2022, ജൂലൈ 15, വെള്ളിയാഴ്‌ച

നിങ്ങളറിഞ്ഞില്ലേ; ഡെബിറ്റ് കാർഡിൽ ഒളിഞ്ഞിരിക്കുന്നുണ്ട് 10 ലക്ഷത്തിന്റെ സൗജന്യ അപകട ഇൻഷൂറൻസ്!

 


ഇൻഷൂറൻസ് പോളിസി ഇക്കാലത്ത് അത്യാവശ്യമാണ്. നല്ലൊരു തുക അതിനായി പല കുടുംബങ്ങളിലും ചെലവഴിക്കുന്നുണ്ട്. എന്നാൽ സൗജന്യമായി ലഭിക്കുന്ന കൈവള്ളയിൽ ഇരിക്കുന്ന ഇൻഷൂറൻസിനെ പറ്റി പലർക്കും അറിയില്ലെന്നതാണ് സത്യം.

ഇക്കാലത്ത് പലരുടെ കയ്യിലും ഒന്നില്‍ കുറയാത്ത ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാകും. ഇവ ഷോപ്പിംഗിനും ബാങ്കിംഗ് ആവശ്യങ്ങള്‍ക്കും മാത്രമുള്ളതാണെന്ന കരുതിയാൽ തെറ്റി. കയ്യിലുള്ള ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വഴി 2 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ അപകട ഇന്‍ഷൂറന്‍സ് ലഭിക്കും. ഇക്കാര്യ പല കാർഡ് ഉടമകൾക്കും പുതിയ അറിവായിരിക്കും.

ബാങ്കുകള്‍ അനുവദിക്കുന്ന വിവിധ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സൗജന്യ വ്യക്തിഗത ഇന്‍ഷൂറന്‍സ് ലഭിക്കുക. മിക്ക ബാങ്കുകളും ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അപകടം വഴിയുണ്ടാകുന്ന ആശുപത്രി വാസത്തിനും മരണത്തിനും പരിരക്ഷ നല്‍കുന്നുണ്ട്.

കാര്‍ഡിന്റെ തരം നോക്കിയാണ് ഇന്‍ഷൂറന്‍സ് തുക തീരുമാനിക്കുന്നത്. ബാങ്കും ഉപയോ​ഗിക്കുന്ന കാർഡിന്റെ തരവുമനുസരിച്ച് 2,00,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വരും. അപകടം നടന്നാല്‍ ഗുണഭോക്താവിന 90 ദിവസത്തിനുള്ളില്‍ ആവശ്യമായ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കൂടി ബാങ്കിനെ സമീപിച്ച് പണത്തിന് ക്ലെയിം ചെയ്യാം.

നിബന്ധനകള്‍

ചില നിബന്ധനകൾക്ക് വിധേയമായി മാത്രമെ കാർഡ് ഉടമകൾക്ക് ഇൻഷൂറൻസ് അനുവദിക്കുകയുള്ളൂ. അപകടം ഉണ്ടാകുന്നതിന് 90 ദിവസത്തിനുള്ളില്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു പര്‍ച്ചേസെങ്കിലും നടത്തണമെന്നത് ഇന്‍ഷൂറന്‍സ് ലഭിക്കാനുള്ള നിബന്ധനയാണ്. ഇതോടൊപ്പം ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്ന കാർഡ് ഉടമയായിരിക്കുകയും വേണം.

4 ഡെബിറ്റ് കാര്‍ഡുകളും 1 ക്രെഡിറ്റ് കാര്‍ഡും ഉണ്ടെങ്കില്‍ എല്ലാ കാര്‍ഡ് ഉപയോഗിച്ചും ക്ലെയിം ചെയ്യാമെന്ന് കരുതിയാല്‍ തെറ്റി. ഒരു കാര്‍ഡില്‍ നിന്ന് മാത്രമെ ഇന്‍ഷൂറന്‍സിന് അവകാശമുള്ളൂ. ഒരു അക്കൗണ്ടിന് ബാങ്ക് വിവിധ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടാകാം. എങ്കിലും ഒരു കാര്‍ഡിന് മാത്രമാണ് ഇൻഷൂറൻസ് ലഭിക്കുന്നത്.

എസ്ബിഐ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇൻഷൂറൻസ് പോളിസികൾ ബാങ്ക് നൽകുന്നുണ്ട്. ഇവ ഏതൊക്കെയാണെന്ന് നോക്കാം. വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ് (നോണ്‍എയര്‍) ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. വിമാനത്തിൽ കൂടിയല്ലാതെയുള്ള അപകട മരണങ്ങൾക്കാണ് ഇൻഷൂർ ലഭിക്കുന്നത്. ഡെബിറ്റ് കാര്‍ഡ് തരം അനുസരിച്ചാകും ഇന്‍ഷൂറന്‍സിന് യോഗ്യത. അപകടം നടക്കുന്നതിന് 90 ദിവസം മുന്‍പ് കാര്‍ഡ് ഉപയോഗിച്ച് ഏതെങ്കിലും സാമ്പത്തിക ഇടപാട് നടത്തേണ്ടതായിട്ടുണ്ട്. 

വ്യക്തിഗത എയര്‍ ആക്‌സിഡന്റ് ഇന്‍ഷൂറന്‍സ് (എയർ) ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്കാണ് വ്യക്തിഗത എയര്‍ ആക്‌സിഡന്റ് ഇന്‍ഷൂറന്‍സ് ഗുണം ലഭിക്കുക. വിമാന അപകട മരണത്തിനാണ് ഇൻഷൂറൻസ് ലഭിക്കുക. അപകടം നടന്ന ദിവസത്തിന് 90 ദിവസം മുന്‍പ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തിയാൽ മാത്രമാണ് ഇൻഷൂറൻസ് യോ​ഗ്യത നേടുകയുള്ളൂ. ചില സന്ദര്‍ഭങ്ങളില്‍ പ്രസ്തുത ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ വിമാന ടിക്കറ്റിനാണ് ഇന്‍ഷൂറന്‍സ് ലഭിക്കുക.

പര്‍ച്ചേസ് പരിരക്ഷ 

സാധനം വാങ്ങി 90 ദിവസത്തിനുള്ളില്‍ കളവ്, ഭവനഭേദനം വഴി സാധനം നഷ്ടപ്പെട്ടാല്‍ പര്‍ച്ചേസ് പരിരക്ഷ ലഭിക്കും. സാധനം കാറില്‍ നിന്ന് മോഷ്ടിക്കപ്പെട്ടാലും ഇന്‍ഷൂറന്‍സ് ലഭിക്കും. യോഗ്യതയുള്ള ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തിയ വാങ്ങലുകള്‍ക്കാണ് പരിരക്ഷ ലഭിക്കുക. സ്വര്‍ണം, വിലപിടിപ്പുള്ള കല്ലുകള്‍ എന്നിവയ്ക്ക് ഈ പരിരക്ഷ ലഭിക്കില്ല. ഏത് തരം കാര്‍ഡുകൾക്കാണ് ബാങ്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നത് എന്ന് ബാങ്ക് ശാഖകളില്‍ നിന്നോ വെബ്‌സൈറ്റില്‍ നിന്നോ മനസിലാക്കാം.


0 comments: