2022, ജൂലൈ 8, വെള്ളിയാഴ്‌ച

ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ എസ്ബിഐ...!!

നിങ്ങള്‍ എസ്ബിഐയുടെ ഒരു ഉപഭോക്താവാണെങ്കില്‍, ഈ വാര്‍ത്ത ഏറെ പ്രധാനപ്പെട്ടതാണ്. അതായത്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിക്കാന്‍ SBI നിര്‍ദ്ദേശിക്കുന്നു.ജൂലൈ 1 മുതല്‍ SBI ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിയ്ക്കുകയാണ്. ഒരു പക്ഷെ നിങ്ങളുടെ അക്കൗണ്ടും ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിയ്ക്കാം. കെവൈസി  മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്‍റെ പേരില്‍ നിരവധി അക്കൗണ്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  ബ്ലോക്ക് ചെയ്തു. ജൂലൈ 1 മുതല്‍ ആണ് KYC വിശദാംശങ്ങള്‍ പുതുക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ എസ്ബിഐ മരവിപ്പിച്ചത്.

ബാങ്ക് സ്വീകരിച്ച ഈ നടപടി മൂലം സ്വദേശത്തും വിദേശത്തും താമസിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ അക്കൗണ്ടുകള്‍ പ്രവത്തനരഹിതമായിരിയ്ക്കുകയാണ്. ഇക്കാരണത്താല്‍ വിദേശത്തു താമസിക്കുന്നവര്‍ ഉള്‍പ്പെടെ പല ഉപഭോക്താക്കള്‍ക്കും അവരുടെ എസ്ബിഐ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ നിലവില്‍ ഒരു ഇടപാടും നടത്താന്‍ സാധിക്കുന്നില്ല. നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്ത്‌ എത്തിയിരിയ്ക്കുന്നത്. മുന്‍കൂട്ടി അറിയ്ക്കതെയാണ് ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തത് എന്നാണ് നിരവധി ഇടപാടുകാരുടെ പരാതി.

എന്നാല്‍, ഉപഭോക്താക്കളുടെ പരാതിയ്ക്ക് ബാങ്ക് വ്യക്തമായ മറുപടിയും നല്‍കുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ ബാങ്ക് നടത്തുന്ന ഒരു പതിവ് നടപടിയാണ് കെവൈസി വിശദാംശങ്ങള്‍ പുതുക്കുക എന്നത്. KYC പുതുക്കാനുള്ള സന്ദേശം ഉപഭോക്താക്കള്‍ക്ക് സമയാസമയങ്ങളില്‍ നല്‍കിയിരുന്നു എന്നാണ് ബാങ്ക് അറിയിയ്ക്കുന്നത്. അക്കൗണ്ട് ബ്ലോക്ക് ആയ ഉപഭോക്താക്കള്‍ ബാങ്ക് സന്ദര്‍ശിച്ച്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ബാങ്ക് നിര്‍ദ്ദേശിക്കുന്നു.ഉപഭോക്താക്കള്‍ അവരുടെ യഥാര്‍ത്ഥ കെവൈസി രേഖകളും ഒപ്പം ഒരു ഫോട്ടോയും സഹിതം ബ്രാഞ്ച് സന്ദര്‍ശിക്കണം എന്നാണ് എസ്ബിഐ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.


0 comments: