2022, ജൂലൈ 15, വെള്ളിയാഴ്‌ച

കാര്‍ഡ് ഉപയോ​ഗിച്ച്‌ ഇന്ധനം നിറച്ചാല്‍ വര്‍ഷത്തില്‍ 40 ലിറ്റര്‍ സൗജന്യം! നിങ്ങളുടെ കയ്യിലെ കാര്‍ഡില്‍ ഈ നേട്ടമുണ്ടോ?

 

മഴക്കാലം കൂടി എത്തിയതോടെ കാര്‍ എടുക്കാതെ പുറത്തേക്കിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. ഇതിനാല്‍ നല്ല ഇന്ധന ചെലവാകും സ്ഥിരം യാത്രക്കാര്‍ക്ക് അനുഭവപ്പെടുക. സ്ഥിരം യാത്രക്കാര്‍ക്ക്, വലിയ തോതില്‍ ഇന്ധന ചെലവു വരുന്നവര്‍ക്ക് ഉപയോ​ഗിക്കാവുന്നൊരു വഴിയാണ് വിശദീകരിക്കുന്നത്. ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വര്‍ഷത്തില്‍ 40 ലിറ്ററോളം പെട്രോള്‍ സൗജന്യമായി നേടാം. ഇത് എങ്ങനെയാണെന്ന് നോക്കാം.

ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ്

എണ്ണ വിതരണ കമ്ബനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരിച്ച്‌ ബാങ്കുകള്‍ പുറത്തിറക്കുന്ന കാര്‍ഡുകളാണ് ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ്. കാര്‍ഡുമായി സഹകരിക്കുന്ന കമ്ബനികളുടെ പമ്ബില്‍ നിന്ന് വാഹനത്തിന് ഇന്ധനം നിറയ്ക്കുമ്ബോള്‍ നേട്ടങ്ങള്‍ ലഭിക്കുമെന്നതാണ് ഈ കാര്‍ഡിന്റെ പ്രത്യേകത. ഇതുവഴി ഇന്ധന ചെലവ് കുറയ്ക്കാന്‍ സാധിക്കും. ഇത് എങ്ങനെയെന്ന് നോക്കം.

ഉദാഹരണത്തിന് സിറ്റി ഇന്ത്യന്‍ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാം. ഇന്ത്യന്‍ ഓയില്‍ പമ്ബുകളില്‍ നിന്ന് 150 രൂപയ്ക്ക് ഇന്ധനം നിറച്ച്‌ സിറ്റി ഇന്ത്യന്‍ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 4 ടര്‍ബോ പോയിന്റ് ഉപഭോക്താവിന് ലഭിക്കും. ഒരു ടര്‍ബോ പോയിന്റ് 1 രൂപയ്ക്ക് തുല്യമാണ്. ഇതുപ്രകാരം 10,000 രൂപയ്ക്ക് ഇന്ധനം അടിക്കുന്നൊരാളാള്‍ക്ക് 267 ടര്‍ബോ പോയിന്റുകള്‍ ലഭിക്കും. ഇത് 267 രൂപയ്ക്ക് തുല്യമാണ്.

ഇതോടൊപ്പം ഈ കാര്‍ഡ് ഉപയോഗിച്ച്‌ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ഉപഭോഗത്തിന് അധിക പോയിന്റുകള്‍ ലഭിക്കും. ഈ പോയിന്റുകള്‍ പെട്രോള്‍ പമ്ബില്‍ റഡീം ചെയ്യാം.

ഇന്ധന ഉപയോഗം കൂടുതലുള്ളവര്‍ക്ക് ഈ രീതി ഉപകാര പ്രദമാണ്. വര്‍ഷത്തില്‍ 15,000 കിലോ മീറ്റര്‍ സഞ്ചരിക്കുന്ന കാറുമടയ്ക്ക് ലിറ്ററിന് 10 കിലോമീറ്റര്‍ മൈലേജ് ലഭിച്ചാല്‍ 1,500 ലിറ്റര്‍ വര്‍ഷത്തില്‍ ആവശ്യമുണ്ട്. കൊച്ചിയിലെ പെട്രോള്‍ വിലയായ 105.84 രൂപ പ്രകാരം വര്‍ഷത്തില്‍ 1,58,760 രൂപ ഇന്ധന ചെലവ് വരുന്നു. മാസത്തില്‍ 13,000 രൂപ പെട്രോള്‍ ഇനത്തില്‍ ചെലവാക്കണം ഈ തുക ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി അടച്ചാല്‍ വര്‍ഷത്തില്‍ 4,200 രൂപയില്‍ കൂടുതല്‍ റിവാര്‍ഡ് ആയി ലഭിക്കും. ഈ തുക ഉപയോഗിച്ച് ഇന്നത്തെ നിരക്കില്‍ 40 ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം​

ഇന്ധന ഉപഭോഗം കൂടിയവര്‍ക്ക് ഇത്തരം കാര്‍ഡുകള്‍ ഉപകാര പ്രദമാണ്. ഇതോടൊപ്പം വെല്‍ക്കം ബോണസ്, മൈല്‍സ്‌റ്റോണ്‍ ബോണസ് എന്നിങ്ങനെ ആനുകൂല്യങ്ങളും അധികമായി ലഭിക്കും. ഇന്ധനത്തെ കൂടാതെ മറ്റു പര്‍ച്ചേസുകള്‍ക്കും ഈ കാര്‍ഡ് ഉപയോഗിക്കാം. ഇതുവഴിയും റിവാര്‍ഡ് നേടാന്‍ സാധിക്കും. മാസത്തില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ ഇടപാടുകള്‍ റിവാര്‍ഡിനായി ആവശ്യമുണ്ട്. ഇതിനാല്‍ ദീര്‍ഘ യാത്ര ചെയ്യുന്നവര്‍ക്കോ ജോലിക്കായി വാഹനം ഉപയോഗിക്കുന്നവര്‍ക്കോ മാത്രമാണ് ഇവ ഉപകാരമാകുക. മിക്ക ഫ്യുവല്‍ കാര്‍ഡുകളും പ്രത്യേക ബ്രാന്‍ഡുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ ഈ കമ്പനി പമ്പുകളില്‍ നിന്ന് മാത്രം ഇന്ധനം നിറച്ചാല്‍ മാത്രമെ നേട്ടമുണ്ടാവുകയുള്ളൂ.

കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുന്‍പ് ചെലവുകളെ പറ്റി മനസിലാക്കണം. സ്ഥിരം വാഹനം ഉപയോഗിക്കുന്ന ആളാണോ, പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരാണോ, കാര്‍ഡ് സ്വീകരിക്കുന്ന പെട്രോള്‍ പമ്പുകളുടെ സാമീപ്യം എന്നിവ മനസിലാക്കണം. കാര്‍ഡിന്റെ വാര്‍ഷിക ഫീസ്, റിവാര്‍ഡ് നിരക്ക്, റിവാര്‍ഡ് റെഡീം ചെയ്യുന്നതിനുള്ള ഉപാധികളും നിബന്ധനകളും എന്നിവ അറിഞ്ഞിരിക്കണം. ഉയര്‍ന്ന വാര്‍ഷിക ചാര്‍ജുകള്‍ ഈടാക്കുന്നുണ്ടെങ്കില്‍ അത് വിപരീത ഫലം ചെയ്യും.


0 comments: