പ്ലസ് വണ്‍ പ്രവേശനത്തിന് ഏഴ് ജില്ലകളില്‍ 30 ശതമാനവും മൂന്നു ജില്ലകളില്‍ 20 ശതമാനവും സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ മുഖ്യഘട്ടം മുതല്‍തന്നെ ആനുപാതിക സീറ്റ് വര്‍ധനയും താല്‍ക്കാലിക അധിക ബാച്ചുകളും അനുവദിച്ചാകും അലോട്ട്മെന്റ് പ്രക്രിയ. ഇതിനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ വൈകാതെ പുറത്തിറങ്ങും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലാണ് 30 ശതമാനം സീറ്റ് വര്‍ധന. ഈ ജില്ലകളിലെ എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധന അനുവദിക്കും.
ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി സീറ്റ് വര്‍ധന (മൊത്തം 30 ശതമാനം) അനുവദിക്കും. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ 20 ശതമാനം സീറ്റ് വര്‍ധന അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി വിജയിച്ച കുട്ടികളെക്കാള്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുണ്ടെന്ന വിലയിരുത്തലില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ സീറ്റ് വര്‍ധനയുണ്ടാകില്ല.
കഴിഞ്ഞ അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും ഉള്‍പ്പെടെ 81 താല്‍ക്കാലിക ബാച്ചുകള്‍ ഈ വര്‍ഷം ഉണ്ടാകും. സീറ്റ് വര്‍ധനയും താല്‍ക്കാലിക ബാച്ചുകളും ആദ്യഘട്ടംതന്നെ നടപ്പാക്കുന്നത് മെറിറ്റുള്ള വിദ്യാര്‍ഥികള്‍ക്ക് ഇഷ്ട സ്കൂളുകളും വിഷയ കോമ്ബിനേഷനും ഉറപ്പുവരുത്താന്‍ വഴിയൊരുക്കും. കഴിഞ്ഞ വര്‍ഷം മുഖ്യഘട്ടത്തില്‍ രണ്ട് അലോട്ട്മെന്റുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇത്തവണ ഇതു മൂന്നാക്കുന്നതും പ്രവേശനത്തിലെ മെറിറ്റ് ഉറപ്പുവരുത്താന്‍ സഹായകമാകും.
0 comments: