2022, ജൂലൈ 8, വെള്ളിയാഴ്‌ച

ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ പേരില്‍ വീണ്ടും തട്ടിപ്പ്; മീശോയുടെ ഉപഭോക്താക്കള്‍ തട്ടിപ്പിനിരയായി, ക്യാഷ് പ്രൈസ് ലഭിച്ചുവെന്ന് കത്ത്


പ്രമുഖ ഇ-കോമേഴ്സ് വെബ്സൈറ്റ് കമ്പനിയായ മീശോയുടെ പേരില്‍ തട്ടിപ്പു നടക്കുന്നതായി പരാതി. മീശോ വ്യാപാര വെബ്സൈറ്റില്‍ നിന്നും അടുത്തിടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ തൃശൂരിലെ ഏതാനും ഉപഭോക്താക്കളുടെ മേല്‍വിലാസത്തില്‍ ഒരു കത്ത് ലഭിച്ചിരുന്നു.ഈ കത്തില്‍, മീശോയുടെ ഉപഭോക്താക്കള്‍ എന്ന നിലയ്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു എന്ന അറിയിപ്പാണ് ഉണ്ടായിരുന്നത്.

ഇതിനോടൊപ്പം ഒരു സ്‌ക്രാച്ച്‌ കാര്‍ഡും ഉണ്ടായിരിക്കും. സ്‌ക്രാച്ച്‌ കാര്‍ഡ് ഉരസി നോക്കിയതിനുശേഷം ക്യാഷ് പ്രൈസ് ആണ് ലഭിച്ചിരിക്കുന്നതെങ്കില്‍ ഉപഭോക്താവിന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍, പാന്‍കാര്‍ഡ് നമ്പർ , ബാങ്ക് വിലാസം തുടങ്ങിയവ രേഖപ്പെടുത്തി, മീശോ കമ്ബനിക്ക് ഇ-മെയിലിലൂടേയോ, വാട്സ് ആപ്പിലോ അയച്ചു നല്‍കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ലഭിച്ച ഭൂരിഭാഗം ആളുകള്‍ക്കും ലക്ഷങ്ങളുടെ ക്യാഷ് പ്രൈസ് ലഭിച്ചതായാണ് കാണുന്നത്. ഇത് ലഭിക്കുമെന്ന ആകാംക്ഷയില്‍ ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ അയച്ചു നല്‍കാന്‍ ആവശ്യപ്പെടുന്നു. വലിയ തുക സമ്മാനം ലഭിച്ചിരിക്കുന്നതിനാല്‍ ലോട്ടറി ആക്‌ട് അനുസരിച്ചുള്ള നികുതി അടക്കുന്നതിനായി ആവശ്യപ്പെടും.

നികുതി തുക അടച്ചു കഴിഞ്ഞാല്‍, പ്രോസസിങ്ങ് ഫീസ് തുടങ്ങിയ മറ്റ് ഫീസുകളുടെ പേരുപറഞ്ഞ് പിന്നേയും ഉപഭോക്താവില്‍ നിന്നും പണം ഈടാക്കും. വളരെ വലിയ തുക ലഭിക്കുമെന്ന വിശ്വാസത്തില്‍ ഉപഭോക്താവ് പല ഘട്ടങ്ങളിലായി ചെറിയ തുകകളായി പണം കൈമാറുകയും, അത് നഷ്ടപ്പെടുകയും ചെയ്യുന്നു. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നഷ്ടപ്പെടുന്നതിനാല്‍ പിന്‍ നമ്പറും ഒടിപിയും കരസ്ഥമാക്കി, തട്ടിപ്പു നടക്കുന്നതിനും സാധ്യതയുണ്ട്.

ഉപഭോക്താക്കളുടെ വിശ്വാസം ലഭിക്കുന്നതിനായി ബാങ്ക് ലോഗോയും ട്രേഡ് മാര്‍ക്കുകളും വ്യാജ സീലും ഒപ്പും തട്ടിപ്പുകാര്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ മുന്‍നിര ഇ-കോമേഴ്സ് സ്ഥാപനങ്ങളായ ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍ പേ തുടങ്ങിയവയുടേയും ട്രേഡ്മാര്‍ക്ക് ചിഹ്നങ്ങള്‍ പതിച്ചതായി പരാതിക്കാര്‍ പറയുന്നു.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നു ?

പ്രമുഖ ഇ-കോമേഴ്സ് വ്യാപാര വെബ്സൈറ്റുകളില്‍ നല്‍കുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നതായി സൈബര്‍ ക്രൈം വിഭാഗം സംശയം പ്രകടിപ്പിച്ചു. ഇ-കോമേഴ്സ് വെബ്സൈറ്റുകളില്‍ ഉപഭോക്താക്കള്‍ നല്‍കുന്ന ഡെലിവറി വിലാസത്തിലാണ് തട്ടിപ്പുകാര്‍ കത്തുകള്‍ അയച്ചു നല്‍കുന്നത്. അതിനാല്‍ കത്ത് യഥാര്‍ത്ഥത്തിലുള്ളതാണെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. കൊറിയര്‍ സ്ഥാപനങ്ങളില്‍ നിന്നോ, ഇ-കോമേഴ്സ് വെബ്സൈറ്റുകളില്‍ നിന്നോ ഹാക്കര്‍മാര്‍ ഉപഭോക്താക്കളുടെ പേരും വിലാസവും ഉള്‍ക്കൊള്ളുന്ന ഡാറ്റാബേസുകള്‍ അടിച്ചുമാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.


0 comments: