2022, ജൂൺ 6, തിങ്കളാഴ്‌ച

സഹാനുഭൂതിയും ക്ഷമയും ക്രിയാത്മക ശേഷിയുമുണ്ടോ?; കരിയറിൽ തിളങ്ങാം ഒക്യുപേഷനൽ തെറപ്പിസ്റ്റായി

 

അധികം പഠനാവസരങ്ങളില്ല; അതേസമയം തൊഴിലവസരങ്ങൾ വർധിച്ചുവരികയും ചെയ്യുന്നു - ഇത്തരമൊരു തൊഴിൽമേഖലയാണ് ഒക്യുപേഷനൽ തെറപ്പി. നാൽപതിലേറെ രാജ്യങ്ങളിൽ ഷോർട്ടേജ് പ്രഫഷൻ ലിസ്റ്റിലുള്ള ജോലി. ഗൾഫ്, യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ ഏറെ തൊഴിലവസരങ്ങൾ.അടുത്ത 15 വർഷമെങ്കിലും ഈ രംഗത്ത് വൈദഗ്ധ്യമുള്ളവരുടെ ദൗർലഭ്യം തുടരുമെന്നും വിലയിരുത്തപ്പെടുന്നു .

എന്താണ് ഒക്യുപേഷനൽ തെറപ്പി ? 

ജന്മനാലോ എന്തെങ്കിലും അപകടം സംഭവിച്ചോ പ്രത്യേകമായ ജോലി നിരന്തരം ചെയ്യുന്നതുകൊണ്ടോ ശാരീരിക പരിമിതികൾ നേരിടുന്നവരുണ്ട്. ചിലപ്പോൾ മാനസികമായ പ്രശ്നങ്ങളും നമ്മുടെ സ്വാഭാവിക പ്രവർത്തനങ്ങൾക്കു തടസ്സമാകും. അങ്ങനെയുള്ളവരെയെല്ലാം ആ അവസ്ഥയുടെ ആഘാതം പരമാവധി കുറയ്ക്കാൻ സഹായിക്കുന്നവരാണ് ഒക്യുപേഷനൽ തെറപ്പിസ്റ്റുകൾ. സഹാനുഭൂതിയും ക്ഷമയും ക്രിയാത്മക ശേഷികളുമുള്ളവർക്ക് ഈ മേഖലയിൽ തിളങ്ങാം. 

ജോലി എവിടെ ?

ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, വയോജന പരിപാലന കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിൽ ഏറെ ഒഴിവുകളുണ്ട്. സ്വകാര്യ പ്രാക്ടിസ്, അധ്യാപനം എന്നീ സാധ്യതകളുമുണ്ട്. 

എവിടെ പഠിക്കാം ? 

ഡിഗ്രി തലത്തിൽ നാലര വർഷത്തെ ബാച്‌ല‍‍ർ ഓഫ് ഒക്യുപേഷനൽ തെറപ്പി (ബിഒടി), പിജി തലത്തിൽ രണ്ടുവർഷത്തെ എംഒടി (എംഒടി) എന്നിവയാണു പ്രധാന കോഴ്സുകൾ. ഇന്ത്യയിലെ നാലു പ്രമുഖ ദേശീയ സ്ഥാപനങ്ങൾ ഇപ്പോൾ പൊതു പ്രവേശനത്തിന് അപേക്ഷക്ഷണിച്ചിട്ടുണ്ട്. ഒഡീഷയിലെ കട്ടക്കിലുള്ള SVNIRTAR (സ്വാമി വിവേകാനന്ദ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്, കൊൽക്കത്തയിലെ NILD (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസെബിലിറ്റീസ്), ചെന്നൈയിലെ NIEPMD (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പഴ്സൻസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ്), ഡൽഹിയിലെ PDUNIPPD(പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഴ്സൻസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസ്) എന്നിവ ചേർന്ന് ബിഒടി, ബിപിടി, ബിപിഒ കോഴ്സുകളിലേക്കു നടത്തുന്ന പൊതുപ്രവേശനപരീക്ഷയ്ക്ക് (സിഇടി) ഈമാസം25 വരെ അപേക്ഷിക്കാം. http://nioh.in/ceT2022/login.php.

കേരളത്തിൽ കോഴിക്കോടും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. ടെസ്റ്റ്‌ കഴിഞ്ഞുള്ള ഇന്റർവ്യൂ ഇക്കൊല്ലം കൊൽക്കത്തയിലാണ്. കുറഞ്ഞ ഫീസിൽ മികച്ച പഠനാവസരമാകും ലഭിക്കുക. കേരളത്തിൽ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള രണ്ടു സ്വാശ്രയ സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം മുതൽ ബിഒടി കോഴ്സ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നിഷിലും (NISH) ഇരിങ്ങാലക്കുടയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലും (NIPMR) 20 സീറ്റ്‌ വീതം. പ്രവേശനം ഹയർ സെക്കൻഡറി മാർക്കിന്റെ അടിസ്ഥാനത്തിലാണ്. എൽബിഎസ് സെന്റർ ഫോർ സയൻസ് & ടെക്നോളജി മറ്റു പാരാമെഡിക്കൽ കോഴ്സ്കൾക്കൊപ്പം ഓൺലൈനിൽ അപേക്ഷ ക്ഷണിക്കും. ഡൽഹിയിലെ ജാമിയ ഹംദർദിൽ നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. സീറ്റ് ബാക്കി വന്നാൽ നീറ്റ് എഴുതാത്തവരെയും പരിഗണിക്കും. ഇന്ത്യയിൽ മറ്റു ചുരുക്കം ചില സ്ഥാപനങ്ങളിൽ കൂടി ഈ കോഴ്സുണ്ട്....

ഓൾ ഇന്ത്യ ഒക്യുപേഷനൽ തെറപ്പിസ്റ്റ്സ് അസോസിയേഷന്റെ വെബ്‌സൈറ്റിൽ അവരുടെ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങൾ സ്ഥാപനങ്ങൾ ഏതൊക്കെയെന്ന വിവരമുണ്ട്. https://aiota.org/education/accredited_colleges

0 comments: