2022, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കില്ല; വിശദീകരണവുമായി കേന്ദ്രം

 

ഇന്ത്യയില്‍ 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകളുടെ വില്‍പന നിരോധിക്കില്ലെന്ന് കേന്ദ്രം.രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പനയുള്ള ചൈനീസ് ബജറ്റ് മൊബൈല്‍ ഫോണുകള്‍ നിരോധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബജറ്റ് ഫോണുകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയില്‍ ചൈനീസ് കുത്തക തകര്‍ക്കാനാണ് നീക്കമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നത്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചൈനീസ് മൊബൈല്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത്തരം സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന 12,000 രൂപയില്‍ താഴെയുള്ള ഹാന്‍ഡ്‌സെറ്റുകളുടെ വില്‍പന നിരോധിക്കാന്‍ നീക്കമില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാജ്യത്തെ ഇലക്‌ട്രോണിക് വ്യവസായത്തില്‍ ഇന്ത്യന്‍ കമ്പ നികള്‍ക്കും പങ്കുണ്ട്. എന്നാല്‍ വിദേശ ബ്രാന്‍ഡുകളെ ഒഴിവാക്കുക എന്നല്ല ഇതിനര്‍ഥം. കയറ്റുമതി വര്‍ധിപ്പിക്കണമെന്നാണ് ഈ കമ്പനികളോട് ഞങ്ങള്‍ ആവശ്യപ്പെട്ടത്. വിതരണ ശൃംഖല കൂടുതല്‍ സുതാര്യവും തുറന്നതുമായിരിക്കണം. 12,000 രൂപയില്‍ താഴെയുള്ള ഫോണുകള്‍ നിരോധിക്കാനുള്ള ഒരു നീക്കവുമില്ല. ഇത്തരമൊരു വാര്‍ത്ത എവിടെനിന്നാണ് വന്നതെന്ന് അറിയില്ലെന്നും ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐ.ടി സഹമന്ത്രി പറഞ്ഞു

രാജ്യത്തെ എന്‍ട്രി-ലെവല്‍ വിപണി തകരുന്നതു ഷഓമി ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാകുമായിരുന്നു. കോവിഡിനെ തുടര്‍ന്നു ചൈനയിലെ ആഭ്യന്തര വിപണിയില്‍ മാന്ദ്യമുണ്ടായതോടെ ഇന്ത്യയെ ആശ്രയിച്ചാണ് ഈ കമ്പനികളുടെ നിലനില്‍പ്.


0 comments: