോഴ്സ് കണ്ടെത്തരുത്.  പ്ലസ്‌ടു പാസായവർക്ക്‌  നിരവധി പ്രൊഫഷണൽ കോഴ്സുകളും അല്ലാത്തവയുമുണ്ട്.  മൊത്തം കോഴ്സുകളിൽ 10 ശതമാനത്തോളം  മാത്രമേ പ്രൊഫഷണൽ കോഴ്സുകളുള്ളൂ. 

എൻജിനിയറിങ്‌

എൻജിനിയറിങ്ങിന് ചേരുന്ന വിദ്യാർഥികളിൽ ഫിസിക്സിനും, കണക്കിനും താൽപര്യം ആവശ്യമാണ്. പ്രവേശന പരീക്ഷാഫലംവന്നശേഷം കോളേജുകൾ തെരഞ്ഞെടുക്കാം. ഐഐടി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബിറ്റ്സ് പിലാനി, സർക്കാർ എൻജിനിയറിങ്‌ കോളേജുകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലശാല, സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ കോളേജുകൾ, അമൃത എൻജിനിയറിങ്‌ കോളേജ്, വിഐടി, എസ്‌ആർഎം തുടങ്ങിയവ തെരഞ്ഞെടുക്കാം. എൻജിനിയറിങ്‌ കോളേജുകൾ തെരഞ്ഞെടുക്കുമ്പോൾ ഭൗതിക സൗകര്യം, യോഗ്യതയുള്ള അധ്യാപകർ, ഹോസ്റ്റൽ സൗകര്യം, ക്യാമ്പസ്സ് പ്ലേസ്മെന്റ് എന്നിവ വിലയിരുത്തണം. 

കോർ ശാഖകളായ ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ,   ഇലക്ട്രോണിക്സ് ആൻഡ്‌  കമ്മ്യൂണിക്കേഷൻ  എന്നിവ തെരഞ്ഞെടുക്കാം.  കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്ങിനും, ഐടി യ്ക്കും സാധ്യതയേറെയുണ്ട്. വിദ്യാർഥി പാസാകുന്ന സമയത്തെ തൊഴിൽസാധ്യതയും കണക്കിലെടുക്കണം.

ക്രിയേറ്റിവിറ്റി, പ്ലാനിങ്‌ എന്നിവയിൽ താൽപര്യമുള്ളവർക്ക് ആർക്കിടെക്ചർ ഡിസൈൻ, സിവിൽ എന്നിവ മികച്ചതാണ്.  ബയോമെഡിക്കൽ, സൗണ്ട്, മീഡിയ, നാനോ, പെട്രോളിയം, എൻവിയോൺമെന്റൽ, മൈനിങ്‌, എൻജിനിയറിങ്‌, റോബോട്ടിക്സ്/മെക്കാട്രോണിക്സ്, ഓട്ടോമൊബൈൽ എൻജിനിയറിങ്‌ ശാഖകളും തെരഞ്ഞെടുക്കാവുന്നതാണ്. ഫുഡ് ടെക്നോളജി, ഡെയറി ടെക്നോളജി, ഷിപ്പ് ബിൽഡിംഗ് ആൻഡ്‌ നേവൽ ആർക്കിടെക്ചർ, പോളിമർ സയൻസ്, ബിടെക് പ്രോഗാമുകൾ എന്നിവ മികച്ച തൊഴിൽ ലഭിക്കാനുതകും.

ഇന്ത്യയിൽ നിന്നും പഠിച്ചിറങ്ങുന്ന ബിരുദധാരികളിൽ തൊഴിൽ ലഭ്യതാ മികവ് 33% പേർക്ക് മാത്രമേയുള്ളൂ. ആശയ വിനിമയം, തൊഴിൽ വൈദഗ്ദ്യം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, പൊതുവിജ്ഞാനം എന്നിവ ഡിഗ്രി പഠനത്തോടൊപ്പം സ്വായത്തമാക്കണം.   താൽപര്യമുള്ള കോഴ്സ് ലഭിച്ചില്ലെങ്കിൽ ഇനിയെന്ത്? എന്നതിന് രണ്ട് സാധ്യതകളെങ്കിലും മനസിൽ  കരുതണം. താൽപര്യമുള്ള മൂന്നു കോഴ്സുകളിൽ നിന്നും മികച്ചവ തെരഞ്ഞെടുക്കുന്നതാണു നല്ലത്‌.

ബയോളജി കോഴ്സുകൾ

ബയോളജിയിൽ താൽപര്യമുള്ളവർക്ക് നീറ്റിൽ മികച്ച റാങ്ക് ലഭിച്ചാൽ എംബിബിഎസ്‌, ബിഡിഎസ്‌,  ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, വെറ്ററിനറി, കാർഷിക, ഫോറസ്ട്രി, ഫിഷറീസ് കോഴ്സുകൾ തിരഞ്ഞെടുക്കാം.

എഐഐഎംഎസ്‌, ജിപ്‌മർ എന്നിവയിൽ മികച്ച റാങ്ക് നേടിയവർക്ക് എംബിബിഎസിന് ചേരാം. എംബിബിഎസിന് അഡ്മിഷൻ ലഭിച്ചില്ലെങ്കിൽ പ്രവേശന പരീക്ഷ റിപ്പീറ്റ് ചെയ്യുന്ന പ്രവണത ഇപ്പോൾ കൂടുതലാണ്.  വീണ്ടും എഴുതിയാൽ കിട്ടുമെന്ന്‌ സാധ്യതയുള്ളവർക്ക്‌ വീണ്ടുമെഴുതാം. ആയുർവ്വേദ, യോഗ, സിദ്ധ, യുനാനി, ഹോമിയോപ്പതി എന്നിവയ്‌ക്കും സാധ്യതയേറുകയാണ്‌.  ബിഡിഎസിന്‌ വിദേശത്തും അവസരങ്ങളേറെയുണ്ട്.  വെറ്ററിനറി, കാർഷിക, ഫിഷറീസ് കോഴ്സുകൾക്ക് ഉപരിപഠന, തൊഴിൽ, ഗവേഷണ സാധ്യതകളുണ്ട്. 

പ്ലസ്സ് ടു ബയോളജി ഗ്രൂപ്പെടുത്തവർക്ക് ബിഎ്‌സി നേഴ്‌സിങ്‌, ബിഎഎസ്‌എൽപി, ഒപ്റ്റോമെട്രി, മെഡിക്കൽ ലാബോറട്ടറീസ്, പെർഫ്യൂഷൻ ടെക്നോളജി, ബി.ഫാം, ഫാം ഡി, മെഡിക്കൽ റേഡിയോ ഗ്രാഫിക് ടെക്നോളജി, ഡയാലിസിസ് തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങി നിരവധി  നേഴ്‌സിങ്‌‐പാരാമെഡിക്കൽ കോഴ്സുകളുണ്ട്.

സയൻസ്

മികച്ച തൊഴിലിന്  ബിരുദാനന്തര ബിരുദം ആവശ്യമാണെന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതാണ്. സയൻസിൽ താൽപര്യമുള്ള വിദ്യാർഥികൾക്ക് ഐസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സയൻസ്, ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ അഡ്മിഷന് ശ്രമിക്കാം. 

ബിരുദ പഠനത്തിന് കേരളത്തിൽ മികച്ച കോളേജുകളുണ്ട്. താൽപര്യമുള്ള ഡിഗ്രി കോഴ്സെടുത്ത്  സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാം.  ബിഎസ്സി ഫിസിക്സ്, കെമിസ്ട്രി, ജിയോളജി, എൻവിറോൺമെന്റൽ സയൻസ്  തുടങ്ങിയ നിരവധി പ്രോഗ്രാമുകളുണ്ട്.  കൂടാതെ ഡൽഹി, ജവഹർലാൽ നെഹ്റു സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല, ഹൈദരബാദ് സർവകലാശാല എന്നിവിടങ്ങളിൽ മികച്ച സയൻസ്‌ കോഴ്സുകളുണ്ട്. 

ഹ്യുമാനിറ്റീസ്

ഹ്യുമാനിറ്റീസ് ഗ്രൂപ്പെടുത്തവർക്ക് ചെന്നൈ ഐഐടി യുടെ ഹ്യുമാനിറ്റീസ് ആൻഡ്‌ സോഷ്യൽ സയൻസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  സോഷ്യൽ സയൻസ്, മുംബൈ, അസിം പ്രേംജി സർവകലാശാല, സിംബയോസിസ് എന്നിവയിലും കേരളത്തിലെ കോളേജുകളിലും മികച്ച പ്രോഗ്രാമുകളുണ്ട്.  ബിഎ. ഇക്കണോമിക്സ്, ഡെവലപ്മെന്റൽ സയൻസ്, സോഷ്യൽ സയൻസ്, ബിസിനസ്‌  എക്കണോമിക്സ്, ബിസിനസ്സ് കമ്മ്യൂണിക്കേഷൻ, സൈക്കോളജി തുടങ്ങിയ കോഴ്സുകൾക്ക് ചേരാവുന്നതാണ്. ഇംഗ്ലീഷ്, വിദേശ ഭാഷകളായ ഫ്രഞ്ച്, ജർമ്മൻ, അറബി, ജാപ്പനീസ് എന്നിവയിൽ ഉപരിപഠനത്തിന് സാധ്യതകളുണ്ട്. ഹൈദരബാദിലെ ഇഎഫ്‌എൽ സർവകലാശാല കൊൽക്കത്ത ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ മികച്ച കോഴ്സുകളുണ്ട്.

നിയമ പഠനത്തിൽ താൽപര്യുള്ളവർക്ക്  ത്രിവത്സര, പഞ്ചവത്സര എൽഎൽബി കോഴ്‌സുകളും ബിബിഎ എൽഎൽബി, ബിഎ എൽഎൽബി, ബികോം എൽഎൽബി  കോഴ്സുകളുമുണ്ട്‌. ക്ലാറ്റ്‌ പരീക്ഷയെഴുതി ദേശീയ നിയമ സർവകലാശാലയിൽ ഇന്റലക്‌ച്വൽപ്രോപ്പർട്ടി റൈറ്റ്സ്, പാറ്റന്റ് ലോ തുടങ്ങിയമേഖലകളിൽ സ്പെഷ്യലേസേഷനുകളുണ്ട്. 

ബിസിനസ്സ് സ്റ്റഡീസ്, കൊമേഴ്‌സ്‌

സേവന മേഖലയിൽ തൊഴിൽ നേടാൻ ബിസിനസ്സ് സ്റ്റഡീസ്, കോമ്മേഴ്സ് ഗ്രൂപ്പെടുത്തവർക്ക് നിരവധി കോഴ്സുകളുണ്ട്. മാനേജ്മെന്റ് പ്രോഗ്രാമുകൾക്കും, ബി.ബി.എ, ബി.കോം. എന്നിവയ്.ക്കും സ്പെഷലൈസേഷനുകളുണ്ട്. ബി.കോമിന് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഐ.ടി, ഇ‐കൊമ്മേഴ്സ്, സി.എ. തുടങ്ങിയ സ്പെഷ്യലൈസേഷനുകളുണ്ട്. 

ചാർട്ടേഡ് അക്കൗണ്ടന്റ്, എസിസിഎ, സിഐഎംഎ സിഐംഎ ഗ്ലോബൽ,  ആക്ച്വറിയൽ  സയൻസ്, ഫിനാൻഷ്യൽ അനലിസ്റ്റ് പ്രോഗ്രാമുകൾ, ബാങ്കിങ്ങിലും ഇൻഷൂറൻസിലുമുള്ള  ഡിഗ്രി പ്രോഗ്രാമുകൾ  എന്നിവ തിരഞ്ഞെടുക്കാം.    

0 comments: