എസ്.എസ്.എല്‍.സി. ഫലംവരാന്‍ അഞ്ചുദിവസംമാത്രം ബാക്കിയിരിക്കെ ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.ഇത്തവണ ഗ്രേസ് മാര്‍ക്കുണ്ടാകുമോ അതോ കഴിഞ്ഞവര്‍ഷത്തെപ്പോലെ ബോണസ് മാര്‍ക്ക് തുടരുമോ എന്ന കാര്യത്തില്‍പോലും വിദ്യാഭ്യാസവകുപ്പ് വ്യക്തതവരുത്തിയിട്ടില്ല.
കല, കായിക മത്സര ജേതാക്കള്‍ക്കുപുറമേ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ്, എന്‍.സി.സി., സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ലിറ്റില്‍ കൈറ്റ്സ്, ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റുകളില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിവന്നിരുന്നത്. കോവിഡ് കാരണം ഇത്തരംപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞവര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. പകരം, ഉപരിപഠനത്തിന് നിശ്ചിതമാര്‍ക്ക് ബോണസ് പോയന്റായി നല്‍കുകയാണുണ്ടായത്.
കോവിഡ് പിന്‍വാങ്ങി, സ്‌കൂളുകള്‍ സജീവമായ സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്ക് സംവിധാനം തിരികെക്കൊണ്ടുവരുമെന്നായിരുന്നു കുട്ടികളുടെയും അധ്യാപകരുടെയും പ്രതീക്ഷ. എന്നാല്‍, ഇതിനാവശ്യമായ വിവരശേഖരണമോ സര്‍ട്ടിഫിക്കറ്റ് പരിശോധനയോ ഇതുവരെ നടന്നിട്ടില്ല. അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂളുകളില്‍നിന്ന് ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കാനിടയില്ലെന്നാണ് സൂചന. ഇത്തരം സംഘടനകളും അവയ്ക്കുള്ള ഗ്രേസ് മാര്‍ക്കുമാണ് പൊതുവിദ്യാഭ്യാസത്തെ ആകര്‍ഷകമാക്കുന്നത്.
എഴുത്തുപരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്ത് ഗ്രേഡ് ഉയര്‍ത്തുന്ന നിലവിലെ രീതിക്കെതിരേ ചില കോണുകളില്‍നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഇതുവഴി അനര്‍ഹമായ അവസരങ്ങള്‍ ലഭിക്കുന്നതായി ചൂണ്ടിക്കാട്ടി ഏതാനും സി.ബി.എസ്.ഇ. പ്ലസ്ടു വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജിയും ഫയല്‍ചെയ്യുകയുണ്ടായി. ഗ്രേസ് മാര്‍ക്ക് എഴുത്തുപരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്കിനൊപ്പം ചേര്‍ക്കാതെ സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം രേഖപ്പെടുത്തും, 90 ശതമാനത്തിനുമുകളില്‍ മാര്‍ക്കുള്ള കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കില്ല എന്നീമാറ്റങ്ങളോടെ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാന്വല്‍ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പരിഷ്‌കരിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
15-ന് എസ്.എസ്.എല്‍.സി. ഫലം വരുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഹയര്‍സെക്കന്‍ഡറി മാതൃകയില്‍ എസ്.എസ്.എല്‍.സി.ക്കാര്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കാനുള്ള തീരുമാനംവന്നാല്‍പ്പോലും നടപടിക്രമങ്ങള്‍ക്കായി ഏറെസമയം ബാക്കിയില്ല.ഇതുവരെ വിവരശേഖരണമോ സര്‍ട്ടിഫിക്കറ്റ് പരിശോധനയോ നടന്നിട്ടില്ല .
0 comments: