2022, ഓഗസ്റ്റ് 28, ഞായറാഴ്‌ച

കാലിക്കറ്റ് ബിരുദ പ്രവേശനം; മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

 

കാലിക്കറ്റ് സര്‍വകലാശാലയുടെ 2022-23 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും അതത് കോളജില്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് മൂന്ന് മണിക്കുളളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരം അഡ്മിഷന്‍ എടുക്കണം.പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ മാന്‍ഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളജുകളില്‍ പ്രവേശനം എടുക്കേണ്ടത്. അലോട്ട്മെന്റ് ലഭിച്ചവര്‍ക്കും അല്ലാതെയുള്ള അഡ്മിഷന്‍ ലഭിച്ചവര്‍ക്കും മാന്‍ഡേറ്ററി ഫീസ് അടയ്ക്കാനുള്ള സൗകര്യം ആഗസ്റ്റ് 29 മുതല്‍ ലഭ്യമായിരിക്കും. സ്റ്റുഡന്റ് ലോഗിന്‍ വഴിയാണ് മാന്‍ഡേറ്ററി ഫീസ് അടക്കേണ്ടത്.

മൂന്നാം അലോട്ട്മെന്റിനു ശേഷം എല്ലാ വിദ്യാര്‍ഥികളും സ്ഥിരം അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഓരോ കോളജിലും രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം താല്കാലിക അഡ്മിഷന്‍ എടുത്തിട്ടുളളവരും എന്നാല്‍ മൂന്നാം അലോട്ട്മെന്റില്‍ മാറ്റമൊന്നും ലഭിക്കാത്ത എല്ലാവരും സ്ഥിരം അഡ്മിഷന്‍ എടുക്കേണ്ടതാണ്. പ്രവേശനത്തിന് ഹാജരാകുന്നതിന് മുന്‍പ് കോളജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവര്‍ നിര്‍ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തി കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് സ്ഥിരം അഡ്മിഷന്‍ എടുക്കാന്‍ അവസരം ലഭിക്കുന്നതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അഡ്മിഷന്‍ പ്രക്രിയകളിലേക്ക് പരിഗണിക്കുന്നതായിരിക്കും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായയവര്‍ തുടര്‍ന്ന് വരുന്ന അഡ്മിഷന്‍ പ്രക്രിയകളിലേക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കില്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷനുകള്‍ റദ്ദ് ചെയ്യേണ്ടതാണ്.

0 comments: