ഫാഷന്‍ എന്ന വാക്കു പോലെതന്നെ ആകര്‍ഷകമാണീ പഠന മേഖലയും, കരിയര്‍ മേഖലയുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പഠന അവസരങ്ങള്‍ എവിടെയൊക്കെയുണ്ട്? പാഠ്യവിഷയങ്ങളെന്തെല്ലാം? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഈ കരിയര്‍ ആഗ്രഹിക്കുന്ന പലര്‍ക്കും ഉത്തരമറിയില്ലെന്നതാണു സത്യം.
വ്യക്തിഗുണങ്ങള്‍
ഫാഷന്‍ രംഗത്ത് പഠനം തുടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കലാവാസന, നിറങ്ങളിലുള്ള വൈദഗ്ദ്ധ്യം, വിശദാംശങ്ങളിലേക്കു കടന്നുചെല്ലുവാനുള്ള കഴിവ്, പുത്തന്‍ അഭിരുചികള്‍ തിരിച്ചറിയാനുള്ള കഴിവ്, കഠിനാദ്ധ്വാന സന്നദ്ധത, വരയ്ക്കുവാനും നിറങ്ങളെ ഫലപ്രദമായി ഉപയോഗിക്കുവാനുമുള്ള കഴിവ്, ശാസ്ത്രീയാവബോധം പ്രശ്നപരിഹാരപാടവം തുടങ്ങിയവയൊക്കെ അത്യന്താപേക്ഷിതമാണ്.
കരിയര്‍ സാധ്യതകള്‍
ആഗോളവത്കരണത്തിനുശേഷമാണ് ഭാരതത്തില്‍ ഫാഷന്‍ വ്യവസായം മികച്ച നിലവാരത്തിലേക്കുയര്‍ന്നത്. കഴിവും കഠിനാദ്ധ്വാന സന്നദ്ധതയുമുള്ളവര്‍ക്ക് മികച്ച അവസരങ്ങള്‍ ഇന്നീ മേഖലയിലുണ്ട്. കയറ്റുമതി സ്ഥാപനങ്ങള്‍, വസ്ത്ര ഉത്പ്പാദകര്‍, തുകലുല്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍, ആഭരണ കമ്പനികള്‍, മീഡിയ, വസ്ത്രവിതരണ ശൃംഖലകള്‍ എന്നിവയിലൊക്കെ തൊഴിലവസരമുണ്ടാകും. കാമ്പസ്സ് സെലക്ഷനിലൂടെയാണു മിക്ക വിദ്യാര്‍ത്ഥികളും തൊഴില്‍ രംഗത്തേക്കു കടക്കുന്നത്. അതുകൊണ്ടുതന്നെ പഠിക്കുന്ന സ്ഥാപനത്തില്‍ കാമ്പസ്സ് റിക്രൂട്ട്മെന്‍റ് എത്രമാത്രമുണ്ടെന്നതു പ്രവേശനം തേടുമ്പോള്‍ തന്നെ ശ്രദ്ധിക്കണം. വിദേശത്തും അവസരങ്ങള്‍ ലഭിക്കാം. സ്വന്തമായി ഡിസൈനിംഗ് സ്ഥാപനങ്ങള്‍ നടത്തുന്നവരും കുറവല്ല.
പഠനം
ഫാഷന്‍ രംഗത്തെ പഠനം പ്രധാനമായും മൂന്നു മേഖലകളിലാണ്. (1) ഫാഷന്‍ ഡിസൈനിംഗ് (2) ഫാഷന്‍ ടെക്നോളജി (3) മാനേജ്മെന്‍റ്.
ഡിസൈനിംഗ് ഫാഷന്‍ ഡിസൈന്‍, ലതര്‍ ഡിസൈന്‍, അക്സസ്സറി ഡിസൈന്‍, ടെക്സ് റ്റൈല്‍ ഡിസൈന്‍, നിറ്റ്വെയര്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ ഉപവിഭാഗങ്ങളുണ്ട്.ഫാഷന്‍ ടെക്നോളജി, പേരു സൂചിപ്പിക്കും പോലെ സാങ്കേതികതയ്ക്കാണ് ഊന്നല്‍ നല്കുന്നത് എഞ്ചിനീയറിംഗ് പഠനത്തിനു സമാനമാണിത്.ഫാഷന്‍ മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദ പഠനത്തിനാണ് അവസരം. ഇതില്‍ ഫാഷന്‍ ബിസിനസ്സാണു പഠന വിഷയം.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (NIFT)
എഞ്ചിനീയറിംഗ് പഠനത്തില്‍ IIT കള്‍ക്കും മാനേജ്മെന്‍റ് പഠനത്തില്‍ IIM കള്‍ക്കും സമാനമായ സ്ഥാനമാണ് ഫാഷന്‍ പഠന രംഗത്ത് NIFT കള്‍ക്കുള്ളത്. കേന്ദ്ര സര്‍ക്കാറിന്‍റെ ടെക്സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന NIFT കള്‍ക്ക് 15 പഠന കേന്ദ്രങ്ങളുണ്ട്. ഡല്‍ഹി, ബാംഗ്ലൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, ജോഗ്പൂര്‍, കാന്‍ഗ്ര, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, പാറ്റ്ന, റായ്ബറേലി, ഷില്ലോംഗ്.ഫാഷന്‍ ഡിസൈനിംഗിലും ടെക്നോളജിയിലും ബിരുദ കോ ഴ്സുകളും ഡിസൈനിംഗ്, ടെക് നോളജി, മാനേജ്മെന്‍റ് എന്നിവയില്‍ ബിരുദാനന്തര ബിരുദ കോ ഴ്സുകളും NIFT നടത്തുന്നു.
യോഗ്യത
💥Bachelor of Design (B.Des) കോ ഴ്സിനുള്ള അടിസ്ഥാന യോഗ്യത +2 ആണ്. Bachelor of Fashion Technology (B.F. Tech) യ്ക്ക്, ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളോടെ +2 പാസ്സാകണം.
💥പ്രവേശന പരീക്ഷ, അഭിരുചി പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയിലൂടെയാണ് സെലക്ഷന്‍. Master of Design, Master of Fashion Management എന്നീ കോഴ്സുകള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. Master of Fashion Technology പ്രവേശനത്തിന് എഞ്ചിനീയറിംഗ് ബിരുദമോ B.F. Tech ബിരുദമോ ആണ് യോഗ്യത.
💥എല്ലാ കോഴ്സുകളിലും പട്ടികജാതി – പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണമുണ്ട്.
ഫാഷന്‍ പഠനം താരതമ്യേന ചെലവുള്ളതാണ്. NIFT വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്ക് വായ്പ താരതമ്യേന എളുപ്പത്തില്‍ ലഭിക്കും.
നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഡിസൈന്‍
ഫാഷന്‍ പഠന രംഗത്തെ മറ്റൊരു പ്രമുഖ സ്ഥാപനം നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഡിസൈന്‍ (NID) ആണ്. അഹമ്മദാബാദിലും ഗാന്ധിനഗറിലും ബാംഗ്ലൂരിലും ക്യാമ്പസുകള്‍ ഉണ്ട്. B.Des (ടെക് സ്റ്റൈല്‍ ഡിസൈന്‍), M.Des (അ പ്പാരല്‍ ഡിസൈന്‍), M.Des (ലൈഫ് സ്റ്റൈല്‍ ആക്സസറീസ് ഡിസൈന്‍) എന്നിവയാണു പ്രധാന കാഴ്സുകള്‍. ബാച്ചിലര്‍ കോഴ്സ് നാലു വര്‍ഷത്തെ ദൈര്‍ഘ്യമുള്ളതും മാസ്റ്റേഴ്സ് കോഴ്സ് രണ്ടര വര്‍ഷം ദൈര്‍ഘ്യമുള്ളതുമാണ്. അഡ്മിഷന്‍ പ്രവേശന പരീക്ഷയിലൂടെയാണ്.
മറ്റു സ്ഥാപനങ്ങള്‍
ഡല്‍ഹി, മുംബൈ, ഗുവഹാട്ടി, കാണ്‍പൂര്‍, ജബല്‍പൂര്‍ എന്നിവിടങ്ങളിലെ IIT കളിലും ബാംഗ്ലൂര്‍ IISC യിലും ഡിസൈനിങ്ങില്‍ മാസ്റ്റേ ഴ്സ് പഠനത്തിനും ഡോക്ടറേറ്റ് പഠനത്തിനും അവസരമുണ്ട്. ഈ കോഴ്സുകള്‍ ഫാഷന്‍ ഡിസൈനിംഗിനു പ്രത്യേകമായുള്ളതല്ല മറിച്ച് ഡിസൈനിംഗിനുള്ള പൊതു കോഴ്സുകളാണ്.
മൊഹാലിയില്‍ നോര്‍ത്തേണ്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട്, ബാംഗ്ലൂരിലെ ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട്, യൂണിവേഴ്സിറ്റി ഓഫ് മുംബൈ, പഞ്ചാബ് യൂണിവേഴ്സിറ്റി, കോയമ്പത്തൂര്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്കൂള്‍ ഓഫ് ടെക്സ്റ്റൈല്‍ മാനേജ്മെന്‍റ് എന്നിവിടങ്ങളിലും ഫാഷന്‍ ടെക്നോളജി പഠിക്കാം.
ഫാഷന്‍ ഡിസൈനിങ് കോ ഴ്സ് നടത്തുന്ന നിരവധി സ്വകാര്യ സ്ഥാപനങ്ങളും ഉണ്ട്. ഇവിടങ്ങളില്‍ പ്രവേശനം നേടുന്നതിനു മുമ്പ് കോഴ്സുകളുടെ അംഗീകാരത്തെക്കുറിച്ചും കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ലഭിച്ച തൊഴിലുകളെ കുറിച്ചും അന്വേഷിക്കുന്നത് ഉചിതമായിരിക്കും.
കേരളത്തില്‍
NIFT യ്ക്ക് കണ്ണൂരില്‍ ക്യാമ്പസുണ്ട്. മറ്റൊരു പ്രമുഖ സ്ഥാപനം കേരള സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ കൊല്ലം കുണ്ടറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരള (IFTK) യാണ്. കേരള യൂണിവേഴ്സിറ്റിയുടെ അഫിലിയേഷന്‍ ഉള്ള ഫാഷന്‍ ഡിസൈനിങ്ങ് നാലുവര്‍ഷത്തെ ബാച്ചിലര്‍ ഡിഗ്രി കോഴ്സ് ഇവിടെ പഠിക്കാം. പ്ലസ് ടു ആണ് അടിസ്ഥാനയോഗ്യത. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ്, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
എറണാകുളത്തെ സെന്‍റ് തെരേസാസ് കോളേജ്, പെരുമ്പാവൂര്‍ സി.ഇ.ടി കോളേജ് ഓഫ് മാനേജ് മെന്‍റ് സയന്‍സ്, തൃക്കാക്കര കെ.എം.എം. കോളേജ്, കണ്ണൂരിലെ കോളേജ് ഓഫ് അപന്നൂരിലെ ഗുരുദേവ കോളേജ്, കാസര്‍കോഡ് ഗ്രീന്‍വുഡ് കോളേജ്, വയനാട് ഓറിയന്‍റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ്, കോഴിക്കോട് എം.ഇ.എസ് കോളേജ്, കോഴിക്കോട് ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ചാലക്കുടി നിര്‍മല കോളേജ്, എന്നിവിടങ്ങളില്‍ B.Sc (അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈന്‍) കോഴ്സ് ഉണ്ട്. സി.ഇ.ടി കോളേജ്, ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ M.Sc (ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍) കോഴ്സുമുണ്ട്. സെന്‍റ് തെരേസാസില്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ മാസ്റ്റേഴ്സ് പ്രോഗ്രാമും പിജി ഡിപ്ലോമയും ഉണ്ട്.
പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് ഫാഷന്‍ ഡിസൈനിങ് ഗാര്‍മെന്‍റ് ടെക്നോളജി KGTE സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിക്കുവാന്‍ അവസരമുണ്ട്. 42 ഗവണ്‍മെന്‍റ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും 87 അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിലും കോഴ്സുണ്ട്. www sittrkeraka.ac.in എന്ന വെബ്സൈറ്റില്‍ സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ലഭിക്കും.
കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി കേരള സര്‍ക്കാരിന്‍റെ കീഴിലുള്ള മറ്റൊരു പഠന കേന്ദ്രമാണ്. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കുള്ള വിവിധ ഡിപ്ലോമ കോഴ്സുകള്‍ ഇവിടെയുണ്ട്.
വിദേശ പഠനം
ന്യൂയോര്‍ക്ക് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ലണ്ടന്‍ കോളേജ് ഓഫ് ഫാഷന്‍, പാരീസിലെ മോഡ് ആര്‍ട്ട് ഇന്‍റര്‍നാഷണല്‍, കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ജര്‍മനിയിലെ HUF HAUS, സെന്‍ഫ്രാന്‍സിസ്കോ അക്കാദമി ഓഫ് ആര്‍ട്സ്, ചൈന സെന്‍ട്രല്‍ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സ് തുടങ്ങി നിരവധി ലോകോത്തര സ്ഥാപനങ്ങളില്‍ പഠനാവസരമുണ്ട്. വിദേശ പഠനം ചെലവേറിയതാണെന്ന് ഓര്‍ക്കുമല്ലോ.
ഓര്‍ക്കേണ്ടത്
ഗ്ലാമറിന്‍റെയും പകിട്ടിന്‍റെയും ലോകമെന്ന കാഴ്ചപ്പാടില്‍ മാത്രം ഈ കരിയര്‍ രംഗത്തെ സമീപിക്കുന്നതു തെറ്റാകും. കഠിനാദ്ധ്വാനവും മികച്ച കഴിവുമുള്ളവര്‍ക്കേ പടിപടിയായി മികവാര്‍ന്ന ലോകത്ത് എത്തിപ്പെടാനാകൂ.
വെബ്സൈറ്റുകള്‍
0 comments: