2022, ജൂലൈ 1, വെള്ളിയാഴ്‌ച

വിദ്യാർത്ഥികൾക്ക് വരുമാനമുണ്ടാക്കാൻ 10 മാർഗ്ഗങ്ങൾ

 

വിദ്യാര്‍ത്ഥി ജീവിതം കഴിഞ്ഞ് ഉദ്യോഗസ്ഥരായി മാത്രം വരുമാനം ഉണ്ടാക്കിയിരുന്ന പഴയ കാലം പൊയ്പോയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും ഇന്ന് പല തരത്തില്‍ വരുമാനം നേടാനുള്ള മാര്‍ഗമുണ്ട്. അധ്വാന ശീലം കുട്ടികളില്‍ വളര്‍ത്താന്‍ നല്ല ഒരു ഉപാധിയാണ് അവര്‍ക്ക് വേണ്ട പോക്കറ്റ് മണിക്കുള്ള പണം അവരെക്കൊണ്ട് തന്നെ ഉണ്ടാക്കാന്‍ ശീലിപ്പിക്കുക എന്നത്. അവര്‍ക്ക് ഇഷ്ടമുള്ളതു വാങ്ങാന്‍, ഇഷ്ടമുള്ള ഭക്ഷണം വാങ്ങി കഴിക്കാന്‍, കൂട്ടുകാര്‍ക്കൊപ്പം ഒന്നു യാത്ര പോകാന്‍, അല്ലെങ്കില്‍ കുറച്ചു സമ്പാദിക്കാന്‍ പണം ആവശ്യമായി വരും. ഓരോ തവണയും അച്ഛനമ്മമാരോട് ചോദിക്കേണ്ടി വരുന്നതിനെക്കാള്‍ നല്ലത് അവ നല്ല രീതിയില്‍ സ്വയം ഉണ്ടാക്കുന്നതല്ലേ. അങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെയൊക്കെ പണമുണ്ടാക്കാം? അതിനുള്ള പത്ത് വഴികള്‍ ചുവടെ ചേര്‍ക്കുന്നു.

1. സര്‍വ്വേ നടത്തി വരുമാനം നേടാം(Online surveys)

വിദ്യാര്‍ഥികള്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതും വരുമാനം ഉണ്ടാക്കാവുന്നതുമായ ജോലിയാണ് സര്‍വ്വേ ജോലികള്‍. കുറെ കമ്പനികള്‍ പലത്തരം സര്‍വ്വേകള്‍ നടത്തുന്നുണ്ട്. അവരുടെ പ്രൊഡക്ടുകള്‍ വാങ്ങാന്‍ തല്‍പര്യം ജനങ്ങള്‍ക്കുണ്ടോ എന്നറിയാനും, ജനങ്ങളുടെ സ്വഭാവ സവിശേഷത എങ്ങനെ എന്നൊക്കെ അറിയാനുമാണ് ഭൂരിഭാഗം സര്‍വ്വേകളും. ആ സര്‍വ്വേകളില്‍ പങ്കെടുക്കുന്നതിന് അവര്‍ കുറച്ച് പണവും നല്‍കുന്നതാണ്. വീട്ടിലിരുന്ന് ഇന്‍റര്‍നെറ്റ് കണക്ഷനും ഒരു കമ്പ്യൂട്ടറും ഉണ്ടെങ്കില്‍ ചെയ്യാവുന്ന ജോലിയേ ഉള്ളൂ. എന്തിന്, ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ പോലും ഈ ജോലി ചെയ്യാം. പക്ഷേ പൊതുവില്‍ ഈ ജോലിക്കു വരുമാനം കുറവാണ്.

2. ബ്ലോഗിങ്ങ് & വ്‌ളോഗിംഗ്(Blogging)

ഇപ്പോള്‍ ഏറെ പ്രചാരമുള്ള ജോലിയാണ് ബ്ലോഗിങ്ങും വ്‌ളോഗിംഗ്. അക്ഷരാഭ്യാസവും എഴുത്തില്‍ പ്രാവീണ്യമുള്ള ഏതൊരാള്‍ക്കും ചെയ്യാവുന്ന ജോലിയാണ് ബ്ലോഗിങ്. വിദ്യാര്‍ഥികള്‍ക്കും പഠനം കഴിഞ്ഞുള്ള സമയങ്ങളില്‍ ചെയ്ത് വരുമാനമുണ്ടാക്കാവുന്ന ജോലിയാണിത്. പലരും സ്വന്തമായി ബ്ലോഗ് തുടങ്ങി അതില്‍ ഇഷ്ടമുള്ള വിഷയങ്ങളെപ്പറ്റി എഴുതി അതില്‍ വരുന്ന പരസ്യങ്ങളിലൂടെ വരുമാനമുണ്ടാക്കുന്നുണ്ട്. അല്ലെങ്കില്‍ കുറെ കമ്പനികള്‍ ബ്ലോഗ് എഴുത്തുകാരെ തേടുന്നുണ്ട്. അത്തരം ജോലികളും ചെയ്ത് വരുമാനമുണ്ടാക്കാം.

കുറച്ചുകൂടി ശ്രമകരമായ ജോലിയാണ് വ്‌ളോഗിംഗ്. വീഡിയോ വ്ലോഗിങ്ങിന്‍റെ ചുരുക്കപ്പേരാണ് വ്‌ളോഗിംഗ്. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി വ്‌ളോഗിംഗ് ചെയ്യുന്ന നിരവധി ആള്‍ക്കാരുണ്ട്. യാത്ര, സിനിമാനിരൂപണം, പുസ്തക ആസ്വാദനം, പാചകം, ഫാഷന്‍ എന്നീ മേഖലകള്‍ വ്‌ളോഗിംഗ് കൂടുതലായി വരുമാനം ഉണ്ടാക്കി കൊടുക്കുന്നു. പാര്‍ട്ട് ടൈം ജോലിയായി വ്ലോഗിങ് തുടങ്ങി പിന്നീട് വരുമാനം അനുസരിച്ച് മുഴുവന്‍ സമയ ജോലിയായി സ്വീകരിക്കാവുന്നതുമാണ്.

3. ഈ-കൊമേഴ്സ് ചെയ്യാം (E-commerce)

ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്‍റെ കാലമാണ് ഇത്. പക്ഷേ അതിലൂടെ തന്നെ കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ പറ്റിയാലോ. ഈ-കൊമേഴ്സ് ജോലി അതിനു ഊന്നല്‍ നല്‍കിയുള്ളതാണ്. ഇന്‍റെര്‍നെറ്റിലൂടെയുള്ള കൊടുക്കല്‍ വാങ്ങലുകളെയാണ് പൊതുവില്‍ ഈ-കൊമേഴ്സ് മേഖല എന്നു പറയുന്നത്.

ആമസോണ്‍, മീഷോ പോലുള്ള സൈറ്റുകള്‍ തങ്ങളുടെ ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിവുള്ളവര്‍ക്ക് അതിനു തക്ക കമ്മീഷന്‍ കൊടുക്കുന്നുണ്ട്. അഫിലിയേറ്റ് മാര്‍ക്കറ്റിങ് എന്നാണ് ഇതിന് പേര്. കമ്മീഷന്‍ ചിലപ്പോള്‍ പണമായും ചിലപ്പോള്‍ ഗിഫ്റ്റ് കൂപ്പണുകളുമായിട്ടാണ് തരാറുള്ളത്. ഇതിലൂടെ പണം സമ്പാധിക്കാനോ വാങ്ങുന്ന വസ്തുക്കളില്‍ വിലകിഴിവ് ലഭിക്കാനോ ഇടയുണ്ട്. കൂട്ടുകാര്‍ക്കും കുടുംബത്തിലുള്ളവര്‍ക്കും വേണ്ടി പലതും വാങ്ങി നല്‍കുന്നതിലൂടെ അല്ലെങ്കില്‍ അവരോടു വാങ്ങാന്‍ നിര്‍ദ്ദേശിക്കുക വഴി അവര്‍ വാങ്ങുന്നതിലൂടെയും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് തന്നെ വരുമാനമുണ്ടാക്കാം. സ്മാര്‍ട്ട് ഫോണ്‍ കയ്യില്‍ ഉണ്ടായാല്‍ മതി.

നിങ്ങളൊരു എഴുത്തുകാരനോ അല്ലെങ്കില്‍ ചിത്രകാരനോ ഒക്കെ ആണെങ്കില്‍, ഇപ്പൊഴും പ്രസിദ്ധീകരിക്കാത്ത സൃഷ്ടികള്‍ ഉണ്ടെങ്കില്‍, ഈ-കൊമേഴ്സിന്‍റെ സാധ്യത മുന്‍നിര്‍ത്തി ആമസോണ്‍ പോലുള്ള സൈറ്റുകളില്‍ സ്വയം പ്രസിദ്ധീകരണങ്ങള്‍ ചെയ്യാനുള്ള മാര്‍ഗവും ഉണ്ട്. അതിലൂടെയും ഒരു വരുമാനം ഉണ്ടാക്കാവുന്നതാണ്.

4. കോള്‍ സെന്‍റര്‍, വെർച്യുൽ അസിസ്റ്റന്‍റ് ജോലികള്‍ (Call center)

അധികസമയം ഉണ്ടെങ്കില്‍ ചെയ്യാന്‍ പറ്റുന്ന ജോലികള്‍ ആണ് കോള്‍ സെന്‍റര്‍ ജോലികളും വെർച്യുൽ അസിസ്റ്റന്‍റ് ജോലികളും. ഇമെയില്‍ കൈകാര്യം ചെയ്യല്‍, യാത്ര ഷെഡ്യൂള്‍ ചെയ്യല്‍, മീറ്റിങ്ങുകള്‍ ഷെഡ്യൂള്‍ ചെയ്യല്‍ പോലുള്ള കാര്യങ്ങള്‍ക്ക് പലരും അസിസ്റ്റന്‍സിനെ വയ്ക്കാറുണ്ട്.

ഇപ്പോള്‍ അത് ഓണ്‍ലൈന്‍ വഴി ചെയ്തു കൊടുക്കുന്നതാണ് വെർച്യുൽ അസിസ്റ്റന്‍റ് ജോലി. ഓഫീസ് കോളുകള്‍ ചെയ്യുന്നതിനും, ഈമെയില്‍ കൈകാര്യം ചെയ്യാനും, കൂടാതെ വീട്ടിലിരുന്നു ചെയ്യാവുന്ന എല്ലാ ഓഫീസ് ജോലികളും വെർച്യുൽ സഹായത്തോടെ ചെയ്തുകൊടുക്കാം. ജോലി തരുന്ന ക്ലയന്‍റിന് ഒരു സഹായി എന്ന രീതിയിലാണ് ഈ ജോലി. അതിനു അവര്‍ നമുക്ക് പണം നല്‍കുന്നു.

ഉഭഭോക്താവ്‌ സേവനങ്ങളും സാങ്കേതികമായ പിന്തുണ നല്‍കുന്നതുമായ ജോലികളാണ് കോള്‍ സെന്‍റര്‍ ജോലികള്‍. കുറെ പേരെ വച്ച് കോള്‍ സെന്‍റര്‍ ജോലി നടത്തുന്ന കമ്പനികള്‍ ധാരാളമുണ്ട്. എന്നാല്‍ ഈയിടെ ഇത്തരം ജോലികള്‍ ഓണ്‍ലൈന്‍ ആയും ലഭ്യമാണ്. ഒരു കമ്പനിയുടെ മുറിക്കുള്ളില്‍ ഒതുങ്ങാതെ നമ്മുടെ വീട്ടില്‍ തന്നെ ഒരു ലാപ്ടോപ്പും ഇന്‍റര്‍നെറ്റ് കണക്ഷനും ജോലിക്ക് വേണ്ട അനുബന്ധ ഘടകങ്ങളും ഉണ്ടെങ്കില്‍ നമുക്കും ഒരു കോള്‍ സെന്‍റര്‍ ജോലി ചെയ്യാം.

ശാന്തമായ ഒരു അന്തരീക്ഷവും മികച്ച സംഭാഷണ കഴിവുകളും, സാങ്കേതിക പിന്തുണയും ഈ ജോലി ആവശ്യപ്പെടുന്നു. ഫ്രീലാന്‍സ് വെബ്സൈറ്റുകളും മറ്റും ഇത്തരം ജോലികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പഠനം കഴിഞ്ഞ് വെറുതെ ഇരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു മുഴുവന്‍ സമയ ജോലിയായി ഇത് തിരഞ്ഞെടുക്കാവുന്നതാണ്.

5. ഫ്രീലാന്‍സ് ജോലികള്‍ (Freelance)

നമ്മളില്‍ ഒട്ടുമിക്കവര്‍ക്കും ഒരാളുടെ കീഴിലോ ഒരു കമ്പനിയുടെ കീഴിലോ പണിയെടുക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ്. സ്വതന്ത്രരായി നമ്മുടേതായ സമയത്ത് ജോലി ചെയ്യുക എന്നത് മനസ്സിന് സന്തോഷം തരുന്ന കാര്യവുമാണ്. അതേ രീതിയിലാണ് ഫ്രീലാന്‍സിങ് ജോലികള്‍ നടത്തുന്നത്. ഫ്രീലാന്‍സര്‍ ആയി നിങ്ങള്‍ക്ക് നിരവധി ജോലികള്‍ ചെയ്യാനാകും. കണ്ടന്‍റ് റൈറ്റിങ്, ഗ്രാഫിക്ക് ഡിസൈന്‍, വെബ് ഡെവെലപ്പര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, വീഡിയോ എഡിറ്റിങ്, ഫോട്ടോ എഡിറ്റിങ്, വിവര്‍ത്തനം എന്നിവയാണ് അവയില്‍ ചിലത്.

പല കമ്പനികളും അവരുടെ വെബ്സൈറ്റ് മെച്ചപ്പെടുത്താനായി നല്ല കന്‍റണ്ടുകള്‍ എഴുതാനുതകുന്ന എഴുത്തുകാരെ തേടുന്നുണ്ട്. അവരുടെ പരസ്യങ്ങള്‍ക്ക് ക്യാപ്ഷന്‍ എഴുതാനും, അവരുടെ ഉല്‍പന്നങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനും ജോലിക്കാരെ വയ്ക്കുന്നുണ്ട്. പല ഫ്രീലാന്‍സ് വെബ് സൈറ്റുകളും ഇത്തരം ജോലികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കണ്ടന്‍റ് റൈറ്റിങ്, കോപി റൈറ്റിങ്, ടെക്നിക്കല്‍ റൈറ്റിങ് എന്നിങ്ങനെ പല രീതിയീല്‍ എഴുത്ത് ജോലികള്‍ ലഭ്യമാണ്.

വെബ്സൈറ്റ് നടത്തുന്ന ആള്‍ക്കാര്‍ അവരുടെ വെബ്സൈറ്റും ആപ്ലിക്കേഷനുകളും ഡിസൈന്‍ ചെയ്യാനായിട്ട് ഗ്രാഫിക്ക് ഡിസൈനെര്‍, വെബ് ഡിസൈനെര്‍ അറിയുന്ന ആള്‍ക്കാരെ അന്വേഷിക്കുന്നുണ്ട്. നിങ്ങള്‍ക്കും അത്തരം പ്രാഗത്ഭ്യം ഉണ്ടെങ്കില്‍ അതിലൂടെയും വരുമാനം ഉണ്ടാക്കാവുന്നതാണ്.

പല തരം ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യാന്‍ വേണ്ടിയുള്ള ജോലികളും സുലഭമാണ്. വെറും മൊബൈലില്‍ പോലും ചെയ്യാന്‍ പറ്റുന്ന ഇത്തരം ജോലികള്‍ ചെയ്തും ഏതൊരു വിദ്യാര്‍ത്ഥിക്കും വരുമാനം ഉണ്ടാക്കാം.

ഇതുപോലെത്തന്നെ എളുപ്പമുള്ള ജോലിയാണ് വിവര്‍ത്തനം എന്നത്. ബഹുഭാഷാ പ്രവീണ്യം ഉള്ളവര്‍ക്ക് ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു കൊടുക്കുന്ന ജോലിയും ഫ്രീലാന്‍സര്‍ ആയിട്ട് ചെയ്യാവുന്നതാണ്.

6. നമ്മുടെ ടാലന്‍റ്  (Sell talent)

നിങ്ങള്‍ ഫോട്ടോഗ്രാഫിയില്‍ പ്രാഗത്ഭ്യം തെളിയിച്ച ആളാണോ? അതോ പേപ്പറുകൊണ്ടോ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചോ കരകൌശല വസ്തുക്കള്‍,ഉണ്ടാക്കാന്‍ അറിയുന്ന ആളാണോ? എങ്കില്‍ നിങ്ങളുടെ ഇത്തരം കഴിവുകള്‍ കൊണ്ട് ഉണ്ടാക്കുന്ന സാധനങ്ങള്‍ വിറ്റു അതൊരു വരുമാനമാര്‍ഗം ആക്കാം.

ഫോട്ടോഗ്രാഫി ഇഷ്ടമുള്ള ആള്‍ക്ക്, അതിന്‍റെ വശങ്ങള്‍ അറിയുന്ന ഒരാള്‍ക്ക് വിലകൂടിയ ക്യാമറ വേണ്ടിവരില്ല അയാളുടെ കഴിവുകള്‍ തെളിയിക്കാന്‍. ഒരു ഉയര്‍ന്ന നിലവാരമുള്ള ഫോണ്‍ ക്യാമറയും എഡിറ്റിങ് ചെയ്യാനുള്ള ആപ്ലിക്കേഷനും ഉണ്ടായാല്‍ മതി. ഇങ്ങനെ എടുക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വില്‍ക്കാം. പലരും അത് വാങ്ങുന്നതിന് അനുസരിച്ചുള്ള വില നിങ്ങള്‍ക്ക് തരും.

ഇനി ചിലര്‍ക്ക് കരകൌശല വസ്തുക്കള്‍ ഉണ്ടാക്കുന്നതിലാവും കഴിവ്. അവര്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്‍റെര്‍നെറ്റില്‍ വില്‍പ്പന നടത്തി വരുമാനം ഉണ്ടാക്കാവുന്നതാണ്. അത് ഈ-കൊമേഴ്സ് രീതിയില്‍ ആമസോണ്‍ പോലുള്ള സൈറ്റ് വഴി വില്‍ക്കാം. അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ക്ലൈന്‍റ്സിനെ സമ്പാദിക്കാം. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പം തന്നെ മറ്റ് കഴിവുകള്‍ വളര്‍ത്തുകയും അതുവഴി വരുമാനം ഉണ്ടാക്കുകയും ചെയ്യാം.

7. ഓണ്‍ലൈന്‍ കോഴ്സുകള്‍  (Online courses)

അറിവ് നേടാന്‍ മനുഷ്യന്‍ എപ്പോഴും ശ്രമിച്ചുക്കൊണ്ടിരിക്കുന്ന കാര്യമാണ്. പല ആളുകളും തങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കാനും പുതിയത് പഠിക്കാനുമായുള്ള ഉല്‍സാഹത്തില്‍ നടക്കുന്നവരാണ്. അവരെല്ലാവരും അവര്‍ക്കുതകുന്ന ഒരു കോഴ്സ് തേടിക്കൊണ്ടിരിക്കുകയാണ്. അത്തരം ഒരു കോഴ്സ് നമ്മുക്ക് നല്‍കാന്‍ സാധിച്ചാല്‍ അതും ഒരു വരുമാനമാര്‍ഗമായി നമുക്ക് മാറ്റാന്‍ കഴിയും.

കോഴ്സിന്‍റെ ഈ-ബുക്കുകള്‍ നിര്‍മ്മിച്ചോ, വീഡിയോകള്‍ നിര്‍മ്മിച്ചോ കോഴ്സുകള്‍ കൊടുക്കുന്ന സൈറ്റിലോ അല്ലെങ്കില്‍ സ്വന്തം സൈറ്റിലോ ഒക്കെ വിപണനം ചെയ്താല്‍ അതുവഴി വരുമാനം ഉണ്ടാക്കാന്‍ പറ്റും. പല സൈറ്റുകളും ഇത്തരം കാര്യങ്ങള്‍ക്ക് സഹായം ചെയ്തു തരുന്നുണ്ട്.

8. സ്വന്തം സംരംഭം (Startup)

ഇത്രയും പറഞ്ഞത് പുതിയകാല സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വരുമാനമാര്‍ഗം ആണ്. പക്ഷേ അതിലൂടെയല്ലാതെയും പണ്ടുള്ള വിദ്യാര്‍ത്ഥികള്‍ വരുമാനമാര്‍ഗം കണ്ടെത്തിയിട്ടുണ്ട്. പണ്ട് കാലത്ത് സ്കൂളില്‍ സൈക്കിള്‍ കൊണ്ടുവരുന്നവര്‍ ഹീറോയാണ്. സൈക്കിള്‍ ചവിട്ടാന്‍ ആഗ്രഹിക്കുന്ന കുട്ടികളില്‍ നിന്നും പണപ്പിരിവ് നടത്തി ഓരോ റൌണ്ട് ചവിട്ടാന്‍ കൊടുക്കുമായിരുന്നു പലരും.

ലോകപ്രശസ്ത ബിസിനസ്സുകാരനായ ഇലോണ്‍ മസ്ക് പഠനകാലത്ത് തന്‍റെ മുറിയുടെ വാടക കൊടുക്കാനായി ആ മുറി കൂട്ടുകാര്‍ക്ക് പാര്‍ട്ടി നടത്താനായി വാടകയ്ക്ക് കൊടുത്ത് വരുമാനമുണ്ടാക്കുമായിരുന്നു. ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര പഠന കാലത്ത് തന്നെ തന്‍റെ കൂട്ടുകാര്‍ക്ക് വേണ്ടി പുസ്തകം ബൈണ്ട് ചെയ്ത് കൊടുത്ത് അതില്‍ നിന്നും തനിക്ക് വേണ്ടുന്ന വരുമാനം കണ്ടെത്തുമായിരുന്നു. സ്വയം സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലും വല്ല്യ മാതൃകകള്‍ ഇല്ല.

നിങ്ങളില്‍ എന്താണോ കൂടുതലായി തോന്നുന്നത്, അത് വില്‍ക്കുകയോ അല്ലെങ്കില്‍ വാടകയ്ക്ക് കൊടുത്തോ പണം നേടാം. ബിരുധ വിദ്യാര്‍ത്ഥികള്‍ക്ക് ടെക്സ്റ്റ് ബുക്കുകള്‍ ഒക്കെ ഫോട്ടോസ്റ്റാറ്റ് എടുത്തു കൊടുക്കാന്‍ വേണ്ടി ഫോട്ടോസ്റ്റാറ്റ് കടക്കാരനുമായി സംസാരിച്ച് ഒരു ധാരണയിലെത്തിയാല്‍ അതില്‍ നിന്നും വരുമാനം ഉണ്ടാക്കാം. ബൈക്കോ കാറോ ക്യാമറയോ ഒക്കെ റെന്‍റിന് കൊടുത്തും വരുമാനം ഉണ്ടാക്കാം.

ഇങ്ങനെ ഇക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനമുണ്ടാക്കാനുള്ള വഴികള്‍ അനവധിയാണ്. പലരും ചതിക്കുഴികളിലും ചെന്നു പെടാറുണ്ട്. ഒരു മുതിര്‍ന്ന ആളുടെ നിര്‍ദേശങ്ങളും സ്വീകരിച്ച് കാര്യങ്ങള്‍ ചെയ്യുന്നത് ഉത്തമമായിരിക്കും.

9. ട്യൂഷന്‍ ക്ലാസ്സ് (Tution class)

വിദ്യ പകര്‍ന്നു കൊടുക്കുക എന്നത് പുണ്യമായി കരുത്തുന്ന നാടാണ് നമ്മുടേത്. പല വിദ്യാര്‍ത്ഥികള്‍ക്കും തങ്ങള്‍ പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്ത് അവരെ പഠിപ്പിക്കാനുള്ള പാടവം കാണും. ആ കഴിവ് വരുമാനമാക്കി മാറ്റാം. മറ്റ് കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്താല്‍, അതിന്‍റെ ഫീസ് ആയി കിട്ടുന്നത് ഒരു വരുമാനം ആണ്.

മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ താഴത്തെ ക്ലാസ്സിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു കൊടുക്കാം. ഡിഗ്രി കഴിഞ്ഞ് ജോലിയൊന്നുമാവാതെ ഇരിക്കുന്ന സമയത്തും +2 വരെയുള്ളവരെ പഠിപ്പിച്ചാല്‍ അതൊരു ജോലിയായും, അതിലൂടെ വരുമാനവും ഉണ്ടാക്കാം.

ഇപ്പോള്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പല തരത്തിലുള്ള കമ്പനികളും ഇപ്പോള്‍ ട്യൂഷന്‍ ആപ്പുകള്‍ തുടങ്ങുന്നുണ്ട്. അവിടെയൊക്കെ പഠിപ്പിക്കാന്‍ അദ്ധ്യാപകരുടെ സ്ഥാനത്ത് ആള്‍ക്കാരെ ആവശ്യവുമുണ്ട്. അതിലൊക്കെ ചേരുകയാണെങ്കില്‍ മുഴുനീള ജോലിയായി തന്നെ തുടരാവുന്നതുമാണ്. ഓണ്‍ലൈന്‍ ട്യൂഷന് വീട്ടില്‍ നല്ല ഒരു കമ്പ്യൂട്ടറും അത്യാവശ്യം നല്ല നെറ്റ് കണക്ഷനും ഉണ്ടായിരിക്കേണ്ടതാണ്.

10. ഓൺലൈൻ അസൈൻമെന്‍റ് (Online assignment)

ഓൺലൈൻ ട്യൂഷൻ പോലെ തന്നെ ഇപ്പോൾ ആവശ്യകതയുള്ള ഉള്ള കാര്യമാണ് ഓണ്‍ലൈന്‍ അസൈന്‍മെന്‍റ്. വിവിധ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവിടത്തെ സ്ഥാപനങ്ങൾ അസൈൻമെന്‍റ് കൊടുക്കും. അവർ അത് ഒരു സൈറ്റിൽ അതിന്‍റെ വിശദവിവരങ്ങൾ വച്ച് ആർക്കെങ്കിലും ചെയ്തു കൊടുക്കാൻ പറ്റുമോ എന്ന് അന്വേഷിക്കും. അതിനുള്ള പണവും അവർ നിശ്ചയിച്ചിട്ടുണ്ടാകും. കാര്യം, അവർക്ക് പണിയെടുക്കാതെ അസൈന്‍മെന്‍റ് ചെയ്തു കിട്ടുകയും അത് ചെയ്ത് കൊടുക്കാന്‍ പറ്റുമെങ്കില്‍ അതുവഴി നമുക്ക് വരുമാനവും ആകും.

ഇത്തരം അസൈൻമെന്‍റ് ജോലികൾ ചെയ്തു കൊടുത്തു ഒരു വിദ്യാർഥിക്ക് വരുമാനമുണ്ടാക്കാം. ആവശ്യത്തിനുള്ള പ്രാവീണ്യം ആ മേഖലയില്‍ ഉണ്ടാകകണമെന്ന് മാത്രം.


0 comments: