2022, ജൂലൈ 7, വ്യാഴാഴ്‌ച

പ്ലസ് വണ്‍ പ്രവേശനം: വിജ്ഞാപനത്തിന് മുൻപ് അക്ഷയ വഴി അപേക്ഷ വാങ്ങി; 25 രൂപക്ക് പകരം ഫീസ് 140 രൂപ!

 


പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ ഔദ്യോഗിക വിജ്ഞാപനം ഇറങ്ങുന്നതിന് മുൻപ്  അപേക്ഷാ ഫോറം സ്വീകരിച്ച്‌ അക്ഷയ കേന്ദ്രങ്ങള്‍.11-ന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ആരംഭിക്കാനിരിക്കെയാണ്, സ്വന്തം നിലക്ക് അപേക്ഷ ഫോറം അച്ചടിച്ച്‌ വിതരണം ചെയ്തത്. അപേക്ഷ ഫോറത്തിന് മാത്രം 10 രൂപയാണ് കേന്ദ്രങ്ങളില്‍ ഈടാക്കുന്നത്.

പഠിച്ചിറങ്ങിയ സ്‌കൂളിലെ കമ്പ്യൂട്ടർ അനുബന്ധ സൗകര്യങ്ങളും അധ്യാപകരുടെ സഹായത്തോടെ അപേക്ഷ സമര്‍പ്പിക്കാമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സ്കൂളുകള്‍ക്കും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് ഒരു കുട്ടിയോട് അപേക്ഷ സമര്‍പ്പണത്തിനായി 140 രൂപയാണ് ഈടാക്കിയത്. കോഴ്‌സിന് ചേരുന്ന സമയത്ത് 25 രൂപമാത്രമാണ് അപേക്ഷ ഫീസായി നല്‍കേണ്ടത്. ഇതിനാണ് അഞ്ചിരട്ടിയിലേറെ ഫീസ് ഈടാക്കി കുട്ടികളെ ചൂഷണം ചെയ്യുന്നത്.

അക്ഷയ കേന്ദ്രങ്ങള്‍ സ്ഥലപ്പേര് വെച്ചും അല്ലാതെയും അപേക്ഷ അച്ചടിച്ചിട്ടുണ്ട്. ചിലത് സര്‍ക്കാര്‍ മുദ്ര പ്രത്യേകം ചേര്‍ത്തവയാണ്. ഐ.ടി അറ്റ് സ്‌കൂളിന്റെ ലോഗോയാണ് മറ്റുചിലര്‍ ഉപയോഗിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് അപേക്ഷ സംബന്ധിച്ച്‌ അറിഞ്ഞതെന്ന് 'അപേക്ഷ' പൂരിപ്പിച്ചു നല്‍കിയ വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ വെബ് സൈറ്റിലാണ് അപേക്ഷ നല്‍കേണ്ടത്. ഇതില്‍ കൊടുക്കുന്ന ലോഗിന്‍ വിവരങ്ങള്‍ സൂക്ഷിച്ചുവെച്ചാല്‍ അലോട്ട്‌മെന്റ്മെന്റ് വിവരങ്ങള്‍ അറിയാന്‍ കഴിയും. സുതാര്യമായ ഏകജാലക സംവിധാനം ഉണ്ടായിരിക്കെ മറ്റൊരു ഏജന്‍സി അപേക്ഷ തയാറാക്കി വിവരങ്ങള്‍ ശേഖരിക്കുന്നത് അനാധികൃതമാണെന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ പറയുന്നു.

0 comments: