2022, മേയ് 8, ഞായറാഴ്‌ച

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി ഡിപ്ലോമ; ഓൺലൈൻ അപേക്ഷ 31 വരെ


കേരള സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്, ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ഗുഡ്സ് & സർവീസസ് ടാക്സേഷൻ പ്രവേശനത്തിന് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ജിഎസ്ടിയെ ‘ഗുഡ് & സിംപിൾ ടാക്സ്’ ആക്കി മാറ്റുകയാണ് കോഴ്സിന്റെ ലക്ഷ്യം. സമ്പത്തും നികുതിയും സംബന്ധിച്ച യോഗ്യതയുള്ളവർക്ക് പ്രഫഷനൽ സാധ്യതകളേറെ. ജോലിയിലിരിക്കുന്നവർക്ക് ഡിപ്ലോമ അധിക യോഗ്യതയായി പ്രയോജനപ്പെടും.

പരിശീലനം

ആകെ 150 മണിക്കൂർ ക്ലാസ്റൂം / ഓൺലൈൻ പരിശീലനം. തിരുവനന്തപുരത്തു മാത്രം 50 ദിവസങ്ങളിൽ (ചൊവ്വ / ബുധൻ) 3 മണിക്കൂർ വീതം, അല്ലെങ്കിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ 50 വാരാന്ത്യ ദിനങ്ങളിൽ 3 മണിക്കൂർ വീതം എന്ന 2 ക്രമങ്ങൾ. ഇവയിൽ ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം.

യോഗ്യത, ഫീസ്

സർവകലാശാലാ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. സിഎ / സിഎസ് / കോസ്റ്റ് അക്കൗണ്ടൻസി എന്നിവയുടെ ഇന്റർ / ഫൈനൽ യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധിയില്ല. മൊത്തം കോഴ്സ് ഫീ ഒറ്റഗഡുവെങ്കിൽ 24,780 രൂപ. 3 ഗ‍ഡുക്കളായി 9,794 / 9,794 / 6,136 രൂപ ക്രമത്തിൽ അടയ്ക്കുകയുമാകാം. വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കും മറ്റും ഫീസിളവുണ്ട്. പ്രത്യേക അപേക്ഷാഫീയില്ല; ഓൺലൈൻ അപേക്ഷയോടൊപ്പം ആദ്യഗഡു ഫീസടയ്ക്കാം. 9961708951; www.gift.res.in.

0 comments: