2022, ജൂൺ 2, വ്യാഴാഴ്‌ച

പോളിടെക്നിക് കോഴ്സുകൾ



സാങ്കേതിക രംഗത്ത് സാധാരണയായി 3 ലെവലിലുള്ള ജോലികളാണുള്ളത്. ഡിസൈൻ നടത്തുന്ന എഞ്ചിനിയേഴ്സ്, അവർ നൽകിയ ഡിസൈനിനനുസരിച്ച് ജോലി ചെയ്യേണ്ട ടെക്നീഷ്യൻസ് എന്നിവരാണു രണ്ട് കൂട്ടർ. എന്നാൽ ഇവർ രണ്ട് കൂട്ടരുടേയും ഇടയിൽ പ്രവർത്തിക്കേണ്ട സൂപ്പർവൈസർ കാറ്റഗറിയിലുള്ള ഒരു കൂട്ടരുണ്ട്. ഇവർക്ക് സാങ്കേതിക ജ്ഞാനം മാത്രം പോര നല്ല നയ ചാതുര്യവും വേണം. രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലുള്ള ജീവനക്കാരെ ഒരുമിപ്പിച്ച് കൊണ്ട് പോകേണ്ട ഭാരിച്ച ഉത്തരവാദിത്വം നിർവഹിക്കേണ്ടതുള്ളതിനാൽ തന്നെ മികച്ച മാനേജ്മെൻറ്റ് തന്ത്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയുന്നവരായിരിക്കണം. ഇങ്ങനെയുള്ള സാങ്കേതിക വിദഗ്ദരെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളാണു പോളിടെക്നിക് കോളേജുകൾ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻറ്റെ നിയന്ത്ര ണത്തിലാണിവ. ഇവിടെ നിന്നും നൽകപ്പെടുന്ന സർട്ടിഫിക്കറ്റുകൾ ഡിപ്ലോമ എന്നാണു അറിയപ്പെടുന്നത്.

ഡിപ്ലോമ പ്രോഗാമുകളെ 2 വിഭാഗമായി തിരിച്ചിരിക്കുന്നു.

1. എഞ്ചിനിയറിങ്ങ്/ടെക്നോളജി ബ്രാഞ്ചുകൾ

2. കോമേഴ്സ്/മാനേജ്മെൻറ്റ് ബ്രാഞ്ചുകൾ

ഇന്ന് കേരളത്തിൽ 28 വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകൾ ലഭ്യമാണു. നിലവിലുള്ള പോളിടെക്നിക്കുകളിൽ 7 എണ്ണം വനിതാ പോളിടെക്നിക്കുകളാണു. 9 എണ്ണം സ്വകാര്യ മേഖലയിലും.

പ്രവേശനം

പത്താം ക്ലാസാണു ഈ കോഴ്സുകൾക്ക് ചേരുവാനുള്ള അടിസ്ഥാന യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ആനുകൂല്യമുണ്ടാവും. സാമൂഹികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് മാർക്കിൽ 5% ഇളവുണ്ട്. ഇവരുടെ വാർഷിക വരുമാനം 600000 ൽ താഴെയായിരിക്കണം. എൻകിനിയറിങ്ങ്/ടെക്നോളജി വിഭാഗം ബ്രാഞ്ചുകളുടെ 10% സീറ്റുകൾ റ്റി എച്ച് എസ് എൽ സി യോഗ്യതയുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു. ഐ ടി ഐ/കെ ജി സി ഇ യോഗ്യത നേടിയവർക്കും വി എച്ച് എസ് സി ക്കാർക്കും നിയമാനുസൃത സംവരണമുണ്ട്. പോളിടെക്നിക്കുകളിലേക്കുള്ള പ്രവേശനം ജില്ലാടിസ്ഥാനത്തിലായിരിക്കും. വിവിധ ജില്ലകളിലേക്കുള്ള അപേക്ഷകൾക്ക് ഒരു അപേക്ഷ ഫോം മതിയാകുന്നതാണു.

ബ്രാഞ്ചുകൾ

സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & ഏവിയോണിക്സ്, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻറ്റേഷൺ, ഇലക്ട്രോണിക്സ് & പ്രൊഡക്ഷൻ, ടെലികമ്യൂണിക്കേഷൻ, ഇൻഫൊർമേഷൻ ടെക്നോളജി, ഇൻസ്ട്രുമെൻറ്റേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ്, ആർക്കിടെക്ചർ, ഓട്ടൊമൊബൈൽ, ബയോ മെഡിക്കൽ, കെമിക്കൽ, കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ്സ് മാനേജ്മെൻറ്റ്. കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിൻറ്റനൻസ്, ഇൻഫൊർമേഷൻ ടെക്നോളജി, മെഡിക്കൽ ഇലക്ട്രോണിക്സ്, മെഡിക്കൽ ഇൻസ്ട്രുമെൻറ്റേഷൻ, പോളിമർ ടെക്നോളജി, പ്രിൻറ്റിങ്ങ് ടെക്നോളജി, ടെക്സ്റ്റൈൽ ടെക്നോളജി, വുഡ് ടെക്നോളജി, ടൂൾ & ഡൈ മെയ്ക്കിങ്ങ്, ക്വാളിറ്റി സർവേയിങ്ങ് & കൺസ്ട്രക്ഷൻ മാനേജ്മെൻറ്റ്, കോമേഴ്സ്യൽ പ്രാക്ടീസ്

കാലാവധി

എല്ലാ ബ്രാഞ്ചുകളുടേയും കാലാവുധി 6 സെമസ്റ്റർ (3 വർഷം) ആയിരിക്കും. ഇതിനു പുറമേ ടൂൾ ആൻഡ് ഡൈ പ്രോഗ്രാമിനു 12 മാസത്തെ നിർബന്ധിത വ്യാവസായിക പരിശീലനം ഏർപ്പെടുത്തിയിട്ടുണ്ട്.

ജോലി സാധ്യത

പോളിടെക്നിക് കോഴ്സുകൾ പാസായവർക്ക് പൊതു മേഖലാ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലായി നിരവധി തൊഴിലവസരങ്ങളുണ്ട്. വിദേശത്തും അവസരങ്ങൾ അനവധിയുണ്ട്. സ്വയം തൊഴിൽ കണ്ടെത്തുകയുമാവാം.

ഉപരി പഠനം

പോളിടെക്നിക് കോഴ്സുകൾ ഒരു ടെർമിനൽ കോഴ്സായിട്ടാണു ഡിസൈൻ ചെയ്തിരുന്നുവെങ്കിലും പഠിച്ച ബ്രാഞ്ചിൽ തന്നെ ഉപരി പഠന സാധ്യതകൾ ഇന്നുണ്ട്. 3 വർഷത്തെ പഠനത്തിനു ശേഷം ലാറ്ററൽ എൻട്രി വഴി എഞ്ചിനിയറിങ്ങിൻറ്റെ മൂന്നാമത്തെ സെമസ്റ്ററിലേക്ക് (രണ്ടാം വർഷം) നേരിട്ട് പ്രവേശിക്കാം. ഒട്ടു മിക്ക കാര്യങ്ങൾക്കും എഞ്ചിനിയറിങ്ങ് ബിരുദത്തിനു തുല്യമായ എ എം ഐ ഇ/എ എം ഐ ടി ഇ തുടങ്ങിയ പ്രൊഫഷണൽ അംഗ്വത്തത്തിനു ശ്രമിക്കാം. തുടർന്ന് എം ടെ ക്കിനോ, എം ബി എക്കോ ചേരാം. മറ്റൊരു വഴി അപൂർവ്വമായിട്ടെങ്കിലുമുള്ള പോസ്റ്റ് ഡിപ്ലോമ പ്രോഗ്രാമിനു ചേരുകയെന്നതാണു. അതായത് പഠിച്ച ബ്രാഞ്ചിൽ തന്നെ തുടർ പഠനം സാധ്യമെന്നർത്ഥം. ജോലിയോട് കൂടി പാർട്ട് ടൈം ആയി എഞ്ചിനിയറിങ്ങ് പഠിക്കുവാനും സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://polyadmission.org/


0 comments: