2022, ജൂൺ 24, വെള്ളിയാഴ്‌ച

പ്ലസ്ടു ‍കാര്‍ക്ക് സര്‍വകലാശാലകളില്‍ ഏകജാലക ബിരുദ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 15 വൈകിട്ട് 5 മണി വരെ

 

പ്ലസ്ടുകാര്‍ക്ക് ബിരുദ പഠനാവസരമൊരുക്കി സര്‍വകലാശാലകളുടെ പ്രവേശന വിജ്ഞാപനം വരവായി. കണ്ണൂര്‍ സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ 2022-23 വര്‍ഷത്തെ ഏകജാലക ബിരുദ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും www.admission.kannuruniversity.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ജൂലൈ 15 വൈകിട്ട് 5 മണി വരെ സമയമുണ്ട്. ഫീസ് 450 രൂപയാണ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 270 രൂപ മതി. എല്ലാ അനുബന്ധ കോളേജുകളിലെയും കോഴ്‌സുകള്‍ക്കായി ഒറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. 

അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. അലോട്ട്‌മെന്റ് തീയതി, കോളജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ട തിയറി തുടങ്ങിയവ അതത് സമയങ്ങളില്‍ വെബ് സൈറ്റിലൂടെയും മറ്റും അറിയിക്കും. ഗവണ്‍മെന്റ്/എയിഡഡ്/സ്വാശ്രയ കോളജുകളിലാണ് പ്രവേശനം. പ്ലസ്ടു/യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക്/ഗ്രേഡ് അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി കോളജ് കോഴ്‌സ് ഓപ്ഷനുകള്‍ പരിഗണിച്ചാണ് കേന്ദ്രീകൃത സീറ്റ് അലോട്ട്‌മെന്റ്. ബിരുദ പ്രവേശനത്തിന് പ്രായപരിധിയില്ല. ആറ് സെമസ്റ്ററുകളായുള്ള മൂന്ന് വര്‍ഷത്തെ റഗുലര്‍ ബിരുദ കോഴ്‌സുകളിലാണ് പഠനാവസരം.

മാര്‍ത്തോമ കോളജ് ഫോര്‍ ഹിയറിങ് ഇംപയേര്‍ഡ്, കാസര്‍ഗോഡ് നടത്തുന്ന ബിഎ അഫ്‌സല്‍- ഉല്‍-ഉലാമ, ബികോം കമ്പ്യൂട്ടർ  ആപ്ലിക്കേഷന്‍; പികെകെഎം കോളജ് മാനന്തവാടി നടത്തുന്ന അണ്ടര്‍ ഗ്രാഡുവേറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഈ പൊതുപ്രവേശന നടപടികളില്‍പ്പെടില്ല.ഇക്കൊല്ലം സേവ് എ ഇയര്‍ (SAY)പ്ലസ്ടു പരീക്ഷ പാസാകുന്നവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കണ്ണൂര്‍ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളും കോഴ്‌സുകളും അടങ്ങിയ പട്ടിക പ്രോസ്‌പെക്ടസില്‍ പ്രത്യേകം നല്‍കിയിട്ടുണ്ട്. ഇഷ്ടമുള്ള കോളജുകളും കോഴ്‌സുകളും തെരഞ്ഞെടുക്കാം.

മെരിറ്റ്, കമ്യൂണിറ്റി, മാനേജ്‌മെന്റ്, സംവരണം എന്നിങ്ങനെ നാല് തരം സീറ്റുകളാണുള്ളത്. ഗവണ്‍മെന്റ്/എയിഡഡ്/സ്വാശ്രയ കോളജുകളിലെല്ലാം മെരിറ്റ് സീറ്റുകളും സംവരണ സീറ്റുകളുമുണ്ട്. എയിഡഡ് കോളജുകളില്‍ കമ്യൂണിറ്റി സീറ്റുകളും എയിഡഡ്/സ്വാശ്രയ കോളജുകളില്‍ മാനേജ്‌മെന്റ് സീറ്റുകളും ലഭ്യമാണ്. ഓപ്പണ്‍ ക്വാട്ടയില്‍ മെരിറ്റടിസ്ഥാനത്തില്‍ 60% സീറ്റുകളിലും എസ്‌ഇബിസി വിഭാഗങ്ങളില്‍ 20% സീറ്റുകളിലും എസ്‌സി/എസ്ടി വിഭാഗത്തില്‍ 20% സീറ്റുകളിലും പ്രവേശനമുണ്ട്. ഇഡബ്ല്യഎസ് വിഭാഗത്തിനായി 10% സീറ്റുകള്‍ മാറ്റിവയ്ക്കും. കായികതാരങ്ങള്‍ക്ക് പ്രത്യേക അവസരമുണ്ട്.

കോഴ്‌സുകള്‍: വാഴ്‌സിറ്റിയുടെ കീഴില്‍ 10 ഗവണ്‍മെന്റ് കോളജുകളിലും 13 എയിഡഡ് കോളജുകളിലും 55 അണ്‍എയിഡഡ്/സ്വാശ്രയ കോളജുകളിലുമായി ഇനി പറയുന്ന കോഴ്‌സുകളില്‍ പ്രവേശനം തേടാം.

ബിഎസ്‌സി-വിഷയങ്ങള്‍ ;മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ജിയോളജി, ജ്യോഗ്രഫി, ഹോംസയന്‍സ്, സ്റ്റാസ്റ്റിസ്റ്റിക്‌സ്, പോളിമെര്‍ കെമിസ്ട്രി, ബയോകെമിസ്ട്രി, സൈക്കളജി, മൈക്രോ ബയളജി, പ്ലാന്റ് സയന്‍സ്, ഫോറസ്ട്രി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോടെക്‌നോളജി, ഇലക്‌ട്രോണിക്‌സ്, ലൈഫ് സയന്‍സ് (സുവോളജി & കംപ്യൂട്ടേഷണല്‍ ബയോളജി), ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്റഗറിങ് സയന്‍സ്.

ബിഎസ്‌സി-കമ്പ്യൂട്ടർ  സയന്‍സ്; ഇന്റഗ്രേറ്റഡ് എംഎസ്‌സി- കമ്പ്യൂട്ടർ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷ്യന്‍ ലേണിങ്); ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍, ബാച്ചിലര്‍ ഓഫ് കോസ്റ്റ്യൂം ആന്റ് ഡിസൈനിങ്. ബിഎ-ഇക്കണോമിക്‌സ്, ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, അറബിക് ആന്റ് ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു ആന്റ് ഇസ്ലാമിക് ഹിസ്റ്ററി, ഹിസ്റ്ററി, ഫിലോസഫി, ബാച്ചിലര്‍ ഓഫ് സോഷ്യല്‍വര്‍ക്ക് (ബിഎസ്ഡബ്ല്യു), ബിഎ-പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ബിഎ-മലയാളം, ഹിന്ദു, സംസ്‌കൃതം, കന്നട, അറബിക്, ഫംഗ്ഷണല്‍ ഹിന്ദി, ഇംഗ്ലീഷ്, ഫംഗ്ഷണല്‍ ഇംഗ്ലീഷ്.

ബികോം-ഫിനാന്‍സ്, കോഓപ്പറേഷന്‍, മാര്‍ക്കറ്റിങ് കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബാച്ചിലര്‍ ഓഫ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (ബിടിടിഎം) ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബിബിഎ), ബിബിഎ (ടിടിഎം), ബിബിഎ-റീട്ടെയില്‍ മള്‍ട്ടിമീഡിയ ആന്റ് കമ്യൂണിക്കേഷന്‍; ബിഎ കര്‍ണാട്ടിക് മ്യൂസിക്, ഭരതനാട്യം. പ്രവേശന യോഗ്യതകളും സെലക്ഷന്‍ നടപടികളും സംവരണവുമെല്ലാം പ്രോസ്‌പെക്ടസിലുണ്ട്.

ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ ട്രെയിനിങ് അഖിലേന്ത്യാ പൊതുപ്രവേശന പരീക്ഷ ജൂലൈ 17 ന്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 25 വരെ

ഐടിഐകളിലും മറ്റും ഇന്‍സ്ട്രക്ടറാകാനുള്ള ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ ട്രെയിനിങ് കോഴ്‌സിലേക്കുള്ള അഖിലേന്ത്യാ പൊതുപ്രവേശന പരീക്ഷ ജൂലൈ 17 ന് നടത്തും. ഇതിലേക്ക് ജൂണ്‍ 25 ന് രജിസ്റ്റര്‍ ചെയ്യാം. 47 ട്രേഡുകളിലാണ് പരിശീലനം. 32 നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, 12 പ്രൈവറ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങളിലാണ് ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ ട്രെയിനിങ് കോഴ്‌സുള്ളത്.

2022 ഓഗസ്റ്റ് മുതല്‍ 2023 മേയ് വരെയാണ് പരിശീലനം. യോഗ്യത, ബന്ധപ്പെട്ട ട്രെഡില്‍ എന്‍ടിസി/എന്‍എസി/എന്‍സിവിടി സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി(ടെക്‌നിക്കല്‍) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. പ്രവേശന പരീക്ഷാ ഫീസ് 500 രൂപ. എസ്‌സി/എസ്ടി/പിഎച്ച്‌/ഇഡബ്ല്യുഎസ്/വനിതകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് 300 രൂപ മതി. കൂടുതല്‍ വിവരങ്ങള്‍ https://nimi.gov.in, https://dget.gov.in ല്‍ ലഭിക്കും.

0 comments: