വിവിധ വിഷയങ്ങളിൽ സാമാന്യമായ അറിവുസമ്പാദിച്ച് വിദ്യാഭ്യാസത്തിന്റെ അടിത്തറ ഉറപ്പിക്കാനുള്ള പഠനമാണ് എസ്എസ്എൽസി വരെ നിങ്ങൾക്കു ലഭിച്ചത്. പ്ലസ് ടുവിൽ കടക്കുന്നതോടെ രീതിമാറും. അഭിരുചി പരിഗണിച്ചും തിരഞ്ഞെടുക്കേണ്ട കരിയർ കണക്കുകൂട്ടിയുമൊക്കെയാകും വിഷയങ്ങളുടെ കോമ്പിനേഷനുകൾ നിങ്ങൾ നിശ്ചയിക്കുക.
സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് തുടങ്ങി ഉപരിപഠനത്തിനുള്ള അടിത്തറയെന്ത് എന്നതായിരിക്കും നിങ്ങൾ ഇനി മാനദണ്ഡമാക്കുക. വിദ്യാലയ സാമീപ്യം, മാർക്കു നില, സാമ്പത്തിക സ്ഥിതി എന്നിവയും വിഷയങ്ങളുടെ തിരഞ്ഞെടുപ്പിൽ ചിലരെ സ്വാധീനിച്ചേക്കാം. ഇതൊക്കെയാണെങ്കിലും പ്ലസ് ടുവിന് കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ഈ രണ്ടുവർഷത്തെ പഠനം കഴിഞ്ഞ് ഏതു വഴിയിലേക്കാണ് തിരിയേണ്ടതെന്ന വ്യക്തമായ ധാരണ നിങ്ങൾക്കുണ്ടായിരിക്കണം.
ഏറ്റവും അനുയോജ്യമായ, മനസിനിണങ്ങിയ, സാമ്പത്തിക നേട്ടവും സന്തോഷവും തരുന്ന തൊഴിലിലേക്കുള്ള വഴിയാവും നിങ്ങൾ തിരഞെടുക്കേണ്ടത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ രണ്ടുവർഷത്തെ പഠനം കൊണ്ട് ഒരു തൊഴിൽ നേടാനുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് സ്വന്തമാക്കാമെന്ന് കരുതുന്നവരുമുണ്ട്. താല്പര്യവും പ്രയത്നവുമുണ്ടെങ്കിൽ ആർക്കും ഏതു കോഴ്സും പഠിച്ച് എത്ര ഉന്നതിയിലേക്ക് വേണമെങ്കിലും കയറിപ്പോയും.
ഏത് കോഴ്സ് പഠിച്ചിലും ആത്മാർഥതയോടെയാണെങ്കിൽ ജോലി കിട്ടും. അവരവർക്ക് തിളങ്ങാൻ പറ്റുന്ന മേഖല തിരഞ്ഞെടുക്കുക. ആ മേഖലയിൽ പരമാവധി പ്രാഗത്ഭ്യം കൈവരിക്കുക. അതോടൊപ്പം തന്നെ പഠന വിഷയത്തിനപ്പുറമുള്ള നാനാവിധ മേഖലകളെക്കുറിച്ചും സാമാന്യ ജ്ഞാനം നേടി വ്യക്തിത്വത്തിന് മാറ്റുകൂടുകയും വേണം. അതിന് പരന്ന വായന സഹായിക്കും.
ഹയർസെക്കൻഡറി
ഉപരിപഠന കോഴ്സുകളിൽ പ്രധാനമായും കേരള സിലബസിലുള്ള പ്ലസ് ടു കോഴ്സാണുള്ളത്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിൽ നിന്ന് അഭിരുചിക്കും താല്പര്യത്തിനും ഉപരിപഠന ലക്ഷ്യങ്ങൾക്കും അനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാം
കൊമേഴ്സ്
കൊമേഴ്സ് സ്ട്രീമിൽ അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പോലുള്ള ഓപ്ഷണൽ വിഷയങ്ങളാണുള്ളത്.
ഹ്യുമാനിറ്റീസ്
ഹ്യുമാനിറ്റീസ് സ്ട്രീമിൽ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ജ്യോഗ്രഫി, സോഷ്യോളജി, ജേർണലിസം മുതലായവയിൽ നിന്ന് ഏതെങ്കിലും നാലെണ്ണം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
വിഎച്ച്എസ്സി കോഴ്സുകൾ
പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഒരേ സമയം ഉപരിപഠന സൗകര്യങ്ങളും തൊഴിൽ പരിശീലനവും ലഭിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി. സംസ്ഥാനത്ത് 14 ജില്ലകളിലായി 389 വിഎച്ച്എസ്സി സ്കൂളുകളാണുള്ളത്. അഖിലേന്ത്യാ തലത്തിൽ നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് രൂപകല്പന ചെയ്തിട്ടുള്ള 48 കോഴ്സുകളാണ് വിവിധ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ പരിശീലനം നൽകുന്നത്. ഈ കോഴ്സുകൾ പഠിച്ച് വിജയിക്കുന്നവർക്ക് സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലികൾക്ക് പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്യും. കേരളത്തിൽ വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്സുകൾ ഹയർസെക്കൻഡറി കോഴ്സുകൾക്ക് സമാനമായി അംഗീകരിച്ചിട്ടുണ്ട്. അതിനാൽ ഉപരിപഠനത്തിലും ഒരു തടവുമില്ല. വിഎച്ച്എസ്സി വിജയകരമായി പൂർത്തിയിക്കുന്നവർക്ക് ബിരുദ, പ്രൊഫഷണൽ ബിരുദ കോഴ്സുകളിൽ ചേർന്ന് പഠിക്കാവുന്നതാണ്.
A, B, C, D എന്നിങ്ങനെ വിഎച്ച്എസ്സി 4 ഗ്രൂപ്പുകളുണ്ട്. ഓരോ ഗ്രൂപ്പിലും മൂന്നു പാർട്ടുകൾ, ഹയർ സെക്കൻഡറി (വൊക്കേഷണൽ) പഠനം തിരഞ്ഞെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഇംഗ്ലീഷ്, സംരഭകത്വ വികസനം എന്നീ വിഷയങ്ങൾ പൊതുവായി പഠിക്കേണ്ടതുണ്ട്. ഗ്രൂപ്പ് ബി വിഭാഗത്തിലെ വൊക്കേഷണൽ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളോടൊപ്പം താൽപര്യമുണ്ടെങ്കിൽ ഗണിതം ഒരു അധിക വിഷയമായി എടുത്തു പഠിക്കാവുന്നതും മെഡിക്കൽ പ്രവേശന പരീക്ഷയോടൊപ്പം എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയും എഴുതാനുള്ള സൗകര്യം ഉപയോഗപ്പെടുത്താവുന്നതുമാണ്.
വിഎച്ച്എസ്സിയിൽ ചേരാൻ
SSLC യിൽ ഓരോ പേപ്പറിനും D+ ഗ്രേഡോ, തത്തുല്യ സ്കോറോ നേടിയവർക്ക് VHSC യിൽ ചേരാം. അപേക്ഷ സമർപ്പിക്കാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഗ്രൂപ്പ് A
അഗ്രികൾച്ചർ മെഷിനറി, മെഷിൻ ഓപ്പറേറ്റർ, ഡിസ്ട്രിബ്യൂഷൻ ലൈൻമാൻ, ഗ്രാഫിക് ഡിസൈനർ, ജൂനിയർ സോഫ്റ്റ് വേർ ഡെവലപ്പർ, ഓപ്ടിക്കൽ ഫൈബർടെക്നീഷ്യൻ, ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡ്രാഫ്റ്റ്സ്മാൻ, അസിസ്റ്റന്റ് ഓഫ്സെറ്റ് പ്രിന്റിങ് ഓപ്പറേറ്റർ, ഇൻലൈൻ ചെക്കർ, ഫീൽഡ് ടെക്നീഷ്യൻ - എയർ കണ്ടീഷനർ, ഇലക്ട്രിക്കൽ, പ്ലംബർ എന്നിങ്ങനെ 17 തൊഴിലധിഷ്ഠിത കോഴ്സുകൾ. കൂടാതെ നോൺ നൊക്കേഷണൽ വിഷയങ്ങൾ ഫിസിക്സ്, കെമിസ്ട്രി, മാത്സ്.
ഗ്രൂപ്പ് B
അസിസ്റ്റന്റ് ഫാഷൻ ഡിസൈനർ, ബ്യൂട്ടി തെറാപ്പിസ്റ്റ് , ഫിഷ് ആൻഡ് സീഫുഡ് പ്രോസസിങ് ടെക്നിഷ്യൻ, ഗാർഡനർ, മെഡിക്കൽ എക്യുപ്മെന്റ് ടെക്നിഷ്യൻ, ഡയറ്റ് അസിസ്റ്റന്റ്, ഫിറ്റ്നെസ് ട്രെയിനർ, ഫ്ലോറികൾച്ചറിസ്റ്റ്, ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ, ഷ്റിംപ് ഫാർമർ, ഓർണമെന്റൽ ഫിഷ് ടെക്നിഷ്യൻ എന്നിങ്ങനെ 23 തൊഴിലധിഷ്ഠിത കോഴ്സുകൾ. കൂടാതെ നോൺ വൊക്കേഷണൽ വിഷയങ്ങൾ: ഫിസിക്സ്, ബയോളജി, കെമിസ്ട്രി.
ഗ്രൂപ്പ് C
ടൂർ ഗൈഡ്, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകൾ. കൂടാതെ നോൺ വെക്കേഷണൽ വിഷയങ്ങൾ: ഹിസ്റ്ററി, ഇക്കണോമിക്സ്, ജ്യോഗ്രഫി പോലുള്ള ഏതെങ്കിലും ഹ്യുമാനിറ്റീസ് വിഷയങ്ങൾ.
ഗ്രൂപ്പ് D
ബിസിനസ് കറസ്പോണ്ടന്റ് ആൻഡ് ബിസിനസ് ഫെസിലിറ്റേറ്റർ, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ഓഫീസ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, കൂടാതെ നോൺ വൊക്കേഷണൽ വിഷയങ്ങൾ: അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനെജ്മെന്റ്.
സയൻസ് ഗ്രൂപ്പ്
പ്രധാനമായും ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി എന്ന ഗ്രൂപ്പും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹോം സയൻസ് അല്ലെങ്കിൽ ബയോടെക്നോളജി എന്ന ഓപ്ഷണൽ ഗ്രൂപ്പും ഫിസിക്സ്, കെമിസ്ട്രി, മാത്സ്, കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ പ്രാക്റ്റീസ് എന്ന ഓപ്ഷണൽ ഗ്രൂപ്പും ലഭ്യമാണ്. ബയോളജിയും മാത്സും ഒരുപോലെ താൽപര്യമുള്ളവർക്ക് ആദ്യത്തെ ഓപ്ഷണൽ ഗ്രൂപ്പ് തിരഞെടുക്കാവുന്നതാണ്.
0 comments: