2022, ജൂലൈ 23, ശനിയാഴ്‌ച

പ്ലസ്ടുവിന്റെ ഓണപ്പരീക്ഷ ഓണം കഴിഞ്ഞ്‌ നടത്തുന്നത് ആലോചനയിൽ

 

ക്ലാസ്‌ നഷ്ടം മൂലം അധ്യയനം ഇഴയുന്നതിനാൽ പ്ലസ്ടുവിന്റെ ഓണപ്പരീക്ഷ ഓണം കഴിഞ്ഞ്‌ നടത്തുന്നത് ആലോചനയിൽ. പത്താം ക്ലാസ് വരെയുള്ള പരീക്ഷകൾ ഓണത്തിനുമുമ്പ് നടത്താനാണ് സാധ്യത. തീയതി അന്തിമമായി തീരുമാനിക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല.

വിദ്യാഭ്യാസരംഗത്ത് കോവിഡ് ഉണ്ടാക്കിയ താളംതെറ്റിക്കലിന്റെ അവസാനത്തെ കണ്ണികളാണ് ഇപ്പോഴത്തെ പ്ലസ്ടു വിദ്യാർഥികൾ. കഴിഞ്ഞ മാർച്ചിൽ നടക്കേണ്ട പ്ലസ്‌വൺ  പരീക്ഷകൾ ജൂണിൽ എഴുതേണ്ടി വന്നവരാണിവർ. പ്ലസ്ടുവിന്റെ സ്‌കീം ഓഫ് വർക്ക് ഇക്കൊല്ലത്തേത് പുറത്തിറക്കിയിട്ടില്ല. 2018-ലെ സ്‌കീം ഓഫ് വർക്കാണ് ഇപ്പോഴും നിലവിലുള്ളത്. ജൂൺ, ജൂലായ്‌, ഓഗസ്റ്റ് മാസങ്ങളിൽ പഠിപ്പിച്ചുതീരേണ്ട പാഠഭാഗങ്ങളുടെ വിവരങ്ങളാണിതിലുള്ളത്.

എന്നാൽ, ജൂണിൽ പ്ലസ്ടുവിന്റെ ഒരു പാഠവും പഠിപ്പിക്കാൻ കഴിഞ്ഞില്ല. ജൂലായ്‌ നാലിനാണ് ക്ലാസ് തുടങ്ങിയത്. ആറാംതീയതി മുതൽ പ്ലസ്‌വൺ പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയം തുടങ്ങി. അധ്യാപകരിൽ നല്ലൊരു ശതമാനവും മൂല്യനിർണയ ക്യാമ്പുകളിലേക്ക് പോയപ്പോൾ അധ്യയനം അവതാളത്തിലായി.മൂല്യനിർണയത്തിന് പോയ അധ്യാപകരുടെ പീരിയഡുകളിൽ, ക്യാമ്പിനു പോകാത്ത അധ്യാപകർ പഠിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് മിക്ക സ്‌കൂളുകളിലും നടപ്പായില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോഴും മൂല്യനിർണയ ക്യാമ്പുകൾ നടന്നുവരുകയാണ്.

0 comments: