2022, ജൂൺ 10, വെള്ളിയാഴ്‌ച

സ്‌കൂളുകളിലെ ഉച്ചഭക്ഷണം ഏജന്‍സി വഴി പരിശോധിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

 

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ നിലവാരം പരിശോധിക്കാന്‍ ഒരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ഇതിനായി പ്രത്യേക ഏജന്‍സിയെ നിയോഗിക്കും. എട്ടേക്കാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് പി എം പോഷണ്‍ പദ്ധതിയിലൂടെ ഡല്‍ഹി സര്‍ക്കാര്‍ ഉച്ചഭക്ഷണം നല്‍കുന്നത്. പാചകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണ നിലവാരം പരിശോധിക്കാനാണ് ഡല്‍ഹി സര്‍ക്കാറിന്റെ നീക്കം.എഫ് സി ഐ, എന്‍ ജി ഒ ഗോഡൗണുകളില്‍ നിന്ന് ഏജന്‍സി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിക്കും.

1026 സര്‍ക്കാര്‍ സ്‌കൂളുകളിലും 178 സ്വകാര്യ സ്‌കൂളുകളിലുമുള്ള എട്ടാം ക്ലാസുവരെയുള്ള 8.2ലക്ഷം കുട്ടികള്‍ക്ക് പി എം പോഷണ്‍ പദ്ധതി വഴി സര്‍ക്കാര്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. നഗരത്തിലെ 39 പാചക പുരകള്‍ വഴിയാണ് എന്‍ ജി ഒകള്‍ ഭക്ഷണം പാകം ചെയ്യുന്നത്.

കൃത്യമായ ഇടവേളകളില്‍ ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന നടത്തുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.ഈര്‍പ്പം, കൊഴുപ്പ്, മൈക്രോ ബയോളജിക്കല്‍ ഘടകങ്ങളുടെ സാന്നിധ്യം, എന്നിവ പാകം ചെയ്ത ഭക്ഷണത്തിലും ഈസ്റ്റ്, പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ് എന്നിവ പാകം ചെയ്യാത്ത ഭക്ഷണത്തിലും പരിശോധിക്കും. ഭക്ഷ്യ വിഷബാധ സാധ്യത ഇല്ലാതാക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ കുറ്റമറ്റ രീതിയില്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നത്.


0 comments: