2022, ജൂൺ 5, ഞായറാഴ്‌ച

ബാങ്കിനേക്കാള്‍ കുറഞ്ഞ പലിശക്ക് സ്വര്‍ണ പണയ വായ്പ! പുതിയ കൊള്ളയുമായി 'ബ്ലേഡു'കാര്‍

 

സ്വര്‍ണ പണയവായ്പ അനുവദിച്ച്‌ പലിശക്കെണിയൊരുക്കി സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍. ദേശസാല്‍കൃത ബാങ്കുകളിലേതിന് സമാനമായി കുറഞ്ഞ പലിശക്ക് സ്വര്‍ണ പണയത്തില്‍ വന്‍തുക വായ്പ നല്‍കി നിശ്ചിത കാലാവധിക്കുള്ളില്‍ പലിശ ഇരട്ടിയാക്കിയാണ് കെണിയൊരുക്കുന്നത്.

ഏഴ് ശതമാനം പലിശക്കെടുത്ത വായ്പക്ക് ഒറ്റയടിക്ക് 12 മുതല്‍ 18 ശതമാനംവരെ പലിശ വര്‍ധിപ്പിക്കുന്നതോടെ ഈടുവെച്ച സ്വര്‍ണാഭരണം തിരിച്ചെടുക്കാനോ പലിശയടക്കാനോ കഴിയാതെ വെട്ടിലാവുകയാണ് സാധാരണക്കാര്‍. രണ്ടോ മൂന്നോ തവണ നോട്ടീസ് അയക്കുന്നതിന് പിന്നാലെ സ്വര്‍ണം ലേലത്തിന് വെച്ചുമാണ് വഞ്ചന.

ദേശസാല്‍കൃത ബാങ്കുകളില്‍ വിവിധ സ്കീമുകളിലായി നാലു മുതല്‍ ഏഴുശതമാനംവരെ പലിശക്ക് സ്വര്‍ണ പണയവായ്പ ലഭിക്കുന്നുണ്ട്. മുമ്ബില്ലാത്തവിധം സ്വര്‍ണ പണയവായ്പക്ക് ബാങ്കുകള്‍ പ്രാധാന്യം നല്‍കുകയും പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിച്ച്‌ കൂടുതല്‍ പേര്‍ക്ക് വായ്പ അനുവദിക്കുകയും ചെയ്യുന്നതിനാല്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലേക്ക് വായ്പക്ക് ചെല്ലുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. ഇത് മറികടക്കാനും കൂടുതല്‍പേരെ ആകര്‍ഷിക്കാനുമായി ബ്ലേഡ് സ്ഥാപനങ്ങള്‍ ദേശസാല്‍കൃത ബാങ്കിലേതിന് സമാനമായ പലിശനിരക്ക് വാഗ്ദാനംചെയ്ത് പരസ്യം നല്‍കുകയാണ് ആദ്യം ചെയ്യുന്നത്.

ഒരുവര്‍ഷത്തേക്ക് അനുവദിക്കുന്ന വായ്പക്ക് മാസത്തില്‍ പലിശ അടക്കുന്ന രീതിയായതിനാല്‍ വലിയ ബാധ്യത ആവില്ലെന്ന കണക്കുകൂട്ടലില്‍ മിക്കവരും ഈ സ്കീമില്‍ വലിയ തുകകളാണ് വായ്പയെടുത്തത്. എന്നാല്‍, കാലാവധി തീരും മുമ്ബ് സ്കീം റദ്ദായെന്നുപറഞ്ഞ് അമിത പലിശ അടപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ഗ്രാമീണമേഖലയിലെ സ്ത്രീകള്‍ അടക്കമുള്ളവരാണ് ഇതോടെ പലിശക്കെണിയിലായത്. കക്കോടിയിലെ സ്വകാര്യ ധനകാര്യസ്ഥാപനം ഇത്തരത്തില്‍ വാഗ്ദാനം ലംഘിച്ച്‌ പലിശ ഏകപക്ഷീയമായി കൂട്ടിയതോടെ ഉപഭോക്താക്കള്‍ പ്രതിഷേധവും സ്ഥാപനത്തെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്.

12 മാസത്തേക്ക് ഏഴുശതമാനം പലിശക്ക് വായ്പയനുവദിച്ച്‌ പെട്ടെന്ന് പലിശ കൂട്ടിയ നടപടിയെ ചോദ്യം ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മുന്നില്‍ മാനേജ്മെന്‍റ് സ്കീം റദ്ദാക്കിയതിനാല്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് ജീവനക്കാര്‍ നല്‍കുന്നത്. ഇവരുടെ വാഗ്ദാനത്തില്‍ വഞ്ചിതരായി നിരവധി പേരാണ് ദേശസാല്‍കൃത ബാങ്കുകളിലെ ഉള്‍പ്പെടെ സ്വര്‍ണ പണയം ഇങ്ങോട്ടുമാറ്റി ലക്ഷക്കണക്കിന് രൂപ വിവിധ ആവശ്യങ്ങള്‍ക്കായി കൈപ്പറ്റിയത്. അതിനിടെ പലിശക്കെണിയൊരുക്കി വഞ്ചിച്ച സ്ഥാപനത്തിനെതിരെ ചില ഇടപാടുകാര്‍ ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ പലിശക്കെണിയൊരുക്കി ഈടുനല്‍കിയ ഭൂമിയും സ്വര്‍ണാഭരണവുമെല്ലാം തട്ടിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ 'ഓപറേഷന്‍ കുബേര' എന്നപേരില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നു. പൊലീസ് പരിശോധന കുറഞ്ഞതോടെയാണ് സാധാരണക്കാരെ പലിശക്കെണിയില്‍ പെടുത്തുന്ന നടപടി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ വീണ്ടും ആരംഭിച്ചത്. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പൊലീസില്‍ രൂപവത്കരിച്ച്‌ പ്രത്യേക ടീം ഇത്തരം സംഭവങ്ങളില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

കിടപ്പാടം തട്ടുന്നവരും സജീവം

പലിശക്കെണിയൊരുക്കി പാവങ്ങളുടെ കിടപ്പാടം തട്ടുന്നവരും നാട്ടിന്‍പുറങ്ങളില്‍ സജീവമാകുന്നു. വീടുള്‍പ്പെടുന്നതടക്കം ഭൂമിയുടെ ആധാരം ഈടായിവാങ്ങിയാണ് വന്‍ തുക പലിശക്ക് നല്‍കുന്നത്. പലിശ മുടങ്ങുന്നതോടെ പിഴപ്പലിശയും ഈടാക്കും. അതോടെ മുതലിലേക്ക് അടക്കാനാവാതെ പലിശ മാത്രമേ സാധാരണക്കാര്‍ക്ക് നല്‍കാനാവൂ. ലക്ഷക്കണക്കിന് രൂപ തിരിച്ചുനല്‍കിയാലും പലപ്പോഴും വായ്പയുടെ മുതലിലേക്ക് ഒന്നും വന്നിട്ടുണ്ടാവില്ല. ഇതോടെ കാലാവധി അവസാനിച്ചെന്ന് പറഞ്ഞ് ഈടുവെച്ച പുരയിടം കൈക്കലാക്കാനും മറിച്ചുവില്‍ക്കാനും സ്ഥാപനങ്ങള്‍ തന്നെ കോപ്പുകൂട്ടുകയാണ്. ചുളുവിലയ്ക്ക് ഇത്തരം സ്ഥലങ്ങള്‍ കൈക്കലാക്കാന്‍ ചില ഏജന്‍റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്.

നേരത്തെ മാവൂര്‍ റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനം പലിശക്കെണിയൊരുക്കി കക്കയം സ്വദേശിനിയായ സ്ത്രീയുടെ നാലു സെന്‍റ് പുരയിടം കൈക്കലാക്കാന്‍ ശ്രമംനടത്തിയിരുന്നു. വായ്പ തുകയുടെ പകുതിയിലേറെ അടച്ചിട്ടും പലിശ മാത്രമേ ആയിട്ടുള്ളൂ എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഈടുവെച്ച പുരയിടം കൈക്കലാക്കാനുള്ള ശ്രമം.

ഇതോടെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച്‌ സ്ഥാപനത്തിനെതിരെ രംഗത്തുവരുകയും നടക്കാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇവരുടെ ആധാരം വീണ്ടെടുത്ത് നല്‍കുകയായിരുന്നു. സമാന സംഭവങ്ങള്‍ ബാലുശ്ശേരി, താമരശ്ശേരി, കൊയിലാണ്ടി ഭാഗങ്ങളിലും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് കാലത്ത് അടവുകള്‍ മുടങ്ങിയതിന്‍റെ പലിശയും കൂട്ടുപലിശയും ചേര്‍ത്തുള്ള തുക പെട്ടെന്ന് അടച്ചുതീര്‍ക്കണമെന്ന നിര്‍ദേശമാണ് വായ്പയെടുത്ത പലര്‍ക്കും തിരിച്ചടിയാവുന്നത്.

0 comments: