2022, ജൂൺ 10, വെള്ളിയാഴ്‌ച

ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് അടക്കമുള്ള സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍ ലഭ്യമാക്കും; പുതിയ പദ്ധതിയുമായി യുഐഡിഎഐ; 48,000 പോസ്റ്റ്മാന്‍മാര്‍ക്ക് പരിശീലനം നല്‍കുന്നു, വിശദാംശങ്ങളറിയാം

വീടുതോറുമുള്ള ആധാര്‍ സേവനം ആരംഭിക്കാന്‍ യുനീക് ഐഡന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ (യുഐഡിഎഐ) പദ്ധതിയിടുന്നു.ഇനി മുതല്‍ ഒരു സര്‍കാര്‍ ഓഫീസിലും ഇതിനായി കയറിയിറങ്ങേണ്ട. പോസ്റ്റ്മാന്‍ നിങ്ങളുടെ വീട്ടിലെത്തി ആധാര്‍ സേവനങ്ങള്‍ നല്‍കും.

യുഐഡിഎഐ ഇതിനായി ഇന്‍ഡ്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിലെ 48,000 പോസ്റ്റ്മാന്‍മാര്‍ക്ക് പരിശീലനം നല്‍കുന്നു. രാജ്യത്തിന്റെ വിദൂര ഭാഗങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി മൊബൈല്‍ ഫോണ്‍ നമ്ബരുമായി ആധാര്‍ നമ്ബറുകള്‍ ബന്ധിപ്പിക്കുന്നതിനും വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും കുട്ടികളെ ചേര്‍ക്കുന്നതിനും പരിശീലനം നല്‍കും.

ആധാര്‍ കാര്‍ഡ് ഉടമകളുടെ ആവശ്യമായ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് ഡെസ്‌ക്ടോപ് അല്ലെങ്കില്‍ ലാപ്ടോപ് അടിസ്ഥാനമാക്കിയുള്ള ആധാര്‍ കിറ്റുകള്‍ പോലുള്ള ആവശ്യമായ ഡിജിറ്റല്‍ ടൂളുകള്‍ യുഐഡിഎഐ പോസ്റ്റ്മാന്‍മാര്‍ക് നല്‍കും. ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ പൊതു സേവന കേന്ദ്രവുമായി നിലവില്‍ പ്രവര്‍ത്തിക്കുന്ന 13,000 ബാങ്കിംഗ് കറസ്പോണ്ടന്റുമാരെ ബന്ധിപ്പിക്കാനും യുഐഡിഎഐ പദ്ധതിയിടുന്നുണ്ട്.

ഐപിപിബി പോസ്റ്റ്മാന്‍മാര്‍കും സിഎസ്സി ബാങ്കിംഗ് കറസ്പോണ്ടന്റുകള്‍ക്കും ആധാര്‍ വിശദാംശങ്ങള്‍ ശേഖരിക്കാനും അപ്ഡേറ്റ് ചെയ്യാനും കഴിയുന്ന തരത്തില്‍ രാജ്യത്തെ 755 ജില്ലകളിലും ആധാര്‍ സേവാ കേന്ദ്രങ്ങള്‍ തുറക്കാനും പദ്ധതിയുണ്ട്. നിലവില്‍ 72 നഗരങ്ങളിലായി 88 യുഐഡിഎഐ സേവാ കേന്ദ്രങ്ങളുണ്ട്. വിദൂര കോണുകളില്‍ പോലും എത്താന്‍ പദ്ധതിയുണ്ട്.


0 comments: