മകനെ സ്വകാര്യ സര്‍വകലാശാലയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ചോ മുടി കൊഴിയുന്നതിനെക്കുറിച്ചോ പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനെക്കുറിച്ചോ സുഹൃത്തുമായി സംസാരിച്ച് മണിക്കൂറുകള്‍ക്കകം ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഫോണിലേക്ക് വന്നുതുടങ്ങുന്നോ?സ്വാഭാവികമായും നിങ്ങളില്‍ സംശയമുണരും. 'എന്റെ മൊബൈല്‍ ഫോണ്‍ എനിക്കെതിരെ ചാരപ്പണി നടത്തുന്നോ?'
നമ്മുടെ മനസിലെന്താണെന്ന് സെര്‍ച്ച് എന്‍ജിനുകള്‍ക്ക് മനസിലാവുന്നതെങ്ങനെ? 2021 ജൂണ്‍ 29ന് ഐ.ടി. വിഷയങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ അതിലെ അംഗങ്ങള്‍ ഒരു ചോദ്യമുന്നയിച്ചു. ഗൂഗിള്‍ നമ്മെ ശ്രദ്ധിക്കുന്നുണ്ടോ? കമ്മിറ്റിയുടെ ചോദ്യത്തിനുത്തരമായി ഗൂഗിള്‍ പ്രതിനിധി നല്‍കിയ മറുപടി അവര്‍ അങ്ങനെ ചെയ്യാറുണ്ടെന്നായിരുന്നു.
ഉപഭോക്താക്കളെ സംബന്ധിക്കുന്ന ഡേറ്റയിലൂടെ അവരുടെ തിരച്ചില്‍രീതി മനസ്സിലാക്കി പ്രത്യേക അല്‍ഗോരിതം വഴി അന്താരാഷ്ട്ര വിപണിയില്‍ ഈ ഡേറ്റ വച്ച് പണമുണ്ടാക്കുകയാണ് സാമൂഹ്യമാദ്ധ്യമ ആപ്പുകള്‍. ഈ കമ്പനികളാകട്ടെ ആദ്യം ഉപഭോക്താക്കള്‍ക്ക് ചില സൗജന്യങ്ങള്‍ നല്‍കി ഉപഭോക്താവിനെ കാണാച്ചരടിന്റെ ഭാഗമാക്കുന്നു.
ഇന്ത്യയെ ബ്രിട്ടീഷ് വാഴ്ചയിലേക്ക് നയിച്ച ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കച്ചവടത്തിനായാണ് വന്നത്. കച്ചവടം ഉറച്ചതോടെ കമ്പനി സാമ്ബത്തിക ഭദ്രതയുള്ളവരായി. പിന്നീട് കണ്ടത് തങ്ങളുടെ കുത്തക നിലനിറുത്താന്‍ കമ്പനി തങ്ങളുടേതായ പട്ടാളത്തെ രൂപീകരിക്കുന്നതാണ്. ആധുനിക സോഷ്യല്‍മീഡിയ ആപ്പ് കമ്പനികള്‍ ചെയ്യുന്നതും ഇത്തരമൊരു കോളനിവത്കരണം തന്നെ. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിച്ച് നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്ന അവര്‍ നമ്മുടെ ചിന്തകളുടെ നിയന്ത്രണമേറ്റെടുക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളോട് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞത് മനസ്സിനെ കീഴടക്കുന്നവരായിരിക്കും ഭാവിയിലെ രാജാക്കന്മാരെന്നാണ്. ചര്‍ച്ചില്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയെന്ന് തെളിയിക്കുകയാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍.
ബൗദ്ധിക സ്വത്തവകാശത്തിന്റെ മോഷണമാണിത്. ദേശീയ സുരക്ഷയും ഇതുവഴി ഭീഷണി നേരിടുന്നു. രാജ്യത്തിന്റെ സുരക്ഷാ വിദഗ്ദ്ധരും പട്ടാളമേധാവിമാരും നേതാക്കളുമൊക്കെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. ഇതെല്ലാം അവര്‍ക്ക് കിട്ടും. വിവിധ മതവിഭാഗങ്ങളുടെ ചലനങ്ങളും ചിന്താഗതികളും നീക്കങ്ങളും മനസ്സിലായാല്‍ വിദേശികള്‍ക്ക് ഗൂഢതന്ത്രങ്ങള്‍ മെനയാനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും അതുവഴി മതസ്പര്‍ദ്ധയും മൗലികവാദവും പ്രചരിപ്പിക്കാനും കഴിയും.
പ്രാദേശികഭാഷകളുടെ പാര്‍ശ്വവത്കരണമാണ് മറ്റൊരു വെല്ലുവിളി. ഇംഗ്ലീഷ് ഭാഷയാണ് ഇന്റര്‍നെറ്റ് മേഖലയില്‍ സ്വാധീനമുറപ്പിച്ചിട്ടുള്ളത്. പ്രാദേശികഭാഷകളുടെ വികസനത്തിന് അത് തടസ്സമാകും. ചൈനയും ജപ്പാനും ഈ പ്രശ്നത്തെ മറികടന്നു കഴിഞ്ഞു. ഡേറ്റ ശേഖരണത്തിലും അതിന്റെ മാനേജ്‌മെന്റിലും നമ്മുടെ രാജ്യത്ത് ഇപ്പോഴും വേണ്ടത്ര സംവിധാനങ്ങളില്ല. ഡേറ്റ സുരക്ഷിതത്വത്തിന്റെ പ്രശ്നവും നമ്മുടെ നാട്ടിലുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഡിജിറ്റല്‍ സാക്ഷരതയിലും പിന്നിലാണ്. രാജ്യത്ത് ഡേറ്റാ സുരക്ഷയുടെ കാര്യത്തില്‍ ശക്തമായ നിയമങ്ങള്‍ അനിവാര്യമാണ്.
തടയാന്‍ എന്തുവഴി?
ഇന്ത്യയില്‍ ഡിജിറ്റല്‍ കോളനിവത്കരണം എങ്ങനെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഇത് തടയാന്‍ നാല് മാര്‍ഗങ്ങള്‍ അവലംബിക്കാം.
യൂറോപ്യന്‍ യൂണിയനിലേതുപോലെ ശക്തമായ നിയമങ്ങള്‍ ഉണ്ടാക്കുകയാണ് ഒന്നാമത്തെ മാര്‍ഗം. യൂറോപ്യന്‍ യൂണിയനിലെ പൗരന്മാരുടെ വിവരങ്ങള്‍ സ്വകാര്യകമ്പനി കള്‍ക്ക് ശേഖരിക്കണമെങ്കില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാകൂ. ഇത് ലംഘിക്കുന്ന കമ്പനികള്‍ അവരുടെ വരുമാനത്തിന്റെ നാല് ശതമാനം വരെ പിഴയടയ്‌ക്കേണ്ടി വരും. 2017ല്‍ യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് 70000 കോടി രൂപയുടെ പിഴയാണ് ചുമത്തിയത്. ഫേസ്ബുക്കിന് 890 കോടി രൂപയുടെ പിഴയും ഇട്ടു. അതുകൊണ്ടു തന്നെ കമ്പനികള്‍ക്ക് നിയമത്തെ ഭയമാണ്. യൂറോപ്യന്‍ യൂണിയനില്‍ പൗരന്മാര്‍ ആവശ്യപ്പെട്ടാല്‍ അവരുടെ ഡേറ്റകള്‍ കമ്ബനികള്‍ നശിപ്പിക്കണം.
വിദേശ സാമൂഹികമാദ്ധ്യമ ആപ്പുകളെ നിരോധിക്കുന്ന ചൈനയുടെ മാതൃകയാണ് രണ്ടാമത്തേത്. ചൈനയിലെ നിയമപ്രകാരം അവിടുത്തെ പൗരന്മാരുടെ ഡേറ്റ വിദേശത്ത് സൂക്ഷിക്കാന്‍ പാടില്ല. ഇതേനിയമം ഉപയോഗിച്ചാണ് ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ തുടങ്ങിയവയെ ചൈനയില്‍ നിരോധിച്ചത്. ഇതിന്റെ നേട്ടം ചൈനീസ് കമ്പനികള്‍ക്കാണ്. അവര്‍ക്ക് ചൈനയുടെ സംസ്‌കാരവും രീതിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. ചൈനക്കാരുടെ ഡേറ്റയും സുരക്ഷിതമായിരിക്കും.
ഡിജിറ്റല്‍ കോളനിവത്കരണം ഒഴിവാക്കാന്‍ അമേരിക്ക സ്വീകരിച്ചതാണ് മൂന്നാമത്തെ മാര്‍ഗം. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദം മൂലം സാമൂഹ്യ മാദ്ധ്യമ ആപ്പായ ടിക്ക്‌ടോക്കിന് തങ്ങളുടെ കമ്പനിയെ അമേരിക്കന്‍ സ്വകാര്യ കമ്പനിക്ക് വില്‍ക്കേണ്ടിവന്നു. ഇതോടെ അമേരിക്കന്‍ പൗരന്മാരുടെ ഡേറ്റ ടിക്ക്‌ടോക്കിന്റെ കയ്യില്‍ സുരക്ഷിതമായി.
ഇന്ത്യയില്‍ നമുക്കൊരു നാലാം മാതൃക വേണം. തദ്ദേശീയ ആപ്പുകളെ പ്രോത്സാഹിപ്പിക്കണം. വിദേശ ആപ്പായ ട്വിറ്ററിനു പകരം ഇവയെ ഉയര്‍ത്തിക്കൊണ്ടുവരണം. പ്രാദേശിക ഭാഷകളില്‍ക്കൂടി ഉള്ളതുകൊണ്ട് ഭാഷാപ്രശ്നവും പരിഹരിക്കാം. നാം ഉയര്‍ത്തിപ്പിടിക്കുന്ന ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗം കൂടിയാണിത്.
ഡിജിറ്റല്‍ കോളനിവത്കരണത്തിനെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ ഭാവിയില്‍ നാമതിന് കനത്തവില നല്‍കേണ്ടി വരും. പണത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഈകമ്പനികള്‍ ഇന്ത്യക്കാരന്റെ ഡേറ്റ വിറ്റ് ലക്ഷം കോടികളാണ് ഉണ്ടാക്കുന്നത്.
0 comments: