നീണ്ട ഇടവേളക്കുശേഷം വിദ്യാലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്.പൊതുഗതാഗത സംവിധാനമുപയോഗിച്ചും സ്കൂള്‍ ബസുകളിലും വരുന്നതിനു പുറമെ നടന്നും സൈക്കിളിലും കുട്ടികള്‍ സ്കൂളുകളിലേക്ക് വരുന്നുണ്ട്. അതിനാല്‍തന്നെ, പൊതുനിരത്തുകളില്‍ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. റോഡ് നിയമങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവില്ലാത്തവരും തിരിച്ചറിവ് ആയിട്ടില്ലാത്ത ചെറിയ കുട്ടികളും നിരത്തുകളിലുണ്ട്. മഴക്കാലമാവുന്നതോടെ കുട ചൂടി പോകുന്നവരുടെ എണ്ണവും കൂടും. സ്വാഭാവികമായും അപകട സാധ്യത വര്‍ധിക്കുന്നു. വീട്ടില്‍നിന്നും സ്കൂളുകളില്‍നിന്നും ആവശ്യമായ റോഡ് സുരക്ഷ നിര്‍ദേശങ്ങളും പരിശീലനവും കുട്ടികള്‍ക്ക് നല്‍കുക പരമപ്രധാനമാണ്.
വാഹനം ഓടിക്കുന്നവര്‍ സ്കൂള്‍ സമയങ്ങളിലും വിദ്യാലയ പരിസരങ്ങളിലും കൂടുതല്‍ ശ്രദ്ധ കൊടുക്കണം. ടിപ്പര്‍ വാഹനങ്ങള്‍ സ്കൂള്‍ സമയത്ത് നിരത്തിലിറക്കാതെ കൂടുതല്‍ ജാഗരൂകതയോടെ പ്രവര്‍ത്തിക്കണം.
സ്കൂള്‍ മേഖലയില്‍ ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍, സീബ്രലൈനുകള്‍ എന്നിവ സ്ഥാപിച്ചുവെന്ന് ട്രാഫിക് പൊലീസ് ഉറപ്പുവരുത്തണം. സ്വകാര്യ ബസുകള്‍ കുട്ടികളെ വരിനിര്‍ത്തി കയറ്റുന്നതും ആട്ടിയകറ്റുന്നതുമായ സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാവണം. സ്കൂള്‍ മേഖലയില്‍ വാഹനങ്ങളുടെ വേഗം മണിക്കൂറില്‍ പരമാവധി 30 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. സ്കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണം. ഹെവി വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തെ പരിചയം ആവശ്യമാണ്.
സ്കൂള്‍ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ അപകടകരമായി വാഹനമോടിക്കുന്നതിനോ മറ്റു കുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുത് എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തുകയും വേണം. സ്കൂളുകളുടെ ഉടമസ്ഥതയില്‍ അല്ലാത്ത വാഹനങ്ങളില്‍, പ്രത്യേകിച്ച് ഓട്ടോകളില്‍ കുട്ടികളെ കുത്തിനിറച്ച് അപകടകരമായ രീതിയില്‍ കൊണ്ടുപോകുന്നതായ പരാതികള്‍ മുന്‍വര്‍ഷങ്ങളില്‍ വ്യാപകമായിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ ഉണ്ടാവണം.
കുട്ടികളെ കൊണ്ടുപോകുന്ന ഇത്തരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ വെള്ളപ്രതലത്തില്‍ നീല അക്ഷരത്തില്‍ 'ഓണ്‍ സ്കൂള്‍ ഡ്യൂട്ടി' എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം.
മോട്ടോര്‍ വാഹന വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍
- സ്കൂള്‍ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണറുകള്‍ നിര്‍ബന്ധം
- ജി.പി.എസ് സംവിധാനം സ്കൂള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുകയും സുരക്ഷമിത്ര സോഫ്റ്റ് വെയറുമായി ടാഗ് ചെയ്യുകയും വേണം
- വാതിലുകളില്‍ ഡോര്‍ അറ്റന്‍ഡര്‍മാര്‍ നിര്‍ബന്ധം
- സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തില്‍ കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കാവൂ
- ഒരു കാരണവശാലും കുട്ടികളെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കരുത്
- യാത്ര ചെയ്യുന്ന കുട്ടികളുടെ വിശദാംശം, ഫോണ്‍ നമ്ബര്‍ എന്നിവ രേഖപ്പെടുത്തിയ പട്ടിക ലാമിനേറ്റ് ചെയ്ത് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം
- വാതിലുകള്‍ക്ക് ലോക്കുകളും ജനലുകള്‍ക്ക് ഷട്ടറുകളും ഉണ്ടായിരിക്കണം
- സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്സ്, ഫയര്‍ എക്സിറ്റിങ്ഗ്യൂഷര്‍ എന്നിവ വേണം
- സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികള്‍ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള കോണ്‍വെക്സ് ക്രോസ് വ്യൂ കണ്ണാടിയും വാഹനത്തിനകത്ത് റിയര്‍വ്യൂ കണ്ണാടിയും ഉണ്ടായിരിക്കണം
- വാഹനത്തിന്റെ ജനലുകളില്‍ താഴെ ഭാഗത്ത് നീളത്തില്‍ കമ്ബികള്‍ ഘടിപ്പിച്ചിരിക്കണം
- കൂളിങ് ഫിലിം/ കര്ട്ടന് എന്നിവയുടെ ഉപയോഗം സ്കൂള്‍ വാഹനങ്ങളില്‍ കര്‍ശനമായി ഒഴിവാക്കണം
- സേഫ്റ്റി ഗ്ലാസ് ഘടിപ്പിച്ച എമര്‍ജന്‍സി എക്സിറ്റ് സംവിധാനം ഉണ്ടായിരിക്കണം
- വാഹനത്തിന്റെ പിറകില്‍ ചൈല്‍ഡ് ലൈന്‍ (1098), പൊലീസ് (100), ആംബുലന്‍സ് (102), ഫയര്‍ഫോഴ്സ് (101), ബന്ധപ്പെട്ട മോട്ടോര്‍ വാഹനവകുപ്പ് ഓഫിസ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്നിവരുടെ ഫോണ്‍ നമ്ബര്‍ പ്രദര്‍ശിപ്പിക്കണം
0 comments: