നാവികസേനയില്‍ പ്ലസ്ടു, ബിടെക് കേഡറ്റ് എന്‍ട്രി സ്‌കീമിലൂടെ സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനവും ഓഫീസറായി ജോലിയും നേടാന്‍ അവിവാഹിതരായ യുവാക്കള്‍ക്ക് അവസരം.കോഴ്‌സ് 2023 ജനുവരിയിലാരംഭിക്കും. പഠന പരിശീലനങ്ങള്‍ കേരളത്തിലെ ഏഴിമല നാവിക അക്കാഡമിയിലാണ്. എക്‌സിക്യൂട്ടീവ്, ടെക്‌നിക്കല്‍ ബ്രാഞ്ചില്‍ 31 ഒഴിവുകളും എഡ്യുക്കേഷന്‍ ബ്രാഞ്ചില്‍ 5 ഒഴിവുകളുമാണുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.in ല്‍ ലഭിക്കും.
യോഗ്യത
- ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാര്‍ക്കില്‍കുറയാതെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം.
- പത്ത് അല്ലെങ്കില്‍ പന്ത്രണ്ടാല്‍ ക്ലാസ് പരീക്ഷയില്‍ ഇംഗ്ലീഷിന് 50% മാര്‍ക്കില്‍ കുറയാതെ വേണം.
- 2023 ജൂലൈ രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.
- ബിഇ/ബിടെക് പ്രവേശനത്തിനായുള്ള ജെഇഇ മെയിന്‍ 2022 ല്‍ യോഗ്യത നേടിയിരിക്കണം.
- മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടാകണം.
അപേക്ഷ ഓണ്‍ലൈനായി ഓഗസ്റ്റ് 28 നകം സമര്‍പ്പിക്കേണ്ടതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി.
സെലക്ഷന്‍
ജെഇഇ മെയിന്‍ 2022 ഓള്‍ ഇന്ത്യ റാങ്കടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് ഭോപ്പാല്‍, കൊല്‍ക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളിലായി സെപ്തംബര്‍/ഒക്‌ടോബറില്‍ ടെസ്റ്റ്/ഇന്റര്‍വ്യു നടത്തി തെരഞ്ഞെടുക്കും. ആദ്യമായി ഇന്റര്‍വ്യുവില്‍ പങ്കെടുക്കുന്നവര്‍ക്ക് എസി-3 ടയര്‍ റെയില്‍ഫെയര്‍ ലഭിക്കും. എസ്‌എസ്ബി ഇന്റര്‍വ്യുവില്‍ മികവ് കാട്ടുന്നവരുടെ മെരിറ്റ് ലിസ്റ്റ്തയ്യാറാക്കിയാണ് കേഡറ്റുകളെ നിയമിക്കുക.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലുവര്‍ഷത്തെ ബിടെക് കോഴ്‌സില്‍ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ചുകളിലാണ് പഠനാവസരം. വിജയികള്‍ക്ക് 'ജെഎന്‍യു'- ബിടെക് ബിരുദം സമ്മാനിക്കും. പഠന പരിശീലന ചെലവുകള്‍ നാവികസേന വഹിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 56100 രൂപ അടിസ്ഥാന ശമ്ബളത്തില്‍ ഓഫീസറായി നിയമിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
0 comments: