2022, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

വിദ്യാര്‍ഥികളെ അടിമുടി വലച്ച്‌ കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷ

 

വിദ്യാര്‍ഥികളെ അടിമുടി വലച്ച്‌ കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷയായ സി.യു.ഇ.ടി. പരീക്ഷത്തീയതി മാറ്റം, അവസാന നിമിഷം കേന്ദ്രങ്ങളില്‍ മാറ്റം, വിദൂര കേന്ദ്രങ്ങള്‍, പുനഃപരീക്ഷ തീയതികളിലെ അവ്യക്തത തുടങ്ങിയ ബുദ്ധിമുട്ടുകളാണ് പരീക്ഷയുടെ നാലാംഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ നേരിട്ടത്.

പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷനോ (യു.ജി.സി) നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയോ (എന്‍.ടി.എ) ഔദ്യോഗികമായി അറിയിച്ചില്ലെന്നാണ് ആക്ഷേപം. അപേക്ഷിച്ച സ്ഥലത്ത് പരീക്ഷയെഴുതാമെന്ന് കരുതിയവരാണ് വെട്ടിലായത്. 150 കിലോമീറ്റര്‍ അകലെയുള്ള പരീക്ഷകേന്ദ്രങ്ങളാണ് പലര്‍ക്കും അനുവദിച്ചത്. അത് അഡ്മിറ്റ് കാര്‍ഡ് കിട്ടുമ്പോൾ മാത്രമാണ് അറിയുന്നത്. രാവിലെ എട്ടരക്കു മുമ്പ്  പരീക്ഷകേന്ദ്രത്തിലെത്തണമെന്ന അറിയിപ്പ് പലരുടെയും പരീക്ഷമോഹത്തെ കെടുത്തി. അഡ്മിറ്റ് കാര്‍ഡില്‍ കാണിച്ച സ്‍ഥലത്ത് പരീക്ഷ എഴുതാനാകാത്തവരും ഉണ്ട്. അവസാന നിമിഷം പരീക്ഷാര്‍ഥികളെ അറിയിക്കാതെ സെന്റര്‍ മാറ്റിയതാണ് ചിലര്‍ക്ക് വിനയായത്. അഡ്മിറ്റ് കാര്‍ഡ് സമയത്ത് ലഭിക്കാഞ്ഞതാണ് പരാതികളില്‍ ഗൗരവമുള്ള മറ്റൊന്ന്.

ബുധനാഴ്ച രാത്രിവരെ അഡ്മിറ്റ് കാര്‍ഡ് ലഭ്യമല്ലാതിരുന്നവര്‍ക്ക് വ്യാഴാഴ്ച രാവിലെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞു. പരീക്ഷ ആരംഭിച്ചു എന്നറിയാന്‍ മാത്രമാണത് ഉപകാരപ്പെട്ടതെന്ന് വിദ്യാര്‍ഥിയായ നിഖില്‍ മിശ്ര പ്രതികരിച്ചു. എന്നാണ് തങ്ങള്‍ക്കുള്ള പരീക്ഷ നടത്തുക എന്നതിലെ അവ്യക്തത നാലാംഘട്ടത്തിലെത്തിയപ്പോഴും നീങ്ങുന്നില്ല. ചിലര്‍ക്ക് ആഗസ്റ്റ് 18, 25 തീയതികളില്‍ പരീക്ഷകള്‍ നടത്തുമെന്ന് ആഗസ്റ്റ് 14 ന് ഇ-മെയില്‍ ലഭിച്ചിരുന്നു. ആഗസ്റ്റ് 16ന് വെബ്‌സൈറ്റില്‍ മറ്റൊരു അറിയിപ്പെത്തി. ഒന്നുകില്‍ ആഗസ്റ്റ് 18ന് പരീക്ഷ എഴുതാം അല്ലെങ്കില്‍ ആഗ്രഹിക്കുന്ന നഗരത്തില്‍ കേന്ദ്രം വേണമെങ്കില്‍ ആഗസ്റ്റ് 30ലേക്ക് മാറ്റാം. അത് തിരഞ്ഞെടുത്തവര്‍ ഇനി അന്ന് പരീക്ഷ വിചാരിച്ചപോലെ നടക്കുമോ എന്ന ആശങ്ക പങ്കിട്ടു.സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബുധനാഴ്ച 13 കേന്ദ്രങ്ങളില്‍ പരീക്ഷ റദ്ദാക്കിയിരുന്നു. ഇവര്‍ക്ക് ആഗസ്റ്റ് 25ന് വീണ്ടും പരീക്ഷക്ക് അവസരം ലഭിക്കുമെന്നാണ് യു.ജി.സി അറിയിപ്പ്.

0 comments: