2022, ജൂൺ 9, വ്യാഴാഴ്‌ച

നിങ്ങള്‍ ഗൂഗിള്‍ ക്രോം, മോസില്ല ബ്രൗസറുകള്‍ ഉപയോഗിക്കുന്നവരാണോ..? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും.; മുന്നറിയിപ്പുമായി കേന്ദ്ര സര്‍കാര്‍

 

ഗൂഗിള്‍ ക്രോം, മോസില്ല ബ്രൗസറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍കാരിന്റെ ഇന്‍ഡ്യന്‍ കംപ്യൂടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം.ക്രോമിലെയും മോസിലയിലെയും പിഴവുകള്‍ മൂലം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഹാകര്‍മാര്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ പിഴവില്‍ എല്ലാത്തരം സുരക്ഷയും മറികടക്കാന്‍ കഴിയുമെന്നാണ് പുറത്ത് വരുന്ന വിവരം.

ക്രോം ഉപയോഗിക്കുന്നവര്‍ ഇതറിയുക

96.0.4664.209-ന് മുമ്പുള്ള  ക്രോം ബ്രൗസറിന്റെ പതിപ്പില്‍ ഹാകര്‍മാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന നിരവധി ബഗുകള്‍ ഉണ്ടെന്ന് ഏജന്‍സി പറഞ്ഞു. ഈ ബഗുകളെ CVE-2021-43527, CVE-2022-1489, CVE-2022-1633, CVE-202-1636, CVE-2022-1859, CVE-2022-18320, CVE-2022-18320 എന്നിങ്ങനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ മോസില ഫയര്‍ഫോക്സ്, ക്രോം ബ്രൗസറുകള്‍ എത്രയും വേഗം അപ്ഡേറ്റ് ചെയ്യാന്‍ ഏജന്‍സി ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മോസില്ലയിലെ പോരായ്മ

101 വരെയുള്ള മോസില ഫയര്‍ഫോക്സ് ഐഒഎസ് പതിപ്പിലെ അപാകതകള്‍ സിഇആര്‍ടി-ഇന്‍ സ്ഥിരീകരിച്ചു. മോസിലയിലെ എല്ലാ പിഴവുകളും ഉയര്‍ന്ന അപകടസാധ്യതയുള്ളവയാണ്. 101-ന് മുമ്പുള്ള  മോസില ഫയര്‍ഫോക്സ് ഐഒഎസ് പതിപ്പുകളിലും 91.10-ന് മുമ്പുള്ള മോസില ഫയര്‍ഫോക്സ് തണ്ടര്‍ബേര്‍ഡ് പതിപ്പുകളിലും 91.10-ന് മുമ്പുള്ള മോസില ഫയര്‍ഫോക്സ് ഇഎസ്‌ആര്‍ പതിപ്പുകളിലും 101-ന് മുമ്പുള്ള മോസില ഫയര്‍ഫോക്സ് പതിപ്പുകളിലും സിഇആര്‍ടി-ഇന്‍ ബഗുകള്‍ കണ്ടത്തിയിട്ടുണ്ട്. ബഗുകള്‍ പരിഹരിച്ച്‌ മോസില പുതിയ അപ്‌ഡേറ്റും പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് സുരക്ഷിതരായിരിക്കാന്‍ Mozilla Firefox iOS 101, Mozilla Firefox Thunderbird പതിപ്പ് 91.10, Mozilla Firefox ESR പതിപ്പ് 91.10, Mozilla Firefox പതിപ്പ് 101 എന്നിവ ഡൗണ്‍ലോഡ് ചെയ്യാം.

സിഇആര്‍ടി-ഇന്‍ അനുസരിച്ച്‌, മോസില, ക്രോം ബ്രൗസറുകളിലെ ബഗുകള്‍ കാരണം സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ട്. ഇതോടെ ഉപയോക്താവിന് വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ കഴിയില്ല, അതേസമയം ഹാകര്‍ക്ക് ഉപയോക്താക്കളുടെ ഇ-മെയില്‍ ഐഡി, വെബ്‌സൈറ്റ്, മറ്റ് അകൗണ്ടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്താനാവും. ഗൂഗിള്‍ ക്രോമിനെക്കുറിച്ച്‌ കഴിഞ്ഞ മാസവും സിഇആര്‍ടി-ഇന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗൂഗിള്‍ ക്രോമില്‍ ഒരു ബഗ് ഉണ്ടെന്നും അത് മുതലെടുത്ത് ഹാകര്‍മാര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താമെന്നും ഏജന്‍സി പറഞ്ഞിരുന്നു.

0 comments: