2022, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി എലഗന്റ് കാര്‍ഡ്

ഡ്രൈവിങ് ലൈസന്‍സും ആര്‍.സി. ബുക്കും അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സും കൂടുതല്‍ മികവുറ്റ എലഗന്‍സ് കാര്‍ഡിലേക്ക് മാറ്റുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

കോഴിക്കോട് ടൗണ്‍ഹാളില്‍ ഗതാഗത വകുപ്പ് അദാലത്ത് 'വാഹനീയം 2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലൈസന്‍സുകളും ആര്‍.സികളും ഇന്നും പഴഞ്ചന്‍ രൂപത്തിലാണ് വിതരണം ചെയ്യുന്നത്. അന്താരാഷ്ട്ര പെര്‍മിറ്റുകളും കൊണ്ടുനടക്കാന്‍ കഴിയാത്ത കോലത്തിലാണ്. സ്മാര്‍ട്ട് കാര്‍ഡുകളെക്കാള്‍ മികച്ച നിലവാരമുള്ള എലഗന്റ് കാര്‍ഡുകള്‍ സെപ്റ്റംബര്‍ മുതല്‍ നടപ്പാക്കിത്തുടങ്ങും. നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ എലഗന്റ് കാര്‍ഡിലേക്ക് മാറ്റാന്‍ സൗകര്യവുമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

വാഹനസംബന്ധമായ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിയമങ്ങള്‍കൂടി ബാധകമാണ്. അത് നമുക്കായി മാറ്റംവരുത്താന്‍ കഴിയില്ല. ബി.പി.എല്ലുകാരനായ ഒരാള്‍ ജീവിക്കാനായി ബാങ്ക് വായ്പയെടുത്ത് ഓട്ടോറിക്ഷയോ മീന്‍ കച്ചവടത്തിനായി ടൂ വീലറോ വാങ്ങിയാല്‍ അയാള്‍ എ.പി.എല്ലുകാരനാകുമെന്നതാണ് കേന്ദ്രനിയമം. കേരളത്തെ സംബന്ധിച്ച്‌ ഇത് അശാസ്ത്രീയമാണ്. അതില്‍ മാറ്റംവരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാഹന നികുതിയിളവു നല്‍കുന്ന വിഭാഗത്തില്‍ ഓട്ടിസം ബാധിച്ച കുട്ടികളെകൂടി ഉള്‍പ്പെടുത്താനും അവരുടെ മാതാപിതാക്കള്‍ വാങ്ങുന്ന ഒമ്പതു ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. അടുത്തകാലം വരെ ഏഴ് ലക്ഷം രൂപയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

0 comments: