2022, ജൂലൈ 25, തിങ്കളാഴ്‌ച

വിദ്യാര്‍ഥികളില്ല: എയ്‌ഡഡ്‌ കോളജ്‌ അധ്യാപകര്‍ പ്രതിസന്ധിയില്‍; ക്ളാസുകളില്‍ രണ്ടും മൂന്നും കുട്ടികള്‍, അഞ്ചു കുട്ടികളെങ്കിലും ഇല്ലെങ്കില്‍ കോഴ്‌സ്‌ നഷ്‌ടമാകും

 

വിദ്യാര്‍ഥികളുടെ കുറവുമൂലം എയ്‌ഡഡ്‌ കോളജുകള്‌ അധ്യാപകരുടെ നിലനില്‍പ്‌ ഭീഷണിയില്‍.പല കോളജുകളിലും മിനിമം വിദ്യാര്‍ഥികളില്ല. പരമ്ബരാഗത കോഴ്‌സുകളിലെ സ്‌ഥിതി ദയനീയമാണ്‌. ബിരുദ തലത്തില്‍ നാല്‍പതു കുട്ടികള്‍ വേണ്ടിടത്തു രണ്ടും മൂന്നും കുട്ടികളാണു പല കോളജുകളിലും. ആദ്യം മാനവിക വിഷയങ്ങളിലായിരുന്നു പ്രതിസന്ധിയെങ്കില്‍ പിന്നീട്‌ ഫിസിക്‌സ്‌, കെമിസ്‌ട്രി വിഭാഗങ്ങളിലേക്കും ഇതു വ്യാപിച്ചു.ഒരു ക്ലാസില്‍ അഞ്ചു കുട്ടികളെങ്കിലും ഇല്ലെങ്കില്‍ കോഴ്‌സ്‌ നഷ്‌ടമാകുമെന്നാണു ചട്ടം. ഹിന്ദി, മലയാളം ഉപഭാഷ പഠിക്കാന്‍ 120 കുട്ടികള്‍ വേണം. എന്നാല്‍, പലയിടത്തും ഇതിന്റെ പകുതി പേര്‍ പോലുമില്ല. എന്നാല്‍, ബി.കോം, എം.കോം വിഷയങ്ങളില്‍ ഈ പ്രതിസന്ധിയില്ല.

അതേസമയം, എയ്‌ഡഡ്‌ കോളജുകളിലെ തൊഴിലധിഷ്‌ഠിത കോഴ്‌സുകള്‍ക്കും സ്വാശ്രയ കോഴ്‌സുകള്‍ക്കും ആവശ്യക്കാരുണ്ട്‌. കോഴ്‌സുകളും കാമ്ബസും സൗകര്യങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തി വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനാണു കോളജ്‌ അധികൃതരുടെയും അധ്യാപകരുടെയും ശ്രമം. മാത്രമല്ല, ബിരുദ പഠനത്തിനായി വിദേശത്തേയ്‌ക്കു പോകുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്‌. മുന്‍പ്‌ ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ക്കായിരുന്നു കൂടുതലായും വിദേശരാജ്യങ്ങളെ ആശ്രയിച്ചിരുന്നത്‌.

ഐ.ഐ.ടി. പോലുള്ള മുന്‍നിര സ്‌ഥാപനങ്ങളില്‍ ഭാഷസാഹിത്യം ഉള്‍പ്പെടെയുള്ള മാനവിക വിഷയങ്ങള്‍ ബിരുദതലം മുതലുണ്ട്‌. ഇവിടങ്ങളില്‍ ബിരുദം കഴിഞ്ഞാല്‍, നേരിട്ടു ഗവേഷണത്തിലേക്കു കടക്കാമെന്ന സൗകര്യമുള്ളതിനാല്‍, മികച്ച വിദ്യാര്‍ഥികള്‍ അത്തരം സ്‌ഥാപനങ്ങളാണ്‌ തെരഞ്ഞെടുക്കുന്നത്‌.മിനിമം കുട്ടികളിലില്ലെങ്കില്‍ കോഴ്‌സ്‌ തന്നെ നഷ്‌ടമാകുന്ന സ്‌ഥിതി വ്യാപകമാണ്‌. എയ്‌ഡഡ്‌ അധ്യാപകര്‍ക്കാകട്ടെ അതേ കോളജിലെ സ്വാശ്രയ കോഴ്‌സുകള്‍ പഠിപ്പിക്കാനുമാവില്ല.

കോര്‍പറേറ്റ്‌ മാനേജ്‌മെന്റിനു കീഴിലുള്ള കോളജാണെങ്കില്‍ അധ്യാപകര്‍ക്കു മറ്റു കോളജിലേക്കു മാറാം. അവിടങ്ങളിലും വിദ്യാര്‍ഥികളിലെങ്കില്‍ മറ്റു എയ്‌ഡഡ്‌ കോളജുകളില്‍ കയറാം. ഇതല്ലെങ്കില്‍ സ്‌കൂള്‍ തലത്തിലെ പ്രൊട്ടക്ടഡ്  അധ്യാപകരുടെ മാതൃകയില്‍ ഇവരെയും സര്‍ക്കാര്‍ സംരക്ഷിക്കേണ്ട സാഹചര്യമുണ്ടാകാം.

0 comments: