2022, ജൂലൈ 6, ബുധനാഴ്‌ച

സംസ്കൃത സര്‍വ്വകലാശാലയിൽ ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്‍റര്‍നാഷണൽ സ്പാ തെറാപ്പി ഡിപ്ലോമ


സംസ്കൃത സർവ്വകലാശാലയിൽ ആയുര്‍വ്വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്‍റര്‍നാഷണൽ സ്പാ തെറാപ്പി ഡിപ്ലോമ പ്രോ​ഗ്രാം അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഏഴാമത്തെ ബാച്ചിലേയ്ക്കാണ് സർവ്വകലാശാല ഇപ്പോൾ പ്രവേശന വിജ്ഞാപനം നടത്തിയിരിക്കുന്നത്. ഏറ്റുമാനൂര്‍ പ്രാദേശിക ക്യാമ്പസിലാണ് ആയുര്‍വേദ പഞ്ചകര്‍മ്മ ആൻഡ് ഇന്റർനാഷണൽ  സ്പാ തെറാപ്പി ഡിപ്ലോമ പ്രോഗ്രാം നടത്തുന്നത്. 

ആയുര്‍വേദ പഞ്ചകര്‍മ്മയില്‍ അധിഷ്ഠിതമായ ഇന്‍റര്‍നാഷണല്‍ സ്പാ തെറാപ്പി കോഴ്സ് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് സ്വദേശത്തും വിദേശത്തും അനന്ത തൊഴിൽ സാധ്യതകളാണ്. ഇതുവരെ പഠിച്ചിറങ്ങിയ എല്ലാ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ടൂറിസം രംഗത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ പ്ലെയ്സ്മെന്‍റ് ലഭിച്ചു കഴിഞ്ഞു.

പാഠൃപദ്ധതി

ആയുര്‍വേദ പഞ്ചകര്‍മ്മ, സ്പാ തെറാപ്പി എന്നിവയുമായി ബന്ധപ്പെട്ട തിയറി, പ്രായോഗിക പരിശീലനങ്ങളാണ് കോഴ്സിന്റെ പ്രധാന ആകർഷണം.  ആയുര്‍വ്വേദത്തിന്‍റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍, അനാട്ടമി ആന്‍ഡ് ഫിസിയോളജി, ആയുര്‍വ്വേദ പഞ്ചകര്‍മ്മ ചികിത്സകള്‍, വിവിധ സ്പാ തെറാപ്പികള്‍ എന്നിവയാണ് ഈ കോഴ്സിൽ പ്രധാനമായും പഠിപ്പിക്കുന്നത്.  രണ്ട് സെമസ്റ്ററുകൾ ദൈർഘ്യമുളള ഈ ഒരു വര്‍ഷ ഡിപ്ലോമ കോഴ്സിലെ ആദ്യ സെമസ്റ്റർ തിയറിയും പ്രാക്ടിക്കലും ചേര്‍ന്നുള്ള പഠനമായിരിക്കും. രണ്ടാം സെമസ്റ്ററിലെ മൂന്നു മാസം പ്രമുഖ സ്ഥാപനങ്ങളില്‍ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഉണ്ടായിരിക്കും.

ആയുര്‍വേദ പഞ്ചകര്‍മ്മ: പഞ്ചകര്‍മ്മ ചികിത്സയുമായി ബന്ധപ്പെട്ട തിയറി, പ്രായോഗിക പരിശീലനങ്ങളാണ് കോഴ്സില്‍ നല്‍കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാരായ അദ്ധ്യാപകരുടെ മേല്‍നോട്ടത്തിലാണ് അദ്ധ്യാപനം. കേരളത്തിന്‍റെ തനത് ആരോഗ്യ സംരക്ഷണ ചികിത്സകളായ കിഴി, പിഴിച്ചില്‍, ധാര, ഉഴിച്ചില്‍, സ്വേദനം, ലേപനം തുടങ്ങിയവയിലും പരിശീലനം നല്‍കുന്നു.

സ്പാ തെറാപ്പി: സ്പാ തെറാപ്പിയില്‍ പ്രായോഗിക പരിശീലനം നല്‍കാന്‍ വിദഗ്ധ അദ്ധ്യാപകര്‍ വിദേശത്ത് നിന്നും എത്തുന്നു. തിയറി ക്ലാസ്സുകള്‍ ആയുര്‍വ്വേദ അദ്ധ്യാപകര്‍ നയിക്കുന്നു. അരോമ തെറാപ്പി, സ്വീഡിഷ് മസ്സാജ്, തായ് മസ്സാജ്, ഹോട്ട് സ്റ്റോണ്‍ മസ്സാജ്, റിഫ്ലെക്സോളജി എന്നിവയിലാണ് പ്രായോഗിക പരിശീലനം.

പ്രായോഗിക പരിശീലനത്തിന് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സൗകാര്യങ്ങളുണ്ട്. അടിസ്ഥാന തത്ത്വങ്ങളിലും പ്രായോഗിക രീതികളിലും സമാനതയുള്ള പഞ്ചകര്‍മ്മ, സ്പാ ചികിത്സാ രീതികള്‍ സമന്വയിപ്പിച്ചുള്ള പാഠൃക്രമം കോഴ്സിന്‍റെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. രാജ്യത്തിനകത്തും വിദേശത്തുമുള്ള തൊഴില്‍ സാദ്ധ്യതകള്‍ മുന്നില്‍ക്കണ്ട് ഇംഗ്ലീഷ് ഭാഷാപഠനത്തിനും വ്യക്തിത്വ വികസനത്തിനും കോഴ്സില്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

0 comments: