2022, ജൂലൈ 3, ഞായറാഴ്‌ച

വിദേശ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം: ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും നോർക്ക റൂട്ട്സ്

 


മലയാളികൾ വിദേശത്ത് തൊഴിൽത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. വിദേശ യാത്രക്ക് മുമ്പ് തൊഴിൽദാതാവിനെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജൻസികൾ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴിൽ യാത്ര നടത്തുവാൻ പാടുള്ളു. റിക്രൂട്ടിങ് ഏജൻസിയുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാരിന്റെ www.emigrate.gov.in ൽ പരിശോധിച്ച് ഉറപ്പ് വരുത്താം.  

അനധികൃത റിക്രൂട്ടിങ് ഏജൻസികൾ നല്കുന്ന സന്ദർശക വിസകൾ വഴിയുള്ള യാത്ര നിർബന്ധമായും ഒഴിവാക്കുകയും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുകയും വേണം. തൊഴിൽ ദാതാവിൽ നിന്നുള്ള ഓഫർ ലെറ്റർ കരസ്ഥമാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തൊഴിൽദാതാവ് വാഗ്ദാനം ചെയ്ത ജോലി സ്വന്തം യോഗ്യതക്കും കഴിവിനും യോജിക്കുന്നതാണോ എന്ന് ഉദ്യോഗാർഥി ഉറപ്പുവരുത്തണം.

ശമ്പളം അടക്കമുള്ള സേവന വേതന വ്യവസ്ഥകൾ അടങ്ങുന്ന തൊഴിൽ കരാർ വായിച്ചു മനസ്സിലാക്കണം. വാഗ്ദാനം ചെയ്ത ജോലിയാണ് വിസയിൽ കാണിച്ചിരിക്കുന്നതെന്നു ഉറപ്പു വരുത്തണം. വിദേശ തൊഴിലിനായി യാത്ര തിരിക്കുന്നതിന് മുൻപു, എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പാസ്പോർട്ട് ഉടമകൾ, നോർക്കയയുടെ പ്രീ- ഡിപാർച്ചർ ഓറിയന്റേഷൻ പരിശീലന പരിപാടി ഉപയോഗപ്പെടുത്തേണ്ടതാണ്.

എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള 18 ഇ.സി.ആർ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്ന ഇ.സി.ആർ പാസ്പോര്ട്ട് ഉടമകൾക്ക്, കേന്ദ്രസർക്കാരിന്റെ ഇ-മൈഗ്രേറ്റ് വെബ് പോർട്ടൽ മുഖാന്തിരം തൊഴിൽ കരാർ നിർബന്ധമാണ്. സന്ദർശക വിസ നല്കിയാണ് അനധികൃത റിക്രൂട്ടിങ് ഏജന്റ്‌റുകൾ ഇവരെ കബളിപ്പിക്കുന്നത്.

വിദേശ തൊഴിലുടമ ഇവരുടെ സന്ദർശ വിസ തൊഴിൽ വിസയാക്കി നൽകുമെങ്കിലും, തൊഴിൽ കരാർ ഇ-മൈഗ്രേറ്റ് സംവിധാനം വഴി തയ്യാറാക്കുന്നില്ല . ഇക്കാരണത്താൽ തൊഴിലുടമ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും പലർക്കും വേതനം, താമസം,മറ്റു അർഹമായ ആനുകൂല്യങ്ങൾ എന്നിവ നിഷേധിക്കുകയും തൊഴിലിടങ്ങളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വരികയും ചെയ്യും. കർശന ജാഗ്രത പാലിച്ചെങ്കിൽ മാത്രമേ വിസ തട്ടിപ്പുകൾക്കും അതുമൂലമുണ്ടാവുന്ന തൊഴിൽപീഡനങ്ങൾക്കും അറുതി വരുത്താൻ സാധിക്കൂവെന്ന് നോർക്ക സി.ഇ.ഒ പത്രക്കുറിപ്പിൽ അറിയിച്ചു.

 

0 comments: