2022, ജൂലൈ 21, വ്യാഴാഴ്‌ച

പത്താം ക്ലാസ് പാസ്സായോ? ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം നേടാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തപ്പെടുന്ന രണ്ടു വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശന നടപടികൾ 20 ജൂലൈ മുതൽ ആരംഭിക്കും. എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/ തത്തുല്യത പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ആകെ ഗ്രേഡ് പോയിന്റിനോടൊപ്പം ഇംഗ്ലീഷിനു ലഭിച്ച ഗ്രേഡ് പോയിന്റ് കൂടി ചേർത്ത് അന്തിമ ഗ്രേഡ് പോയിന്റ് കണക്കാക്കും. പ്ലസ് ടു വി.എച്ച്.എസ്.ഇ/ തത്തുല്യത പരീക്ഷ പാസായവർക്ക് ശരാശരി ഗ്രേഡ് പോയിന്റിനോടൊപ്പം 1 ഗ്രേഡ് പോയിന്റ് അധികമായി ചേർക്കും.

ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം, കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ചു ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണമായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റുവീതം യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ വിധവകൾക്കായി സംവരണം ചെയ്തിരിക്കുന്നു. എസ്.സി/ എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്.

പൊതു വിഭാഗങ്ങൾക്ക് 100 രൂപയും, പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/gci എന്ന വെബ്‌സൈറ്റ് മുഖേന One Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം. അതിനു ശേഷം വിവിധ ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വിവരങ്ങളും അനുബന്ധങ്ങളും www.polyadmission.org/gci  എന്ന അഡ്മിഷൻ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഓഗസ്റ്റ് അഞ്ചു വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

0 comments: